ലളിതസംഗീതത്തിന്‍റെ ചക്രവര്‍ത്തി
നിരവധി അനശ്വര ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച എം ജി രാധാകൃഷ്ണൻ 70-ാം പിറന്നാൾ ആഘോഷിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കവെയാണ് 2010 ജൂലൈ 2ന് ഈ ലോകത്തോടു വിട പറഞ്ഞത്.
1940 ജൂലൈ 29ന് പ്രശസ്ത ഹാർമോണിസ്റ്റും ശാസ്ത്രീയ സംഗീതജ്ഞനുമായിരുന്ന മലബാർ ഗോപാലൻ നായരുടേയും ഗായികയും സംഗീതാധ്യാപികയുമായിരുന്ന കമലാക്ഷിയമ്മയുടേയും മകനായി ജനിച്ച എം.ജി.രാധാകൃഷ്ണൻ ചെറുപ്പം മുതൽ സംഗീതം അഭ്യസിച്ചു തുടങ്ങിയിരുന്നു. തിരുവനന്തപുരത്തെ സ്വാതിതിരുനാൾ സംഗീത അക്കാദമിയിൽ നിന്ന് സംഗീതഭൂഷണം കരസ്ഥമാക്കിയ ശേഷം കേരളത്തിനകത്തും പുറത്തുമായി നിരവധി സംഗീത കച്ചേരികളിൽ പങ്കെടുത്തു. ഒപ്പം, 1962 ൽ ആകാശവാണിയിൽ തംബുരു ആർട്ടിസ്റ്റായി തുടങ്ങി പിന്നീട് സംഗീത സംവിധായകനായും ദീർഘകാലം സേവനമനുഷ്‌ഠിച്ചു.
കാവാലം നാരായണപ്പണിക്കർ ഉൾപ്പെടെയുള്ള പ്രഗത്ഭരുമായി ആകാശവാണിയിലൂടെ നിരവധി ലളിതഗാനങ്ങൾ സൃഷ്ടിച്ചു. രാധയെ കാണാത്ത മുകിൽ വർണനോ… പി.ഭാസ്കരനെഴുതിയ മയങ്ങി പോയി ഒന്നു മയങ്ങി പോയീ…, പ്രാണസഖീ നിൻ മടിയിൽ…., ഓടക്കുഴല്‍വിളി ഒഴുകിയൊഴുകി വരും….,ഘനശ്യാമ സന്ധ്യാ ഹൃദയം…… മുതലായ എം.ജിയുടെ ലളിതഗാനങ്ങളാണ് കേരളത്തിലെ കലോത്സവ വേദികളില്‍ ഏറ്റവുമധികം ആലപിക്കപ്പെട്ടത്. 1969 ല്‍ പുറത്തിറങ്ങിയ കള്ളിച്ചെല്ലമ്മയിൽ കെ. രാഘവന്‍ ഈണം നല്‍കിയ ഉണ്ണി ഗണപതിയെ….ഗാനത്തിലൂടെ പിന്നണി ഗായകനായി തുടക്കം കുറിച്ചു. അരവിന്ദന്‍റെ ‘തമ്പി’ലൂടെ ആദ്യ സംഗീതസംവിധാനം നിർവഹിച്ചു. ഇതിനിടെ ശരശയ്യ, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, മണിച്ചിത്രത്താഴ്എന്നിവയിൽ പാടിയെങ്കിലും പാട്ടുകാരനായ എം.ജി രാധാകൃഷ്ണനേക്കാൾ ആസ്വാദകന് ഏറെ പ്രിയം അദ്ദേഹം സൃഷ്‌ടിച്ച ഈണങ്ങളെയും താളങ്ങളെയും രാഗങ്ങളെയുമായിരുന്നു. ലളിത സംഗീതത്തിന്റെ ചേരുവകൾ സിനിമാ സംഗീതത്തിലും പ്രയോഗിച്ച അദ്ദേഹം തുടർന്ന് നിരവധി ചിത്രങ്ങൾക്കു വേണ്ടി സംഗീതം പകർന്നു. സർവ്വകലാശാല, ഞാൻ ഏകനാണ്, അച്ഛനെയാണെനിക്കിഷ്ടം, മണിച്ചിത്രത്താഴ്, ദേവാസുരം, അദ്വൈതം, മിഥുനം, അഗ്നിദേവൻ, കണ്ണെഴുതി പൊട്ടുംതൊട്ട്, രക്തസാക്ഷികൾ സിന്ദാബാദ്, വെള്ളാനകളുടെ നാട്, കാറ്റ് വന്ന് വിളിച്ചപ്പോൾ, അനന്തഭദ്രം തുടങ്ങിയ നിരവധി സിനിമകളിൽ ശ്രദ്ധേയമായ പാട്ടുകൾ ചെയ്തിട്ടുള്ള അദ്ദേഹത്തെ തേടി കേരള സർക്കാരിന്റെ മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം രണ്ടു തവണയെത്തിയിട്ടുണ്ട്.
നാഥാ നീ വരും, ഓ മൃദുലേ……, എത്ര പൂക്കാലമിനി……, ഒരു ദലം മാത്രം…., പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന….., പഴം തമിഴ് പാട്ടിഴയും….., പാടുവാൻ ഓർമ്മകളിൽ…., അല്ലിമലർക്കാവിൽ……, നീലക്കുയിലേ ചൊല്ലൂ….., അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ…., സൂര്യ കിരീടം വീണുടഞ്ഞു….., വന്ദേമുകുന്ദ ഹരേ….. തുടങ്ങി ഇന്നും മലയാളികളുടെ ഇഷ്ടഗാനങ്ങളിൽ ഇടമുള്ള നിരവധി ഗാനങ്ങൾക്ക് അദ്ദേഹം ഈണമിട്ടു. യാനം, അഭയം, അന്നക്കുട്ടി കോടമ്പക്കം വിളിക്കുന്നു, നിധിയുടെ കഥ, പെരുവഴിയമ്പലം ചിത്രങ്ങളുടെ പശ്ചാത്തലസംഗീതവും നിർവഹിച്ചു.
കെ.എസ് ചിത്ര, ജി.വേണുഗോപാൽ, കെ.എസ് ബീന, അരുന്ധതി തുടങ്ങിയ ഗായകരെ അവതരിപ്പിച്ചു. ഗായകൻ എം.ജി ശ്രീകുമാർ, കർണാടക സംഗീതജ്ഞ ഡോ.ഓമനക്കുട്ടി എന്നിവർ സഹോദരങ്ങൾ. പത്മജയാണ് ഭാര്യ. 2020 ജൂൺ 15ന് ഹൃദയാഘാതത്തെ തുടർന്ന് പത്മജ അന്തരിച്ചു. ചെന്നെയിൽ സൗണ്ട് എഞ്ചിനീയറായ രാജകൃഷ്ണൻ, കാർത്തിക എന്നിവരാണ് മക്കൾ.2001ല്‍ അച്ഛനെയാണെനിക്കിഷ്ടം എന്ന ചിത്രത്തിലൂടെയും 2006ല്‍ അനന്തഭദ്രത്തിലൂടെയും മികച്ച സംഗീതസംവിധായകനായി കേരള സംസ്ഥാന പുരസ്കാരം നേടി. ചലച്ചിത്ര ഗാനരംഗത്തിനും ലളിത സംഗീത രംഗത്തിനും നിരവധി സംഭാവനകൾ നൽകിയ എംജി രാധാകൃഷ്ണൻ നമ്മെ വിട്ട് പിരിഞ്ഞപ്പോൾ കേരളത്തിന്റെ സംഗീതലോകത്തിന് അത് തീരാനഷ്ടം തന്നെയായിരുന്നു.
കടപ്പാട്