പൊന്മുരളിയൂതി മലയാളികളുടെ നെഞ്ചില്‍ ഇടം പിടിച്ച രഘുകുമാര്‍
ഈണമിട്ട പാട്ടുകളിലെല്ലാം സവിശേഷമായ സ്വന്തം സംഗീതമുദ്ര പതിപ്പിച്ച മലയാളികള്‍ക്ക് നിരവധി ഇഷ്ടഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനായിരുന്നു രഘുകുമാര്‍.
തൃപ്പൂണിത്തുറ കോവിലകം കേളപ്പൻ തമ്പുരാന്റെയും ഫറോക്ക് പൂതേരിൽ ഇല്ലത്തിൽ പി. കെ. ലീലാമ്മയുടെയും മകനായി 1953 ജൂൺ 13ന് ജനിച്ചു. ഏ.ആർ. റഹ്മാന്റെ അച്ഛൻ ആർ.കെ. ശേഖറിന്റെ കീഴിൽ പാട്ടുകാരനായി പ്രവേശിച്ചു. 1979 ൽ ഈശ്വര ജഗദീശ്വര എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തെത്തി. 30 ചിത്രങ്ങളിലായി 108 ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നു. രഘുകുമാറിന്റെ സംഗീതത്തിൽ നിറഞ്ഞുനിന്നത് ഈ മായാജാലമായിരുന്നു. എന്നാൽ ഏതാനും വർഷങ്ങൾ മാത്രമേ ആ സംഗീത സംവിധായകൻ സജീവമായി മലയാള സിനിമയിലുണ്ടായിരുന്നുള്ളൂ. ദൗർഭാഗ്യം മാറ്റിയെഴുതിയ സിനിമാ ജാതകത്തിൽ അദ്ദേഹത്തിന്റെ കരിയർഗ്രാഫ് എന്നും താഴെയായിരുന്നു. താളവട്ടം, ഹലോ മൈഡിയല്‍ റോംഗ് നമ്പര്‍, ശ്യാമ, ആര്യന്‍ തുടങ്ങിയ സിനിമകളിലെ ഗാനങ്ങള്‍ മാത്രം മതി.
1974-1990 വർഷങ്ങളിൽ ഒട്ടേറെ സിനിമകളിൽ സംഗീത സംവിധാനം നിർവഹിച്ച രഘുകുമാറിന്റെ ഗാനങ്ങൾ ഇന്നും മലയാളി ആർദ്രഗീതങ്ങളായി ഉള്ളിൽകൊണ്ടു നടക്കുന്നവയാണ്. എന്നാൽ പാട്ടുകൾക്കൊപ്പം ആ സംഗീത പ്രതിഭയെ കൂടി ഓർക്കാൻ മലയാളി മറന്നു. ഒരിക്കലും സിനിമാപാട്ടുകൾക്കു വേണ്ടി അവസരംതേടി പോയിട്ടില്ലാത്തതുകാണ്ടു തന്നെ, എണ്ണി പറയാൻ ഏറെ ചിത്രങ്ങളും അദ്ദേഹത്തെ തേടിവന്നില്ല. എന്നിട്ടും ഒരു കാലത്തു പ്രശസ്ത സംവിധായകരുടെ ചിത്രങ്ങളിൽ തുടർച്ചയായ സാന്നിധ്യമായിരുന്നു അദ്ദേഹം.
പ്രിയദർശന്റെ അരം + അരം = കിന്നരം, ബോയിങ് ബോയിങ്, ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ , ഹലോ മൈഡിയർ റോങ് നമ്പർ, താളവട്ടം, ചെപ്പ്, ആര്യൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ഈ കൂട്ടുകെട്ട് മലയാളിക്ക് സമ്മാനിച്ചത് എക്കാലത്തെയും മധുരിതമായ ഒരുപിടി മികച്ച ഗാനങ്ങളാണ്. ശ്യാമ, ആയിരം കണ്ണുകൾ, ധീര എന്നീ ചിത്രങ്ങളിലൂടെ ജോഷിചിത്രങ്ങളിലും സിബി മലയിലിനോടൊപ്പം മായാമയൂരത്തിലും ഈണമിട്ടു. ലാളിത്യവും പ്രസാദാത്മകതയുമായിരുന്നു രഘുവിന്റെ മിക്ക ഗാനങ്ങളുടെയും മുഖമുദ്ര. ഹിന്ദുസ്ഥാനി രാഗങ്ങളും കർണ്ണാടക സംഗീത രാഗങ്ങളും ഇടകലർന്ന പാട്ടുകളാണ് കൂടുതലും. സ്വതന്ത്ര സംഗീത സംവിധായകനാകും മുമ്പ് സിനിമാലോകത്തെ തിരക്കേറിയ തബലവാദകനായിരുന്നു.
സ്ത്രീ എന്ന ചിത്രത്തിലെ ഇന്നലെ നീയൊരു സുന്ദര രാഗമായെൻ….
ലോട്ടറി ടിക്കറ്റിലെ മനോഹരി നിൻ മനോരഥത്തിൽ….
അയോധ്യയിലെ കളഭത്തിൽ മുങ്ങിവരും വൈശാഖ രജനിയിൽ……
ജയൻ – നസീർ നായകന്മാരായ സർപ്പം എന്ന ചിത്രത്തിലെ സ്വർണ്ണ മീനിന്റെ ചേലൊത്ത കണ്ണാളെ …… എന്ന ഖവാലിയുടെ രംഗത്ത് തബലയിൽ ചടുലവേഗത്തിൽ മിന്നിമറയുന്ന വിരലുകളും രഘുവിന്റേതു തന്നെ.
ആറാം തമ്പുരാൻ എന്ന സിനിമയിലെ ഹരിമുരളീരവം…… എന്ന ഗാനത്തിൻ്റെ പശ്ചാത്തലത്തിൽ കേൾക്കുന്ന തബലയുടെ ”ബോൽ” (ചൊല്ല്) പാടിയതും രഘുകുമാർ ആണെന്ന് പലർക്കുമറിയില്ല. മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച ഹൊറര്‍ സിനിമകളിലൊന്നാണ് ലിസ. പ്രേംനസീര്‍, ജയന്‍, സീമ എന്നിവർ അഭിനയിച്ച ബേബിയുടെ സംവിധാനത്തില്‍ 1978ൽ പുറത്തിറങ്ങിയ ലിസ എന്ന ചിത്രത്തിൽ പ്രേംനസീറിന്റെ നായികയായി ലിസയില്‍ തിളങ്ങിയ ഭവാനിയാണ് രഘുകുമാറിൻ്റെ ഭാര്യ. ഈ ചിത്രത്തിൻ്റെ നിർമ്മാതാവും രഘുകുമാർ ആണ്. 2014 ഫെബ്രുവരി 20 ന് അന്തരിച്ചു.
രഘുകുമാര്‍ ഈണമിട്ട ഹിറ്റ് ഗാനങ്ങള്‍
🎸കൈക്കുടന്ന നിറയെ തിരുമധുരം തരും….
🎻ചെമ്പരത്തിപ്പൂവേ പൂവേ ചൊല്ല്…..
🎸പൂങ്കാറ്റേ പോയി ചൊല്ലാമോ…..
🎻ആമ്പല്ലൂരമ്പലത്തിൽ ആറാട്ട്……
🎸പൊൻവീണേ……
🎻പൊന്മുരളിയൂതും…..
🎸നീയെൻ കിനാവോ….
🎻നിന്നെയെൻ സ്വന്തമാക്കും…..
🎸ഈ നയനങ്ങൾ….
🎻ഒരു പുന്നാരം കിന്നാരം…..
🎸തൊഴുകൈ കൂപ്പിയുണരും…..
🎻മൃദുലേ ഇതാ….
🎸മെല്ലെ നീ മെല്ലെ വരൂ……
🎻കണ്ണാ ഗുരുവായൂരപ്പാ…….
🎸മധുമാസ ചന്ദ്രൻ……
🎻നിലാക്കായലോളം തുള്ളിയാടും……
🎸മാരിവില്ലിൻ ചിരകോടെ
🎻വസന്തം വന്നു അരികെ നിന്നു….
🎻 തുഷാരമുതിരും താഴ്‌വരയിൽ….
വിവരങ്ങള്‍ക്ക് കടപ്പാട്: വിവിധ മാധ്യമങ്ങള്‍