കവയത്രിയായ സിസ്റ്റർ മേരി ജോണ്‍തോട്ടം

കാല്പപ്പനിക കാലഘട്ടത്തിന്റെ ചാരുതകളെ കാവ്യ ഭാവങ്ങളിലിണക്കിച്ചേര്‍ത്ത് മലയാളകാവ്യ ലോകത്തിന് അനേകം സംഭാവനകള്‍ നല്‍കിയ എഴുത്തുകാരിയാണ് സിസ്റ്റർ മേരി ബനീഞ്ജ അഥവാ മേരി ജോൺ തോട്ടം. ‘ഹാൻഡ് ബുക്ക് ഓഫ് ട്വൻറിയത്ത് സെഞ്ചുറി ലിറ്ററേചേഴ്സ് ഓഫ് ഇൻഡ്യ’ എന്ന ഗ്രന്ഥത്തിൽ ഇരുപതാം നൂറ്റാണ്ടിലെ മലയാള സാഹിത്യത്തിലെ പ്രമുഖരിൽ ഒരാളായി സിസ്റ്റർ ബനീഞ്ജയെ വിശേഷിപ്പിച്ചിരിക്കുന്നു.

മാർത്തോമാ വിജയം മഹാകാവ്യം, ഗാന്ധിജയന്തി മഹാകാവ്യം എന്നിങ്ങനെ രണ്ട് മഹാകാവ്യങ്ങൾ എഴുതിയിട്ടുണ്ട്. 1899 നവംബർ 6 ന്‌ ഏറണാകുളം ജില്ലയിൽ ഉൾപ്പെട്ട ഇലഞ്ഞിയിലെ തോട്ടം കുടുംബത്തിൽ ഉലഹന്നാന്റേയും മാന്നാനം പാട്ടശ്ശേരിൽ മറിയാമ്മയുടേയും മകളായി ജനിച്ചു. ആശാൻ കളരിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മാന്നാനം സ്കൂളിലും, മൂത്തോലി കോൺവെന്റ് സ്കൂളിൽ നിന്നും വെർണാക്കുലർ സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്തു. തുടർന്ന് വടക്കൻ പറവൂരിലെ സെന്റ് തോമസ് പ്രൈമറി സ്കൂളിൽ അദ്ധ്യാപികയായി പ്രവർത്തിച്ചു.

രണ്ട് വർഷത്തിനുശേഷം കൊല്ലം ഗവണ്മെന്റ് മലയാളം സ്കൂളിൽ ചേരുകയും മലയാളം ഹയർ പരീക്ഷ പാസ്സാകുകയും ചെയ്തു. അതിനുശേഷം വടക്കൻ പറവൂരിൽ സ്ഥിതിചെയ്തിരുന്ന ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അദ്ധ്യാപികയാകുകയും ചെയ്തു. 1922-ൽ കുറുവിലങ്ങാട് കോൺവെന്റ് മിഡിൽ സ്കൂളിൽ അദ്ധ്യാപിക ആകുകയും പിറ്റേ വർഷം മുതൽ പ്രാഥമിക അദ്ധ്യാപിക ആകുകയും ചെയ്തു. 1928 ജൂലൈ 16 ന്‌ കർമ്മലീത്ത സന്യാസിനി സഭയിൽ അംഗമായി ചേരുകയും ‘സിസ്റ്റർ മേരി ബനീഞ്ജ’ എന്ന പേര്‌ സ്വീകരിക്കുകയും ചെയ്തു.

1950-ൽ ഇലഞ്ഞി ഹൈസ്കൂളിലേക്ക് സ്ഥലം മാറുകയും 1961-ൽ അദ്ധ്യാപക വൃത്തിയിൽ നിന്നും വിരമിക്കുകയും ചെയ്തു.1985 മെയ് 21ന്‌ നിര്യാതയായി.”ഗീതാവലി” എന്ന ആദ്യ കവിതാ സമാഹാരം മഹാകവി ഉള്ളൂരിന്റെ അവതാരികയോടുകൂടി 1927-ൽ പ്രസിദ്ധീകരിച്ചതോടെ ഒരു കവയിത്രി എന്ന നിലയിൽ അംഗീകാരം ലഭിച്ചു. സന്ന്യാസി മഠത്തിൽ ചേരുന്നതിന് മുൻപായി രചിച്ച “ലോകമേ യാത്ര” എന്ന കവിത പ്രസിദ്ധമാണ്. 1971-ൽ സാഹിത്യത്തിലെ സംഭാവന പരിഗണിച്ച് മാർപ്പാപ്പ “ബെനേമെരേന്തി” എന്ന ബഹുമതി നൽകി ആദരിച്ചു. കേരള കത്തോലിക്ക അൽമായ അസ്സോസിയേഷൻ 1981 ചെപ്പേട് നൽകിയും സിസ്റ്റർ മേരി ബനീഞ്ജയെ ആദരിച്ചു. തിരഞ്ഞെടുത്ത കവിതകളുടെ ആദ്യസമാഹാരമായ തോട്ടം കവിതകൾ 1973-ലും രണ്ടാമത്തെ സമാഹാരം ലോകമേ യാത്ര ഇവരുടെ മരണാനന്തരം 1986-ലും ആത്മകഥയായ വാനമ്പാടി 1986-ലും പ്രസിദ്ധീകരിക്കപ്പെട്ടു.


കൃതികൾ : ഗീതാവലി, ലോകമേ യാത്ര, കവിതാരാമം, ഈശപ്രസാദം, ചെറുപുഷ്പത്തിന്റെ ബാല്യകാലസ്മരണിക, വിധി വൈഭവം, ആത്മാവിന്റെ സ്നേഹഗീത, അദ്ധ്യാത്മിക ഗീത, മാഗ്ഗി, മധുമഞ്ജരി, ഭാരത മഹാലക്ഷ്മി, കവനമേള, മാർത്തോമാ വിജയം, കരയുന്ന കവിതകൾ, ഗാന്ധിജയന്തി, അമൃതധാര.

Leave a Reply

Your email address will not be published. Required fields are marked *