‘സഖാവ് മടങ്ങുന്നു’;
വി.എസ് വിടചൊല്ലി. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് അന്തരിച്ചു. 102 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് 3.20 നായിരുന്നു അന്ത്യം.
മൃതദേഹം ഇന്നലെ രാത്രി തിരുവനന്തപുരത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. ഇന്ന് രാവിലെ 9 മണിക്ക് ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. ഇന്ന് ഉച്ചയോടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. വൈകിട്ട് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.
നാളെ രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. അതിന് ശേഷം ആലപ്പുഴ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. ആലപ്പുഴയിലെ വലിയ ചുടുകാട് ശ്മശാനത്തില്‍ വൈകീട്ട് 4 മണിക്ക് സംസ്കാര ചടങ്ങുകള്‍ നടക്കും.
923 ഒക്ടോബര്‍ 20-നാണ് ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി വേലിക്കകത്ത് ശങ്കരന് അച്യുതാനന്ദന് എന്ന വി.എസ് അച്യുതാനന്ദന് ജനിച്ചത്. അച്ഛന്റെയും അമ്മയുടെയും മരണത്തെ തുടര്‍ന്ന് ഏഴാം ക്ലാസില്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചാണ് വി.എസ് തൊഴിലാളികള്‍ക്കിടയിലെത്തുന്നത്.
1946-ല്‍ നടന്ന പുന്നപ്ര-വയലാര്‍ പ്രക്ഷോഭമാണ്് അദ്ദേഹത്തെ പാര്‍ട്ടിയുടെ നേതൃതലത്തിലേക്ക് എത്താന്‍ സഹായിച്ചത്. 1957-ല്‍ കേരളത്തില്‍ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലെത്തുമ്പോള്‍ പാര്‍ട്ടി സംസ്ഥാന സമിതി അംഗമായിരുന്നു. 1967-ലാണ് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തുന്നത്.
പല തവണ നിയമസഭയില്‍ എത്തിയിട്ടും അധികാര സ്ഥാനങ്ങള്‍ വി.എസിന് ഏറെ അകലെയായിരുന്നു. പാര്‍ട്ടി ജയിക്കുമ്പോള്‍ വി.എസ് തോല്‍ക്കും, വി.എസ് ജയിക്കുമ്പോള്‍ പാര്‍ട്ടി തോല്‍ക്കും എന്നൊരു പ്രയോഗം തന്നെ ഇക്കാലയളവില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഈ പ്രയോഗത്തിന് അവസാനമിട്ട് 2006-ല്‍ എല്‍ഡിഎഫ് വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയും, വി.എസിനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയുമായിരുന്നു.