അപസര്‍പ്പക രചനകളുടെ റാണി അഗതാക്രിസ്റ്റി

ഹെര്‍ക്യൂള്‍ പൊയ്‌റോട്ട്, മിസ് മാര്‍പ്പിള്‍ എന്നീ അനശ്വര കുറ്റാന്വേഷകരെ വായനക്കാര്‍ക്ക് സമ്മാനിച്ച ബ്രിട്ടീഷ് നോവലിസ്റ്റും ചെറുകഥാകൃത്തും അപസര്‍പ്പക സാഹിത്യത്തിലെ തലവര മാറ്റിയെഴുതിയ അപസര്‍പ്പക രചനകളുടെ റാണിയാണ് അഗതാ ക്രിസ്റ്റി.

1890 സെപ്റ്റംബര്‍ 15ന് ജനിച്ചു. അഗത മേരി ക്ലാരിസ മില്ലര്‍ ക്രിസ്റ്റി എന്നായിരുന്നു മുഴുവന്‍ പേര്. 16 വയസുവരെ വീട്ടില്‍ തന്നെയായിരുന്നു വിദ്യാഭ്യാസം. 1914ല്‍ ആര്‍ച്ചീബാള്‍ഡ് എന്ന രാജസേനാംഗത്തെ അഗതാക്രിസ്റ്റി വിവാഹം കഴിച്ചു.

കോടിക്കണക്കിന് ആരാധകരുള്ള, ലോകത്ത് ഏറ്റവുമധികം വായിക്കപ്പെടുന്ന എഴുത്തുകാരിയാണ് അഗതാ ക്രിസ്റ്റി. 70 ഓളം ഡിറ്റക്ടീവ് നോവലുകളും നൂറിലധികം കഥകളും അഗതാ ക്രിസ്റ്റി എഴുതി. പതിനാല് നാടകങ്ങള്‍ രചിച്ചതില്‍ ദി മൗസ് ട്രാപ്പ് എന്ന നാടകം ലണ്ടനില്‍ മുപ്പതു വര്‍ഷത്തോളം തുടര്‍ച്ചയായി വേദിയില്‍ അവതരിപ്പിച്ചു. മേരി വെസ്റ്റ് മാക്കോട്ട് എന്ന തൂലികാനാമത്തില്‍ ആറ് റൊമാന്റിക് നോവലുകളും അവര്‍ എഴുതി. ക്രിസ്റ്റി മല്ലോവന്‍ എന്ന പേരില്‍ മറ്റ് 4 കൃതികള്‍കൂടി ഇവരുടേതായിട്ടുണ്ട്.

100ല്‍ അധികം ഭാഷകളിലേക്കാണ് അഗതാ ക്രിസ്റ്റിയുടെ രചനകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളത്‌. ലോകത്തേറ്റവുമധികം വായിക്കപ്പെടുന്ന സാഹിത്യകാരിയായി ഗിന്നസ് ബുക്കില്‍ ഇടം നേടിയ അഗതാ ക്രിസ്റ്റിയുടെ കൃതികള്‍ 200 കോടിയിലധികം കോപ്പികളാണ് ലോകമെമ്പാടും വിറ്റഴിഞ്ഞിട്ടുള്ളത്. ലോകത്തിലെ ഏറ്റവും മികച്ച മിസ്റ്ററി ത്രില്ലറായി അറിയപ്പെടുന്ന ഒടുവില്‍ ആരും അവശേഷിച്ചിട്ടില്ല എന്ന നോവല്‍ ഒരു കോടിയിലധികം കോപ്പികളാണ് വിറ്റഴിഞ്ഞത്.

അഗതാ ക്രിസ്റ്റിയുടെ ആദ്യനോവലാണ് ‘ദ മര്‍ഡര്‍ ഓണ്‍ ദ ലിങ്ക്‌സ്’. ഹെര്‍ക്യൂള്‍ പൊയ്‌റോട്ട് എന്ന പ്രശസ്ത ബെല്‍ജിയന്‍ ഡിറ്റക്ടീവീവിലൂടെ വികസിക്കുന്ന നോവലാണ് ദ മര്‍ഡര്‍ ഓണ്‍ ദ ലിങ്ക്‌സ്. 1921ല്‍ പ്രസിദ്ധീകരിച്ച ഈ നോവലിലൂടെയാണ് അഗതാ ക്രിസ്റ്റി എന്ന നോവലിസ്റ്റിനെ ലോകം അറിഞ്ഞുതുടങ്ങിയത്. മാത്രമല്ല വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ആഖ്യാനമികവാണ് ഈ നോവലിലൂടെ അഗത തെളിയിച്ചത്. പിന്നീട് 1922ല്‍ രണ്ടാമത്തെ ഡിറ്റക്ടീവ് നോവല്‍ ‘രഹസ്യപ്രതിയോഗി’ പ്രസിദ്ധീകരിക്കപ്പെട്ടു. ഇതിലൂടെ അവര്‍ മറ്റൊരു ഡിറ്റക്ടീവിനെ പരിചയപ്പെടുത്തി മിസ്.ജെയ്ന്‍ മാര്‍പ്പിള്‍.

ബഹുഭൂരിപക്ഷം കുറ്റാന്വേഷണ നോവലിസ്റ്റുകളും പുരുഷന്മാരെ ഡിറ്റക്ടീവുകളായി അവതരിച്ചപ്പോള്‍ വിചിത്രസ്വഭാവിയായ ഒരു സ്ത്രീ ഡിറ്റക്ടീവായ മിസ്.മാര്‍പ്പിളിനെ അഗതാ ക്രിസ്റ്റി അവതരിപ്പിച്ചപ്പോള്‍ വായനക്കാര്‍ അതിനെ ഏറെ സന്തോഷത്തോടെ സ്വീകരിച്ചു. 1976 ജനുവരി 12ന് അന്തരിച്ചു.

കടപ്പാട് വിവിധമാധ്യമങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *