‘ഫെയ്സ്ബുക്ക് കുറിപ്പി’ലൂടെ ജീവിതം മാറ്റിമറിച്ച നീതു പോള്‍സണ്‍

നീതുപോള്‍സണ്‍… ആ പേര് അത്ര പെട്ടന്ന് മലയാളികള്‍ മറക്കാനിടയില്ല.. 5000 രൂപയ്ക്കും കല്യാണം നടത്താം എന്ന് നമ്മെ പഠിപ്പിച്ച വ്യക്തി.. കോറോണക്കാലത്ത് ആര്‍ഭാടം ഒഴിവാക്കിയുള്ള കല്യാണങ്ങള്‍ നാം നിരവധി കണ്ടു കഴിഞ്ഞു. എന്നാല്‍ കോറോണ വരുന്നതിന് മുന്‍പ് തന്‍റെ കൈവശം ഉണ്ടായിരുന്ന അയ്യായിരം രൂപ കൊണ്ട് തന്‍റെ കല്യാണ ചെലവ് നടത്തിയപ്പോള്‍ ആഢംബരകല്യാണം നടത്തി ശീലിച്ച നമുക്ക് നീതു അത്ഭുതം ആയിരുന്നു. എത്ര ഇല്ലായ്മകാരനാണെങ്കിലും കല്യാണ സാരിക്ക് പതിനായിരം രൂപയെങ്കിലും മുടക്കും. ആസ്ഥാനത്ത് 750 രൂപയുടെ സാരിയുടുത്തും കല്യാണം കഴിക്കാമെന്ന് നീതു നമ്മെ പഠിപ്പിച്ചത്.അന്ന് കല്യാണചെലവ് സംബന്ധിച്ച് നീതു എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. അന്നത് മുഖ്യധാരമാധ്യമങ്ങളിലൊക്കെ വാര്‍ത്ത അച്ചടിച്ച് വന്നിരുന്നു.


ഇന്ന് നീതു പോള്‍സണ്‍ എഴുത്തിന്‍റെ ലോകത്ത് തിരക്കിലാണ്. നീതുവിന്‍റെ വാക്കുകള്‍ക്ക് പൊന്നരിവാളിനേക്കാള്‍ മൂര്‍ച്ചയും തിളക്കവും ഉണ്ട്. ജീവതനാടകത്തില്‍ വെറുമൊരു കളിക്കാരിയായി മാത്രം നിന്നു കൊടുത്തപ്പോള്‍ ഒന്നും മാത്രം മനസ്സില്‍ നീതു ഉറപ്പിച്ചിരുന്നു. തോല്‍ക്കാന്‍ തനിക്ക് മനസ്സില്ല. ജീവിതത്തില്‍ ഉണ്ടായ പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള ഉള്‍ക്കരുത്ത് അങ്ങനെയാണ് നീതു നേടിയെടുത്തത്.


നീതുവിന്‍റെ ജീവിതത്തില്‍ വില്ലന്‍റെ പരിവേഷം കെട്ടിയത് വിധിയായിരുന്നു. അച്ഛന്‍റെയോ അമ്മയുടെയോ സ്നേഹപരിലാളനങ്ങളും സംരക്ഷണവും അനുഭവിക്കാനുള്ള ഭാഗ്യം കുഞ്ഞുനീതുവിന് ലഭിച്ചില്ല. അച്ഛനും അമ്മയും തമ്മിലുള്ള അസ്വാരസ്യം കാരണം ബന്ധം ആരംഭത്തില്‍ തന്നെ അവസാനിപ്പിക്കേണ്ടതായിട്ട് വന്നു.


നീതുവിന്‍റ അമ്മയ്ക്ക് വളരെ ചെറപ്പത്തില്‍ ഉണ്ടായ കുട്ടിയാണ് നീതു. മറ്റൊരുവിവാഹത്തിന് ബന്ധുജനങ്ങള്‍ നിര്‍ബന്ധിച്ചപ്പോള്‍ ആ അമ്മയക്ക് സമ്മതിക്കേണ്ടതായിട്ടുവന്നു. ബന്ധുക്കളുടെ കാരുണ്യത്തിലാണ് നീതുവിന്‍റെ ജീവിതം പിന്നീട് മുന്നോട്ടുപോയത്. എന്നാല്‍ വളര്‍ച്ചയുടെ ഓരോ ഘട്ടം നീതു മറികടക്കുമ്പോളും ഒരു കൈപ്പാട് അകലം അവളില്‍ നിന്ന് മാറിനില്‍ക്കാന്‍ അവരെന്നും ശ്രദ്ധിച്ചിരുന്നു.


പത്താംക്ലാസ് കൊണ്ട് പഠനം അവസാനിപ്പിക്കേണ്ടി വന്നപ്പോഴും ആരുടെ മുന്നിലും മുട്ടുമടക്കരുത് വാശിയിലാണ് ജോലിയെ കുറിച്ച് അവള്‍ ആലോചിച്ച് തുടങ്ങിയത്. അങ്ങനെ തന്‍റെ പതിനാറമാത്തെ വയസ്സില്‍ ഹോംനേഴ്സിന്‍റെ കുപ്പായം നീതു അണിഞ്ഞു. നല്ലതും ചീത്തതുമായ ഒട്ടനവധി അനുഭവങ്ങള്‍ക്ക് നീതുവിന് സാക്ഷ്യം വഹിക്കേണ്ടതായിട്ട് വന്നു. എന്നാല്‍ ഓരോ ചുവടും വളരെ സൂക്ഷമതയോടുകൂടി മാത്രമാണ് നീതുവെച്ചത്. പീന്നിട് അടുക്കളജോലിക്കാരിയായും സെയില്‍സ് ഗേളായും ഒക്കെ ഒരുനേരത്തെ അന്നം കണ്ടെത്തുവാന്‍ നീതുപാടുപെട്ടു.


ജീവിതത്തിലെ അരക്ഷിതാവസ്ഥയില്‍ മനംനൊന്ത് ആത്മഹത്യയ്ക്കുവരെ ശ്രമം നടത്തിയിട്ടുണ്ടെന്ന് നീതു. പൂനെയില്‍ ഹോംനഴ്സായിസേവനം അനുഷ്ടിക്കുന്ന സമയത്തയായിരുന്നു അങ്ങനെയൊരു ചിന്ത തന്നിലേക്ക് വന്നത്. വളരെ നീണ്ട ആത്മഹത്യ കുറിപ്പ് വരെ തയ്യാറാക്കിയതായി നീതു. യാദൃശ്ചികമായി ജനാല തുറക്കാനിടയായ നീതു നിശാഗന്ധി പൂവ് വിരിയുന്നത് കാണാന്‍ ഇടയായി. നിശാഗന്ധിയുടെ സൌരഭ്യവും അഴകും അന്നത്തെ ആ രാവിന്‍റെ ഭംഗിക്ക് മാറ്റുകൂട്ടി. ആ നയനമനോഹര ദൃശ്യം കണ്‍കുളിരെ കാണുന്നതോടൊപ്പം താന്‍ എന്തിന് ആത്മഹത്യ ചെയ്യണം എന്നൊരു മറു ചിന്ത കൂടി നീതുവിന്‍റെ ഉള്ളിലേക്ക് കടന്നുവന്നു.അങ്ങനെയാണ് താന്‍ ആത്മഹത്യയില്‍ നിന്ന് പിന്‍തിരിഞ്ഞതെന്നും നീതു പറയുന്നു. അന്നത്തെ രാവ് പോലുള്ള മനോഹരമായ ഒരു രാവും തന്‍റെ ജീവതത്തില്‍ ഉണ്ടായിട്ടില്ല എന്നുകൂടി നീതു കൂട്ടിച്ചേര്‍ക്കുന്നു.

നീതുവിന്‍റെ കുടുംബം


പോള്‍സണ്‍ നീതുവിന്‍റെ ജീവിതത്തിലേക്ക് കടന്നുവന്നത് വളരെ യാദൃശ്ചികമായിട്ടാണ്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മയുടെ ശുശ്രുക്ഷ നിര്‍വ്വഹിക്കുന്ന സമയത്താണ് പോള്‍സണ്‍ നീതുവിനെ കാണുന്നത്. ആദ്യമാത്രയില്‍ തന്നെ നീതുവിനെ ഇഷ്ടമായി. തന്‍റെ ഇഷ്ടം നീതുവിനെയും അമ്മയെയും അറിച്ചു. നീതുവിന് കല്യാണ പ്രായം ആയിട്ടില്ല. അവള്‍ക്ക് 20 വയസ്സ് ആകുമ്പോള്‍ വീട്ടില്‍ വന്ന് ആലോചിച്ചോളു എന്ന് അമ്മ പറഞ്ഞു. സ്നേഹബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കുവാന്‍ ഫോണ്‍ അന്ന് ഫോണ്‍ ലഭ്യമായിരുന്നില്ല. ആ ചാപ്റ്റര്‍ ക്ലോസ് ആയതായി നീതു മനസ്സിനെ സമാധാനിപ്പിച്ചു. നീതുവിന് 20 വയസ്സ് തികയുന്ന സമയത്താണ് അമ്മയുടെ ഫോണ്‍കോള്‍ എത്തുന്നത്. പോള്‍സണ്‍ നീതുവിനെ അന്വേഷിച്ച് വീട്ടിലെത്തി. നീതുവിന്‍റെ കല്യാണം കഴിഞ്ഞോ എന്ന് അന്വേഷിക്കാനായിരുന്ന ആ വരവ്. അന്ന് തൊട്ട് ഇന്നുവരെ പോണ്‍സണ്‍ നീതുവിന്‍റെ ജീവിതത്തില്‍ താങ്ങും തണലുമായി കൂടെയുണ്ട്.

നീതുവും അനിയനും കുടുംബവും

വെല്‍ഡിംഗ് തൊഴില്‍ ചെയ്താണ് പോള്‍സണ്‍ നീതുവിനെയും കുടുംബത്തെയും നോക്കുന്നത്. ഏതൊരു സാഹചര്യത്തിലും മക്കള്‍ വളരണം എന്നു വിവേക ബുദ്ധിയോടുകൂടി ചിന്തിക്കുന്ന ഒരമ്മ കൂടിയാണ് നീതു. ജീവിത വഴിത്താരയില്‍ സഞ്ചരിക്കുമ്പോള്‍ അവരുടെ കാലുകള്‍ക്ക് ശക്തിപകരുവാന്‍ കഷ്ടപ്പാടുകളും പ്രയാസങ്ങളും സങ്കടങ്ങളും അറിയിച്ചാണ് എട്ട് വയസ്സുകാരന്‍ അലനെയും നാലുവയസ്സുകാരന്‍ എഡ്വിനേയും നീതുവളര്‍ത്തുന്നത്.

എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കഥകളും കവിതകളും എഴുതി തുടങ്ങിയിരുന്നു നീതു. പരീക്ഷയില്‍ കണക്ക് വില്ലനായിമാറിയെങ്കിലും ജീവതത്തിന്‍റെ കണക്കുകൂട്ടലുകള്‍ നീതുവിന് ഒരു തവണയും പിഴച്ചില്ല.ജീവിത സാഹചര്യങ്ങളോട് പടപൊരുന്നതിനിടയില്‍ എഴുത്തിന്‍റെ ലോകം നീതു ബൈ പറഞ്ഞിരുന്നു. ഫെയ്സ്ബുക്കില്‍ അക്കൌണ്ട് എടുത്തതോടെയാണ് അതുവരെ അന്യമായി നിന്നിരുന്ന എഴുത്തില്‍ വീണ്ടും നൈപുണ്യം തെളിയിക്കാന്‍ നീതുവിനായത്. ഇതുമാത്രമല്ല തന്‍റെ അനുജനെ നീതുകണ്ടെത്തുന്നതും ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ്.

പന്തളം തപസ്യ സാഹിത്യവേദി സംഘടിപ്പിച്ച അനുമോദന ചടങ്ങ്


നീതു കുറിച്ചിടുന്ന ഓരോ വാക്കുകള്‍ക്കും ഈര്‍ച്ചവാക്കിനേക്കാള്‍ മൂര്‍ച്ചയും ജീവിതത്തിന്‍റെ ഗന്ധവും ഉണ്ടായിരുന്നു. തന്‍റെ എഴുത്തിന് ശക്തിപകരാന്‍ അവള്‍ ധാരാളം വായിക്കുകയും സാഹിത്യവുമായ ബന്ധപ്പെട്ട ഗ്രൂപ്പുകളിലും സജീവമായി. വിചാരണ പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ മണ്ണിൽ നിന്നും ആകാശത്തേയ്ക്ക് പെയ്യുന്ന മഴകൾ എന്നീ പുസ്തകത്തില്‍ ചെറ്യമ്മ, ഗൾഫുകാരൻ ലോനപ്പൻ എന്നീ ചെറുകഥകൾ അച്ചടിച്ചുവന്നു.


കല്യാണ സാരിയുടെ കഥ ഫെയ്സബുക്കില്‍ കുറിപ്പ് ഇട്ടതോടെയാണ് താന്‍ ഫെയ്മസ് ആയതെന്ന് നീതു പറയുന്നു. പോസ്റ്റ് വൈറലായതിനെ തുടര്‍ന്ന് പന്തളം തപസ്യ സാഹിത്യവേദി നീതുവിനെ അനുമോദിക്കാന്‍ അന്ന് ഒരു ചടങ്ങും സംഘടിപ്പിച്ചിരുന്നു.ബീവിസലിം, ഷീജ നൗഷാദ് എന്നീ രണ്ടു മെമ്പർമാരാണ് നീതു എന്ന എഴുത്തുകാരിയെ പൊതുസദസ്സിന് പരിചയപ്പെടുത്തുന്നത്.

ഇടുക്കി അടിമാലി സ്വദേശിനിയായ നീതുവും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത് തൊടുപുഴയിലാണ്. എഴുത്തു തപസ്യയാക്കിമാറ്റിയ ഈ നവ എഴുത്തുകാരി ചെറുകഥാസമാഹാരം ഇറക്കുന്നതിനുള്ള പണിപ്പുരയിലാണ്. സംസ്ക്കാരിക കേരളത്തിന് നീതു ഒരു മുതല്‍ക്കൂട്ടായി മാറുമെന്ന് നമുക്ക് പ്രത്യാശിക്കാം.

കൃഷ്ണ അര്‍ജുന്‍

Leave a Reply

Your email address will not be published. Required fields are marked *