‘മഴവില്ലഴകായി 25 ഇന്നിങ്സുകള്‍ ‘

അശ്വതി രൂപേഷ്

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന ഇതിഹാസതാരത്തിന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യക്തിയാണ് അഞ്ജലി. ‘എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പാര്‍ട്ണര്‍ഷിപ്പ് നിനക്കൊപ്പമാണ്’ എന്നാണ് അഞ്ജലിയെക്കുറിച്ച് 2013 നവംബര്‍ 16നു മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ സച്ചിന്‍ തന്‍റെ വിരമിക്കല്‍ പ്രഭാഷണത്തില്‍ പറഞ്ഞത്. 1995 മെയ് 25 നായിരുന്നു സച്ചിന്‍റെ വിവാഹം.

വിവാഹദിനത്തില്‍ സച്ചിനും അഞ്ജലിയും(ഫയല്‍ ചിത്രം)

സച്ചിനേക്കാള്‍ അഞ്ച് വയസ് കൂടുതലായിരുന്നു അഞ്ജലിക്ക്. ഗുജറാത്തില്‍ നിന്നും മുംബൈയിലേക്ക് കുടിയേറിയ ഗുജറാത്തി വ്യവസായി ആനന്ദ്‌മേത്തയുടേയും ആംഗ്ലോ ഇന്ത്യക്കാരി അന്നാബെല്ലയുടേയും മകളാണ് അഞ്ജലി. സച്ചിനെ പരിചയപ്പെടുന്നതുവരെ ക്രിക്കറ്റിനോട് അഞ്ജലിക്ക് വലിയ താല്പര്യം ഇല്ലായിരുന്നു. മുംബൈ എയര്‍പോര്‍ട്ടില്‍ വച്ചായിരുന്നു അഞ്ജലി ആദ്യമായി സച്ചിനെ കാണുന്നത്. അന്ന് മുതല്‍ സച്ചിനെ അഞ്ജലി വിടാതെ പിന്‍തുടര്‍ന്നുകൊണ്ടിരുന്നു പൊതുവെ നാണക്കാരനായ സച്ചിന്‍ പലപ്പോഴും ഒഴിഞ്ഞുമാറിയിരുന്നു.

എന്നാല്‍ കത്തുകളിലൂടെയും ടെലിഫോണ്‍ ബൂത്തുകളിലൂടെയും അഞ്ജലി സച്ചിന്‍റെ ഹൃദയത്തില്‍ പ്രണയത്തിന്‍റെ വിത്തുപാകി. ഡോക്ടറായിരുന്ന അഞ്ജലിയുടെ പ്രണയം അവരുടെ കുടുംബത്തെ തന്നെ അത്ഭുതപ്പെടുത്തി. സച്ചിന് തന്‍റെ പ്രണയം വീട്ടുകാരോട് തുറന്ന് പറയുവാന്‍ പേടിയായിരുന്നു. ഒടുവില്‍ അഞ്ജലി തന്നെയാണ് സച്ചിന്‍റെ വീട്ടുകാരോട് കാര്യം അവതരിപ്പിച്ചത്. ഫാസ്റ്റ് ബോളര്‍മാരെ നേരിടുന്നതിലും വിഷമമായിരുന്നു ‘അഞ്ജലിയുടെ കാര്യം വീട്ടില്‍ പറയാന്‍’ എന്നാണ് സച്ചിന്‍ ഇതിനേക്കുറിച്ച് പിന്നീട് പറഞ്ഞത്. 22ാം വയസിലായിരുന്നു സച്ചിന്‍റെ വിവാഹം. വിവാഹത്തിനുശേഷം ശിശുരോഗ വിദഗ്ദ്ധയായിരുന്ന അഞ്ജലി തന്‍റെ കുടുംബത്തിനുവേണ്ടി കരിയര്‍ അവസാനിപ്പിച്ചു. അതില്‍ തനിക്ക് ഇതുവരെ ഒരു ഖേദവും തോന്നിയിട്ടില്ല എന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്ന് മുതല്‍ ഇന്നുവരെ ജീവിതത്തിലെ പല പ്രതിസന്ധിഘട്ടങ്ങളിലും സച്ചിന്‍റെ ഏറ്റവും വലിയ താങ്ങായി അഞ്ജലി ഒപ്പമുണ്ട്.

സച്ചിന്‍റെ കുടുംബം

അദ്ദേഹത്തിന്‍റെ പിതാവിന്‍റെ മരണവാര്‍ത്ത അറിയിച്ചതും സാന്ത്വനപ്പെടുത്തിയതും അഞ്ജലിയായിരുന്നു. ടെന്നീസ് എല്‍ബോ പിടിപെട്ടതാണ് തന്‍റെ കരിയറിലെ ഏറ്റവും വലിയ സങ്കീര്‍ണമായ സന്ദര്‍ഭം എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആ സമയത്തും അഞ്ജലിയുടെ പിന്തുണ വളരെ വലുതായിരുന്നു .’ജീവിതത്തിലെ നല്ല കാര്യങ്ങള്‍ മാത്രം ചിന്തിക്കുക’ എന്നതായിരുന്നു അഞ്ജലിയുടെ ഉപദേശം. അങ്ങനെ താങ്ങും തണലുമായി അവരുടെ ജീവിതം 25 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഗാംഗുലിയേക്കാളും ദ്രാവിഡിനേക്കാളും മികച്ച പാട്ണറായി എക്കാലവും സച്ചിന്‍റെ പിന്തുണയായി അഞ്ജലി ഇനിയും അദ്ദേഹത്തിന്‍റെ ജീവിതത്തെ വര്‍ണ്ണാഭാവമാക്കട്ടെ

Leave a Reply

Your email address will not be published. Required fields are marked *