മാനസികാരോഗ്യത്തിന് യോഗ

വിവരങ്ങള്‍ക്ക് കടപ്പാട് : ഡോ. ആര്‍ഷ മഹേഷ്

ആരോപറഞ്ഞു മുറിച്ചുമാറ്റാം കേടുബാധിച്ചോരവയവം ;
പക്ഷേ കൊടും കേടുബാധിച്ച പാവം മനസ്സോ ?

ആരോഗ്യമുളള ശരീരത്തില്‍ മാത്രമെ ആരോഗ്യമുളള മനസ്സുണ്ടാവൂ. ശാരീരികാരോഗ്യം പോലെതന്നെ പ്രധാനമാണ് മാനസികാരോഗ്യവും. ഒരു ചെറിയ ജലദോഷം വന്നാല്‍പ്പോലും ആശുപത്രിയിലേക്ക് ഓടുന്ന നമ്മള്‍ മനസ്സിനെ സന്തുലിതപ്പെടുത്താന്‍ പലപ്പോഴും മറന്നുപോകുന്നില്ലേ. യോഗശാസ്ത്രത്തില്‍പ്പോലും മനസ്സിനെ കടിഞ്ഞാണില്ലാത്ത കുതിരയോടാണ് താരതമ്യപ്പെടുത്തുന്നത്. മുറിവേറ്റ മനസ്സിനും പ്രാഥമികശുശ്രൂഷകള്‍ ആവശ്യമാണ്.

മാനസിക സംഘര്‍ഷമുണ്ടാകുന്ന സാഹചര്യങ്ങള്‍ എങ്ങനെ നേരിടണമെന്ന് പലര്‍ക്കും അറിയില്ല. മാനസിക സംഘര്‍ഷങ്ങള്‍ കാരണമുണ്ടാകുന്ന അസുഖങ്ങളും പ്രശ്‌നങ്ങളും ഇന്ന് നമ്മുടെ സമൂഹത്തില്‍ പലരെയും വല്ലാതെ അലട്ടുന്നുണ്ട്. ശാരീരികപ്രശ്‌നങ്ങള്‍, ജോലി സംബന്ധമായ സമ്മര്‍ദ്ദം, വിശ്രമമില്ലായ്മ, അമിതചിന്തകള്‍, ഉത്കണ്ഠ എന്നിവയെല്ലാം മാനസികസംഘര്‍ഷങ്ങള്‍ക്ക് കാരണമാകാറുണ്ട്.

മനസ്സിനുളള ആരോഗ്യകരമായ മരുന്നാണ് യോഗ. യോഗാസനങ്ങള്‍ ശാരീരിക ക്ഷമത വര്‍ധിപ്പിക്കുന്നതോടൊപ്പം മാനസികമായ ആരോഗ്യവും നല്‍കുന്നു. വിഷാദരോഗം, അമിത ഉത്കണ്ഠ എന്നിവയ്‌ക്കെല്ലാം യോഗ ചികിത്സ കൊണ്ട് മികച്ച ഫലമുണ്ടായതായി തെളിഞ്ഞിട്ടുണ്ട്. ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം, ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ എന്നിവയെല്ലാം ഒരു വ്യക്തിയെ പ്രതികൂലമായി ബാധിച്ചേക്കാം. ലളിതമായ ആസനങ്ങളും പ്രാണായാമങ്ങളും കൊണ്ടുതന്നെ വലിയ ഗുണം ലഭിക്കും.

മനസ്സിനെ നിയന്ത്രിക്കാനും ചിന്തകള്‍ക്ക് കടിഞ്ഞാണിടാനും അത്യുത്തമമായ മാര്‍ഗമാണ് യോഗവും പ്രാണായാമവുമെല്ലാം. മനസ്സ് വളരെ വേഗത്തില്‍ ശാന്തമാവുകയും ഏകാഗ്രത വര്‍ധിക്കുകയും ചെയ്യും. യോഗാസനങ്ങള്‍ തലച്ചോറിലേക്കുളള രക്തചംക്രമണം വര്‍ധിപ്പിക്കുകയും മാനസികാവസ്ഥ ഉയര്‍ത്തുന്ന ഹോര്‍മോണുകളുടെ ഉത്പാദനം പ്രാപ്തമാക്കുകയും ചെയ്യും . തലച്ചോറിലെ കോശങ്ങളുടെ പ്രവര്‍ത്തനവും മെച്ചപ്പെടും. ശ്വസന വ്യായാമങ്ങള്‍ വിഷാദരോഗലക്ഷണങ്ങള്‍ കുറയ്ക്കുന്നതിന് സഹായകമാകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.


കുട്ടികള്‍ക്ക് സ്‌കൂള്‍തലം മുതല്‍ തന്നെ യോഗപരിശീലനം നല്‍കാവുന്നതാണ്. ഇതിലൂടെ അവരുടെ മനസ്സിലെ ടെന്‍ഷന്‍ മാറ്റാനും പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കും. ഒരു തവണയുളള യോഗപരീശീലനം പോലും തലച്ചോറില്‍ മാറ്റങ്ങള്‍ക്ക് കാരണമാകും. കൂടുതല്‍ ഉണര്‍വ്വും ശാന്തതയും കൈവരിക്കാനാകും.
തയ്യാറാക്കിയത് സൂര്യ സുരേഷ്

Leave a Reply

Your email address will not be published. Required fields are marked *