നല്ലകാലം കൊണ്ടു വന്ന കൊറോണ
രാമൻ മനസ്സുനിറഞ്ഞു ചിരിച്ചു. മകളെ ആണൊരുത്തന് കൈപിടിച്ചു കൊടുക്കുവാൻ പൊന്നും പണവും ഉണ്ടാക്കാനുള്ള തത്രപാടിലായുരുന്നു കഴിഞ്ഞ കുറേ വർഷങ്ങൾ. സിദ്ധാന്തമൊക്കെ പറയാൻ ആളുകളെ കാണാറുണ്ട്.അവരും ജാതിയും മതവും ഒക്കെ നോക്കി കെട്ടികൊണ്ടു പോകുന്നതാണ് കണ്ടിട്ടുള്ളത്. കാര്യത്തോടടുക്കുമ്പോൾ ഇതൊന്നുമില്ലാതെ കെട്ടികൊണ്ടുപോവാൻ തയ്യാറായി ആണൊരുത്തനെ കണ്ടതുമില്ല.
അതു മാത്രം പോരല്ലോ..നാലാളറിഞ്ഞു വേണ്ടേ കല്യാണം നടത്താൻ. നാടൊട്ടുക്ക് വിളിച്ചു സദ്യവട്ടവുമായി വേണം കല്യാണം എന്നല്ലേ നാട്ടുനടപ്പ്.അതിനുള്ള പണവും കണ്ടെത്തണ്ടെ. ഈ കൂലിപ്പണികാരന്‍റെ മൂന്നു സെന്‍റ് ഭൂമിയിലെ കൂരയ്ക്ക് എടുക്കാവുന്ന ലോണുകൾക്ക് ഒരു പരിധിയില്ലേ..
കൂടെ പഠിച്ചവരെല്ലാം കല്യാണം കഴിച്ചു പോകുമ്പോൾ അവളുടെ മുഖം വാടി തുടങ്ങുന്നത് ഞാൻ കണ്ടു.എല്ലാം മനസിൽ ഒളിപ്പിച്ച് ചിരിച്ചു കളിച്ചു നടക്കും പാവം. കല്യാണം കഴിച്ചില്ലെങ്കിൽ മരിച്ചു പോകുകയൊന്നുമില്ലല്ലോ .നടക്കുവാണേൽ മതി എന്നൊരു തമാശയും പറയും.
അങ്ങനെയിരിക്കെയാണ് നല്ലതുംകൊണ്ട് കൊറോണകാലം വരുന്നത്…അങ്ങനെ പറഞ്ഞതിൽ ഒന്നും തോന്നരുത് കേട്ടോ…പറഞ്ഞു വച്ചിരുന്ന ചെക്കന്‍റെ വീട്ടുകാരും ഞങ്ങളും ഒക്കെയായി മൊത്തം 50 പേർക്കെ കല്യാണത്തിൽ പങ്കെടുക്കാൻ കഴിയു എന്ന് നിയമം വന്നു…അതറിഞ്ഞ സന്തോഷം കൊണ്ടാണ് അങ്ങനെ പറഞ്ഞുപോയത്..ഹി..ഹി.
ദേ.. ഇന്ന് കല്യാണവും കഴിഞ്ഞു..സദ്യയും ഇല്ല..അതു കഴിച്ചു കൈകഴുകി കുറ്റം പറഞ്ഞു പോകുന്ന ആളുകളും ഇല്ല..ഏതായാലും ഒത്തിരി പെൺകുട്ടികളുടെ കല്യാണം കൊറോണ നടത്തികൊടുക്കട്ടെ…
ജി.കണ്ണനുണ്ണി