ആഘോഷവേളകളില്‍ ശ്രദ്ധാകേന്ദ്രമാകാം…
പാര്‍ട്ടിയില്‍ പങ്കെടുക്കേണ്ട രണ്ടു ദിവസത്തിന് മുന്‍പ് തന്നെ തയ്യാറെടുപ്പുകള്‍ തുടങ്ങണം. കൈ കാലുകള്‍ക്ക് മുഖം പോലെ തന്നെ പരിചരണം നല്കേണ്ടതാണ്. ഇതിനായി പെഡി ക്യൂര്‍ മാനി ക്യൂര്‍ എന്നിവ ചെയ്യേണ്ടത് അത്യാവശ്യമാണ്. വസ്ത്രത്തിന് പുറത്തു കാണുന്ന ഭാഗങ്ങള്‍ വാക്സ് ചെയ്തു ഭംഗിയാക്കാം. മുടി അഴിച്ചിടുകയാണ് ചെയ്യുന്നത് എങ്കില്‍ മുടി ട്രിം ചെയ്യണം.
വാക്സിങ്ങിന് നിലവാരമുള്ള വാക്സ് ഉപയോഗിക്കേണ്ടതാണ്. വാക്സിങ്ങിന് ശേഷം കലാമിന്‍ ലോഷന്‍ പുരട്ടേണ്ടതാണ്. കുരുക്കള്‍ പൊന്തുന്നത് തടയാന്‍ ഇത് സഹായിക്കും. കഴുത്തും പുറവും ക്ലെന്‍സിങ് മില്‍ക്ക് കൊണ്ട് തുടച്ചതിന് ശേഷം ടോണര്‍ ഉപയോഗിക്കുക. കഴുത്തിലും പുറത്തുമുള്ള കറുത്ത പാടുകള്‍ മറയ്ക്കുവാന്‍ ഒരു പ്രൊട്ടെക്ഷന്‍ ക്രീം പുരട്ടിയതിന് ശേഷം കണ്‍സീലര്‍ ഉപയോഗിക്കാം. അതിനു ശേഷം കോംപാക്റ്റ് പൌഡര്‍ ഉപയോഗിക്കണം. വസ്ത്രങ്ങള്‍ക്ക് പുറമെയുള്ള ഭാഗത്തിന് അല്പ്പം ഉള്ളിലേക്ക് കൂടി മേക്കപ്പ് പുരട്ടിയാല്‍ വസ്ത്രങ്ങള്‍ നീങ്ങിപ്പോയാലും പ്രശ്നമുണ്ടാവില്ല.
കഴുത്തിലും പുറത്തും മേക്കപ്പ് നല്‍കിയ അതേ രീതി തന്നെ കൈ കാലുകളിലും തുടരണം. വരണ്ട ചര്‍മ്മമാണെങ്കില്‍ മേക്കപ്പിന് ശേഷം മോയ്സ്ചറൈസര്‍ പുരട്ടാം. വിരലുകളുടെ മടക്കിലും കൈമുട്ടിലും കാല്‍മുട്ടിലുമെല്ലാം മേക്കപ്പ് ഇടുമ്പോള്‍ സ്കിന്‍ വലിച്ചു പിടിക്കണം.
മേക്കപ്പ് കട്ട പിടിക്കാതിരിക്കാന്‍ ഇത് സഹായിക്കും. ലാറ്റെക്സ് സ്പോഞ്ച് ഉപയോഗിച്ച് മേക്കപ്പ് ഇടുന്നത് ചര്‍മ്മത്തില്‍ അവിടിവിടെ ഉണ്ടാകുന്ന പാച്ചസ് ഒഴിവാക്കാന്‍ സഹായിക്കും. നീളമുള്ള മുടിയാണെങ്കില്‍ സെറ്റ് ചെയ്ത് അഴിച്ചിടാം. ഡ്രസ്സിന് യോജിക്കുന്ന ആഭരണങ്ങള്‍ തിരഞ്ഞെടുക്കേണ്ടതും പ്രധാനമാണ്. ആഭരണങ്ങള്‍ ആവശ്യമില്ലെങ്കില്‍ ഒഴിവാക്കാന്‍ ഒട്ടും മടി കാണിക്കരുത്.