പേളി , ശ്രീനിഷ് പ്രണയം പേളിക്ക് പറ്റിയ തെറ്റായിരുന്നോ എന്ന് ഞാൻ ഭയപ്പെട്ടിരുന്നു; മാണി പോള്
ബിഗ് ബോസ് മലയാളത്തിലൂടെ പ്രണയത്തിലാകുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത് പ്രേക്ഷകരെ ഞെട്ടിച്ച താരങ്ങളാണ് പേളിയും ശ്രീനിഷും. ബിഗ് ബോസിലൂടെയുള്ള ഇവരുടെ പ്രണയം പലരും പരിപാടിയുടെ ഭാഗമാണെന്നും ഇവരുടെ അഭിനയമാണെന്നും പറയുണ്ടായി. പിന്നീട് ഇവരുടെ വിവാഹം ആണെന്ന വാർത്ത പുറത്ത് വന്നപ്പോഴാണ് എല്ലാവരും വിശ്വസിച്ചത്. ഇപ്പോഴിതാ പേളിയുടെ പ്രണയത്തെ പറ്റിയും ശ്രീനിഷിനെ പറ്റിയും തുറന്ന് പറയുകയാണ് മാണി പോൾ.
പേളി- ശ്രീനിഷ് പ്രണയം ബിഗ് ബോസിനകത്തെ ഒരു സ്റ്റോറി ലൈൻ ആണെന്നാണ് താനാദ്യം കരുതിയതെന്നാണ് മാണിപോൾ പറയുന്നത്. ” പേളി ബിഗ് ബോസിൽ ഇരിക്കുമ്പോൾ ഞാൻ ബിഗ് ബോസ് കണ്ടിരുന്നില്ല. നെഗറ്റീവ് ചിന്തകളിൽ നിന്നും കണ്ണീർ സീരിയലുകളിൽ നിന്നും മാറി നിൽക്കണമെന്നാണ് ഞാനെല്ലാവരോടും പറയുന്നത്. അതുകൊണ്ട് തന്നെ ബിഗ് ബോസ് കണ്ടിരുന്നില്ല. പേളിയ്ക്ക് വോട്ടും ചെയ്തിരുന്നില്ല,” മാണി പോൾ പറഞ്ഞു. ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാൻ ഉള്ള സ്വാതന്ത്ര്യം മുൻപു തന്നെ പേളിയ്ക്ക് നൽകിയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“പേളി അവിടെ തെറ്റായ തീരുമാനം എടുത്തോ എന്ന് ഞാൻ പേടിച്ചിരുന്നു. ഷോയ്ക്ക് അകത്തെ പേളിയുടെ മാനസികാവസ്ഥ ശരിയല്ലായിരുന്നു. ഏറിപ്പോയാൽ മൂന്നാഴ്ച നിൽക്കും എന്ന കണക്കുക്കൂട്ടലിൽ പോയതായിരുന്നു പേളി. മൂന്നാഴ്ചയ്ക്കുള്ള ഡ്രസ്സുകളെ കൊണ്ടുപോയിരുന്നുമുള്ളൂ. പക്ഷേ അവസാനം വരെ നിൽക്കേണ്ടി വന്നു.”
ശ്രീനിഷിന്റെ ഫോട്ടോ ആദ്യം മകൾ കാണിച്ചു തന്നപ്പോൾ ബാഹുബലിയിലെ പയ്യനാണെന്നാണ് കരുതിയതെന്നും അഹങ്കാരിയായിരിക്കുമെന്ന് തോന്നിയെന്നും മാണി പോൾ പറഞ്ഞു. “എന്നാൽ ശ്രീനിഷ് വളരെ ടോളറന്റ് ആണ്. സിമ്പിൾ ബോയ്. പേളിക്ക് പറ്റിയ പയ്യനാണ്. അവർ സത്യത്തിൽ ഐഡിയൽ കപ്പിളാണ്,” അഭിമുഖത്തിൽ മാണി പോൾ പറഞ്ഞു.