ഒരു ഹൈ വോൾട്ടേജ് കൃഷിക്കാരന്‍റെ കഥ
ജി.കണ്ണനുണ്ണി.
കർഷക ദിനമായ ഇന്ന് കെ എസ് ഇ ബി എക്സിക്യൂട്ടീവ് എൻജിനീയറും സർവോപരി കൃഷിക്കാരനുമായ സുരേഷ് ബാഹുലേയനെ പരിചയപ്പെടാം.കൃഷി ഒക്കെ പഴഞ്ചനായില്ലേ എന്ന് ചിന്തിക്കുന്ന ന്യൂ ജൻ തലമുറയ്ക്ക് ഒരു മാതൃകയാണ് തിരക്കു പിടിച്ച ഔദ്യോഗിക ജീവിതവും കൃഷിയും ഒരേപോലെ കൊണ്ടുപോകുന്ന സുരേഷ് ബാഹുലേയൻ.
ആരോഗ്യ സംരക്ഷണത്തിനായിട്ടാണ് താൻ കൃഷിയിലേക്ക് തിരിഞ്ഞതെന്നും , കർഷക ദിനത്തിൽ പുതു തലമുറയ്ക്ക് നൽകാനുള്ള ഉപദേശവും അതുതന്നെയാണെന്നും സുരേഷ് പറയുന്നു. ജിമ്മിൽ പൈസ കൊടുത്ത് ശരീരം കാത്തുസൂക്ഷിക്കുന്ന സമയത്ത് രാവിലെ രണ്ട് മണിക്കൂർ കൃഷി ചെയ്താൽ മുടക്കുന്ന പൈസയുടെ അൻപത് ശതമാനമെങ്കിലും തിരികെ ലഭിക്കുമല്ലോ എന്നാണ് സുരേഷ് തമാശ രൂപേണ പറയുന്നതും.ജൈവ കൃഷികൊണ്ടു രണ്ടുണ്ട് കാര്യം എന്നാണ് സുരേഷിന്റെ ഭാഷ്യം. ആരോഗ്യവും സംരക്ഷിക്കാം,…ഒപ്പം വിഷ രഹിത പച്ചക്കറികളും കഴിക്കാം…
അതിരാവിലെ രണ്ടു കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് സുരേഷ് കൃഷിയ്ക്ക് പേരുകേട്ട ആലപ്പുഴ കഞ്ഞിക്കുഴിയിലെ അഞ്ചാം വാർഡിലും ഏഴാം വാർഡിലുമായി പരന്നു കിടക്കുന്ന തന്റെ മൂന്നര ഏക്കർ കൃഷിയിടത്തിലെത്തുന്നത്.തെങ് ,കവുങ് എന്നിവയ്ക്ക് പുറമെ സീസൺ അനുസരിച്ചുള്ള ജൈവ കൃഷിയ്ക്കായി രണ്ടു മണിക്കൂർ ചിലവിടും.വാഴ, ചേന, ചേമ്പ്,വെണ്ട,കുരുമുളക്,ചീര, കാച്ചിൽ,മഞ്ഞൾ,ഇഞ്ചി എന്നിവയാണ് പ്രധാനമായി കൃഷി ചെയ്യുന്നത്.ഒപ്പം നെൽ കൃഷിയും ചെറുപയർ കൃഷിയും ചെയ്യാറുണ്ട്. സഹായിയായി പവിത്രനുമുണ്ട്.
അച്ഛനും അമ്മയും കൃഷി ചെയ്യുന്നത് കണ്ടു വളർന്ന സുരേഷ്1994ലാണ് കോതമംഗലം എൻജിനീയറിങ് കോളേജിൽ നിന്ന് ഇലട്രിക്കൾ ആൻഡ് ഇലട്രോണിക്സിൽ ബി ടെക്ക് പാസാകുന്നത്. പിന്നീട് ഫിനാൻസിൽ എം ബി എ എടുത്തു.1997 ൽ കെ എസ് ഇ ബിയിൽ അസിസ്റ്റന്റ് എൻജിനീയറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ശേഷമാണ് സുരേഷ് കൃഷിയിലേക്ക് കാലൂന്നിയതും. ഇപ്പോൾ ആലപ്പുഴ വൈദ്യുതി ഭവനിൽ ട്രാൻസ്മിഷനിൽ എസ്‌സിക്യൂട്ടീവ് എൻജിനീയറാണ്.
വീട്ടിലെ ആവശ്യത്തിനുള്ള പച്ചക്കറികൾ എടുത്തതിന്റെ ബാക്കി വിൽക്കാറുന്നുണ്ട് എന്ന് സുരേഷ് പറയുന്നു. കീടങ്ങളും ഒച്ചും ഒക്കെ കൃഷിയെ പ്രതികൂലമായി ബാധിക്കുന്ന ഘടകമാണ് എന്നാൽ പുകയില കഷായവും, ഉപ്പും പോലെയുള്ള ജൈവ പ്രതിവിധികളിലൂടെയാണ് അതിനെ മറികടക്കുന്നത്.കോഴി വളവും , ചാണകവും,ചാരവുമാണ് ജൈവവളമായി ഉപയോഗിക്കുന്നത്. ഒരേക്കറിലാണ് വാഴയും,പച്ചകറികളും കൃഷി ചെയ്യുന്നത്. ചെറുപ്പത്തിൽ തെങ്ങായിരുന്നു പ്രധാന വരുമാന മാർഗം.ഇപ്പോൾ സ്വന്തം ഉപയോഗം കഴിഞ്ഞ് കുറച്ചു വിൽക്കാനുമുണ്ടാക്കും.ഒഴിവു ദിവസങ്ങളിൽ പൂർണ്ണമായി കൃഷിയിൽ മുഴുകും.
ഭാര്യ വിനീത ആലപ്പുഴ ടെലഫോൺ ഭവനിൽ ഡിവിഷണൽ എൻജിനീയറാണ്.കോഴിക്കോട് എൻ ഐ.ടിയിൽ എൻജിനീയറിങ് വിദ്യാർത്ഥിനിയായ പൂജ സുരേഷും, പ്ലസ്ടു വിദ്യാർത്ഥിനിയായ പ്രാർത്ഥന സുരേഷുമാണ് മക്കൾ.