നിങ്ങള്‍ നല്ലൊരു രക്ഷിതാവാണോ വായിക്കൂ ഈ കാര്യങ്ങള്‍
നല്ല രക്ഷിതാവിനൊരിക്കലും തന്‍റെ മക്കളെ മറ്റുകുട്ടികളുമായി താരതമ്യപ്പെടുത്തുവാൻ സാധിക്കില്ല. പഠനകാര്യത്തിൽ മുതൽ നടപ്പിലും, ഇരിപ്പിലും, ഉടുതുണിയുടെ കാര്യത്തിൽ വരെ സ്വന്തം മക്കളെ മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്താറുണ്ട്. സ്വന്തം മക്കളുടെ നന്മയെ കരുതിയാണ് നിങ്ങളിത് പറയുന്നതെന്ന തോന്നലുണ്ടെങ്കിൽ നിങ്ങൾ ഓരോരുത്തരും ഈ ചിന്താഗതിയൊന്ന് മാറ്റിവെക്കണം. നന്മയെ കരുതി നാം പറയുന്ന ഈ ആശയം കുട്ടികളിൽ മാതാപിതാക്കളോടും സഹപാഠിയോടും ദേഷ്യവും വിദ്വേഷവും വളർത്താൻ കാരണമാവുന്നു എന്നതാണ് സത്യം. ഏതൊരു വ്യക്തിക്കും തന്നെ മറ്റൊരാളുമായി താരതമ്യപ്പെടുത്തി സംസാരിക്കുന്നതു ഒരിക്കലും ഉൾക്കൊള്ളാൻ സാധിക്കില്ല.അമർ അക്ബർ അന്തോണി എന്ന മലയാളസിനിമയിലെ നല്ലവനായ ഉണ്ണി എന്ന കഥാപാത്രം അറസ്റ്റുചെയ്യപ്പെടുന്ന ഭാഗം നാമോരുത്തരെയും അന്തമില്ലാ വിധം ചിരിപ്പിച്ചിട്ടുണ്ടെങ്കിൽ അതു നമ്മുക്കുള്ളിലെപ്പോയോ കടന്നുകൂടിയ വിദ്വേഷം എന്ന വൈകാരിക പ്രതികരണമായിരിക്കാം.
ഒരു ചൈനീസ് പഴമൊഴിയുണ്ട് “ഒരു കുഞ്ഞിനെ നല്ല രീതിയിൽ വളർത്തികൊണ്ടുവരുന്നതിനേക്കാൾ എളുപ്പമാണ് ഒരു രാജ്യം ഭരിക്കുക എന്നത് ” ഒരു രാജ്യം ഭരിക്കാൻ വലിയ പ്രയാസമുണ്ടാകില്ല ഒരു പക്ഷെ ഒരു രാജ്യം നല്ല രീതിയിൽ ഭരിക്കാൻ അതിസമർത്ഥനായ ഒരു ഭരണാധികാരിക്കു മാത്രമേ സാധിക്കു എന്നതുപോലെ ഒരു കുഞ്ഞിനെ നല്ലരീതിയിൽ വളർത്താൻ സമൂഹത്തെ അറിയുന്ന സഹജീവികളോടു കൂറും കരുണയുമുള്ള മാതാപിതാക്കൾക്കു മാത്രമേ സാധിക്കുകയുള്ളു. വിദ്വേഷം എന്ന വികാരം മാറ്റിനിർത്തി സ്നേഹമെന്ന വികാരത്തെ പഠിപ്പിക്കുക.തീർച്ചയായും നിങ്ങൾക്കു അവനിൽ അല്ലങ്കിൽ അവളിൽ അനുസരണയുള്ള സ്നേഹമുള്ള മക്കളെ കാണാനാവും
പൊതുവെ ഇന്നത്തെ സമൂഹത്തിനു കിട്ടിയിട്ടുള്ള ഏറ്റവും വലിയ അനുഗ്രഹമാണ് ദിനംപ്രതി വളർന്നു കൊണ്ടിരിക്കുന്ന വിദ്യാഭ്യാസമേഖലയും സാങ്കേതികവിദ്യയും.രക്ഷിതാക്കൾ ചെയ്യേണ്ടതിത്രമാത്രം അയൽവീടുകളോട് മത്സരിക്കാനോ, സോഷ്യൽ സ്റ്റാറ്റസ് ഉയർത്താനോ വേണ്ടി അവരെ മറ്റുള്ളവരുമായി താരതമ്യപെടുത്താതെ മകന് അല്ലങ്കിൽ മകൾക്ക് ഇഷ്ടമേഖല തിരഞ്ഞെടുക്കാനൊരു സ്വാതന്ത്ര്യം. അതുപോലെ അതിനുവേണ്ടി നമ്മളാൽ കഴിയുന്ന സഹായവും, ഓരോ ചുവടെടുത്തുവെക്കുമ്പോഴും കരുതലായും കരുത്തായും നാം കൂടെയുണ്ടായിരിക്കണം.ഓരോ കുട്ടികളും വിവിധ മേഖലകളിൽ നൈപുണ്യമുള്ളവരാണ് അവർക്ക് വേണ്ടത് തന്‍റെ ഇഷ്ടങ്ങളെ മാനിക്കുന്ന രക്ഷിതാക്കളെയാണ്. അതിനാൽ തീർച്ചയായും അവർക്കിഷ്ടമുള്ള അവരുടെ ഇഷ്ടങ്ങളറിയുന്ന അവരുടെ നൈപുണ്യം തിരിച്ചറിയാനാവുന്ന മാതാപിതാക്കളായി മാറുവാൻ സാധിക്കണം.ഖലീൽ ജിബ്രാൻ ഒരിക്കൽ പറഞ്ഞു :”നിങ്ങളുടെ കുഞ്ഞുങ്ങൾ നിങ്ങളുടേതല്ല, അവർ നിങ്ങളിലൂടെ വളരുന്നു. അവർക്കു നിങ്ങളുടെ സ്നേഹം നൽകാം, ചിന്തകൾ നൽകാൻ പാടില്ല. കാരണം അവർക്ക് അവരുടേതായ ചിന്തകളുണ്ട്. നിങ്ങൾക്ക് അവരെപ്പോലെ ആയിത്തീരാൻ ശ്രമിക്കാം, നിങ്ങളെപ്പോലെ ആക്കിത്തീർക്കാൻ ശ്രമിക്കരുത്.
മുഹമ്മദ് ഫാസിൽ. കെ