നിറക്കൂട്ടിലെ ഇന്ദ്രജാലം

ശ്രീജയുടെ പെയിന്‍റിംഗ് നല്ല കാവ്യം പോലെ ഹൃദ്യവും മനോഹരവുമാണ്.വ്യത്യസ്തമാധ്യമങ്ങള്‍ തെരഞ്ഞെടുത്ത് വരകളുടെ മാസ്മരികലോകത്ത് മായാജാലം സൃഷ്ടിക്കുന്ന ശ്രീജകളപ്പുരക്കലിന്‍റെ അനുഭവസമ്പത്ത് കൂട്ടുകാരിയുടെ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നു.


വര്‍ണക്കൂട്ടുകളുടെ ബാലപാഠം ശ്രീജയ്ക്ക് പറഞ്ഞുകൊടുത്ത് വരകളുടെ ലോകത്ത് കൈപിടിച്ചു നടത്തിയത് കൂര്‍ക്കഞ്ചേരി സ്വദേശിയും ഇസബെല്ല ആര്‍ട്ട് ആന്‍റ് ക്രാഫ്റ്റിന്‍റെ ഓണര്‍ ലോയിസ് ആണ്. ഡ്രൈവിംഗ് പഠനത്തിനിടെ വളരെ യാദൃശ്ചികമായാണ് ഇസബെല്ല ആര്‍ട്ട് ആന്‍റ് ക്രാഫ്റ്റിന്‍റെ ബോര്‍ഡ് ശ്രീജയുടെ കണ്ണിലുടക്കിയത്. ചിത്രരചന പഠിക്കണമെന്ന മോഹം ശ്രീജയുടെ ഉള്ളിലുടലെടുത്തു. തുടര്‍ന്ന് പെയിന്‍റിംഗ് അഭ്യസിക്കുവാന്‍ ലോയിസ് ആന്‍റിയുടെ പക്കലേക്ക് ശ്രീജ എത്തി. അവിടെ നിന്നുമാണ് ചായക്കൂട്ട് ചാലിക്കുവാനും ക്രാഫ്റ്റ് വര്‍ക്കും ശ്രീജ പഠിക്കുന്നത്.

ചുരുങ്ങിയ ദിവസം കൊണ്ടുതന്നെ ശ്രീജയുടെ വിരലുകളിലെ മാന്ത്രികത ലോയിസ് തിരിച്ചറിഞ്ഞു. നടന്നുകയറിയ വഴികളില്‍ വിമര്‍ശനങ്ങളും പാരവയ്പ്പും ഉണ്ടായെങ്കിലും അതൊന്നും വകവയ്ക്കാതെ വര്‍ണങ്ങളുടെ ലോകത്ത് വിസ്മയകാഴ്ച തീര്‍ത്തുകൊണ്ടേയിരുന്നു. ലോയിസ് ആന്‍റിയുടെ ഇന്‍സ്റ്റ്യൂഷനിലെ പഠനം തന്‍റെ ജീവിതത്തിലെ തന്നെ വലിയ ഏടായി ശ്രീജ കരുതുന്നു. വൈകിയാണെങ്കിലും തന്നില്‍ അന്തര്‍ലീനമായ പ്രതിഭയെ തിരിച്ചറിഞ്ഞ ശ്രീജ ചിത്ര രചനയില്‍ ശ്രദ്ധ പതിപ്പിക്കാന്‍ തീരുമാനിച്ചു. പീന്നീട് വരകളുടെ ലോകത്ത് നിറക്കൂട്ട് ചാലിച്ച് ശ്രീജ അത്ഭുതങ്ങള്‍ സൃഷ്ടിച്ചു തുടങ്ങി.

ശംഖുപുഷ്പവും, , അണ്ണാറകണ്ണനും തുമ്പപ്പൂവില്‍ ഇരിക്കുന്ന ഉറുമ്പിനേയുമൊക്കെ വളരെ സ്വാഭാവികതയോടും തന്മയത്വത്തോടും ക്യാന്‍വാസുകളിലേക്ക് പകര്‍ത്തി. തന്‍റെ ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കുവാനുള്ള ധൈര്യമൊന്നും ശ്രീജയ്ക്ക് ആദ്യമൊന്നും ഉണ്ടായിരുന്നില്ല. ചിത്രങ്ങളുടെ എക്സിബിഷന്‍ നടത്തുവാന്‍ ശ്രീജയെ ഉപദേശിച്ചതും ധൈര്യമേകിയതും ലോയിസ് ആന്‍റിയും സുഹൃത്തുക്കളുമാണ്. ആദ്യ പ്രദര്‍ശനത്തില്‍ തന്നെ ബഹുജനശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രീജയിലെ കലാകാരിക്ക് സാധിച്ചു.

മാലോകര്‍ ചിത്രങ്ങള്‍ കണ്ടിട്ട് മനോഹരം എന്ന് വാഴ്ത്തുമ്പോഴും രചനകളില്‍ തൃപ്തിയും പൂര്‍ണതയും കണ്ടെത്തുവാന്‍ ശ്രീജയ്ക്ക് സാധിച്ചില്ല. എല്ലാവരും സഞ്ചരിക്കുന്ന പാതയിലൂടെ നടക്കാതെ വേറിട്ട വഴികളിലൂടെ യാത്രചെയ്യണം എന്ന് ശ്രീജയുടെ മനസ്സ് മന്ത്രിച്ചുകൊണ്ടേയിരുന്നു. വഴിമാറ്റിപിടിക്കണമെന്ന ആ തോന്നലാണ് പിന്നീട് പ്രശസ്തിയുടെ ഔന്നത്യത്തിലേക്ക് ചവിട്ടികയറാന്‍ ശ്രീജയെ പ്രാപ്തയാക്കിയത്. വേറിട്ട വഴികളില്‍ സഞ്ചരിക്കാന്‍ ആഗ്രഹിച്ച മനസ്സിനൊപ്പം ചലിക്കാനും പ്രവര്‍ത്തിക്കാനുമായതാണ് ശ്രീജ എന്ന കലാകാരിയുടെ വിജയം. മനസ്സില്‍ ഉടലെടുത്ത ആശയത്തെ തന്‍റെ യുക്തിയും ബുദ്ധിയും ഉപയോഗിച്ച് മികവുറ്റ കലാസൃഷ്ടിയാക്കി മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞു.


പ്രകൃതിയാണല്ലോ എല്ലാ ജീവജാലങ്ങളുടെയും അടിസ്ഥാനം എന്ന് മനസ്സിലാക്കി തന്‍റെ ആര്‍ട്ട് വര്‍ക്കിന് തീമായി സ്വീകരിച്ചത് പ്രകൃതിയെ തന്നെയാണ്.അങ്ങനെയാണ് ശ്രീജ പക്ഷികളുടെ കൊഴിഞ്ഞ തൂവലുകള്‍ ശേഖരിച്ച് അവയുടെ തനിമനഷ്ടപ്പെടാതെ സ്വാഭാവികചായക്കൂട്ടിലൂടെ ചിത്രങ്ങള്‍ ഉണ്ടാക്കിതുടങ്ങിയത്. പെറ്റ് ബേര്‍ഡ്സിന്‍റേയും മറ്റ് പക്ഷികളുടെയും തൂവലുകള്‍ വന്യജീവിനിയമം അനുശാസിക്കുന്നതരത്തില്‍ ചിത്രരചനയക്ക് ശ്രീജ ഉപയോഗിച്ചു.


തൂവലുകള്‍ ഭംഗിയായി അടുക്കി വച്ചാല്‍ തന്നെ മനോഹരമാണെന്ന തോന്നലാണ് ശ്രീജയെ തന്‍റെ ആര്‍ട്ട് വര്‍ക്കിന് തൂവല്‍ ഉപയോഗപ്പെടുത്താന്‍ പ്രേരിപ്പിച്ചത്.
തൂവല്‍ ശേഖരണത്തിനിടെ അസുഖങ്ങളും വിളിക്കാതെ വന്ന അതിഥിയായി ശ്രീജയുടെ അടുത്തെത്തി. പക്ഷികളുടെ കൊഴിഞ്ഞതൂവലുകള്‍ അണുവിമുക്തമാക്കിയതിന് ശേഷം മാത്രമാണ് ആര്‍ട്ട് വര്‍ക്കിന് ഉപയോഗിക്കുന്നത്.


ചത്ത പക്ഷികളുടെ തൂവലുകള്‍ ആര്‍ട്ടിന് ഉപയോഗിക്കാറില്ല. തനിയെ കൊഴിയുന്ന തൂവലുകള്‍ നല്ലതുപോലെ വെയിലത്തുവച്ച് ഉണക്കിമാത്രമാണ് രചനകള്‍ക്ക് ഉപയോഗപ്പെടുത്തുന്നത്. സമര്‍പ്പണ ചിന്താഗതിയോടെ ഓരോ ആര്‍ട്ട് വര്‍ക്കും മനോഹരമാക്കി തീര്‍ക്കാന്‍ ശ്രീജ ശ്രദ്ധിച്ചിരുന്നു. വര്‍ണക്കൂട്ടകളെ ക്യാന്‍വാസുകളിലേക്ക് പകര്‍ത്തി ചിത്രം വരയക്കുന്നു. പെയിന്‍റിംഗിലെ കഥാപാത്രങ്ങളെ തൂവലുകള്‍ കൊണ്ട് അലങ്കരിച്ച് ബാക്ക്ഗ്രൌണ്ട് പെയിന്‍റ് ചെയ്യുകയാണ് പതിവ്. തൂവലുകള്‍ തന്മയത്വത്തോടെയും ശ്രദ്ധയോടെയും സെറ്റ് ചെയ്തെടുത്തത് വഴി ലോകം ശ്രദ്ധിക്കുന്ന ആര്‍ട്ട് വര്‍ക്കുകളായി അത് മാറി.


യാത്രകള്‍ ഇഷ്ടപ്പെടുന്ന ശ്രീജ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ യാത്ര ചെയ്താണ് ആര്‍ട്ടിനുള്ള അസംസ്കൃത വസ്തുക്കള്‍ ശേഖരിക്കുന്നത്. ശ്രീജയുടെ സഞ്ചാരപാതയിലെ വൈവിദ്ധ്യം ഏവരേയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്
കല്ലുകളിലെ ആര്‍ട്ട് വര്‍ക്കാണ് ശ്രീജയുടെ അടുത്ത ശ്രദ്ധേയമായ വര്‍ക്ക്.

പേപ്പറുകളും ക്യാന്‍വാസുകളും അന്യമായിരുന്ന സമയത്ത് മനുഷ്യര്‍ ചിത്രങ്ങള്‍ വരച്ചത് കല്‍ ചുവരുകളിലായിരുന്നു. പുരാതന മനുഷ്യരുടെ പാത തെരഞ്ഞെടുത്ത് കല്ല് ക്യാന്‍വാസാക്കി മാറ്റി ശ്രീജ.
വിവിധ ആകൃതിയിലും രൂപത്തിലുമുള്ള പാറകല്ലുകളിലില്‍ ആധൂനികതയും പരമ്പരാഗതരീതിയിലുള്ളതുമായ പെയിന്‍റിംഗ് ചെയ്തു. രാജ്യത്തിന്‍റെ പലയിടങ്ങളില്‍ നിന്ന് ശേഖരിച്ച കല്ലുകള്‍ സാന്‍റ് പേപ്പര്‍ ഉപയോഗിച്ച് മിനുസപ്പെടുയതിനുശേഷമാണ് ചിത്രരചനനടത്തുന്നത്.


പുരാതന ഗുഹാചിത്രങ്ങളായ ബ്രീം ബേഡ്കാ,ഡെക്കാനി പെയിന്‍റിംഗ്, ജോദ്പൂര്‍,ഫാദ് ,ക്ഷേത്ര കലചിത്രങ്ങള്‍,കലംകാരി,സമകാലീന ചിത്രങ്ങള്‍, എന്നിവ ആക്രിലിക്ക് പെയിന്‍റിംഗിലൂടെ രചിച്ച് കല്ലുകള്‍ക്ക് ജീവന്‍ കൊടുത്തു. നൂറ്റമ്പതിലധികം ചിത്രങ്ങള്‍ കല്ലില്‍ വരച്ചു.


പിന്നീട് വഴിമാറ്റി പിടിച്ച ശ്രീജയയുടെ ശ്രദ്ധ പതിഞ്ഞത് ഷെല്‍ ആര്‍ട്ടിലേക്കാണ്. പ്രകൃതിയോടുള്ള അതിക്രമവും,പ്രകൃതി ദുരന്തവും, അതിജീവനവുമൊക്കെ പ്രമേയമാക്കി മുത്തുചിപ്പിയില്‍ കവിത രചിച്ചു ശ്രീജ. ചണത്തില്‍ തീര്‍ത്ത ക്യാന്‍വാസില്‍ ചിപ്പികള്‍ പിടിപ്പിച്ചാണ് ചിത്രങ്ങള്‍ ശ്രീജവരയ്ക്കുന്നത്. സൂര്യകാന്തിപ്പാടം,ജിറാഫ്,അണ്ണാന്‍,പക്ഷി മൃഗാദികള്‍ ഷെല്‍ ആര്‍ട്ടില്‍ തീര്‍ത്തു ശ്രീജ.


ചെറു ശംഖുകള്‍കൊണ്ടു നിര്‍മ്മിച്ച വടക്കുംനാഥ ക്ഷേത്രമാണ് ശ്രീജയുടെ മാസ്റ്റര്‍പീസ് എന്ന് വിശേഷിപ്പിക്കാവുന്ന വര്‍ക്ക്. സാധാരണ ഒരുവര്‍ക്കിന് മൂന്ന് ദിവസം എടുക്കുമ്പോള്‍ മൂന്ന് മാസങ്ങള്‍കൊണ്ടാണ് വടക്കുനാഥക്ഷേത്രത്തിന്‍റെ മാതൃക ശ്രീജ ചെയ്തുതീര്‍ത്തത്. പത്ത് കിലോഗ്രാമോളം വരുന്ന ചെറുശംഖുകള്‍ മോള്‍ഡ് ചെയ്താണ് ശില്‍പ്പം പൂര്‍ത്തിയാക്കിയത്.


തേക്കിന്‍ തടിയില്‍ തീര്‍ത്ത ക്ഷേത്രമാതൃകയില്‍ ഒരു സെന്‍റീമീറ്ററുള്ള ശംഖുകള്‍കൊണ്ട് പൊതിയുകയാണ് ചെയ്തത്. പകുതി വര്‍ക്കുകള്‍ കഴിഞ്ഞപ്പോള്‍ കൈവശം ഉള്ള ശംഖുകള്‍ തീര്‍ന്ന് പോയതായും ശ്രീജ. ക്ഷേത്രം നിര്‍മ്മിക്കാന്‍ ആവശ്യമുള്ള അളവിലുള്ള ശംഖുകള്‍ കിട്ടുന്നതുവരെ വെയിറ്റ് ചെയ്യേണ്ടി വന്നതായും ശ്രീജ വ്യക്തമാക്കുന്നു. നാലടി ഉയരവും രണ്ടേമുക്കലാടിയോളം വീതിയും ഉള്ള ശ്രീപത്മനാഭസ്വാമിക്ഷേത്രം തേക്കില്‍ നിര്‍മ്മിച്ച് അപൂര്‍വ്വയിനം ശംഖുകള്‍കൊണ്ട് പൊതിഞ്ഞു. ഈ രണ്ട് വര്‍ക്കുകള്‍ തീര്‍ക്കാന്‍ കാലതാമസം നേരിട്ടത് നിര്‍മ്മാണത്തിന് ആവശ്യമുളള അളവിലുള്ള കടല്‍‌ ശംഖുകള്‍ കിട്ടാനുള്ള പ്രയാസമായിരുന്നു കാരണമെന്നും ശ്രീജ പറയുന്നു.


വടക്കുനാഥ ക്ഷേത്രമാണ് മാസ്റ്റര്‍പീസായി കരുതുന്നതെങ്കിലും അടുത്തതായിരിക്കും തന്‍റെ ഡ്രീം പ്രോജക്റ്റ് എന്ന് ശ്രീജ പറയുന്നു. കോവിഡ്കാലം ആയതുകൊണ്ട് പുതിയ വര്‍ക്കുകള്‍ ചെയ്യുന്നതിന് ലോക്ക് വീണതായും ശ്രീജ.


തൂവലുകളുടെ ശേഖരത്തിന് നാഷണല്‍ റെക്കോര്‍ഡുകളും നാഷണല്‍ അവാര്‍ഡുകളും തൂവല്‍കൊണ്ടുള്ള ആര്‍ട്ട് വര്‍ക്കിന് ലിംക ബുക്ക് ഓഫ് അവാര്‍ഡ്,ബെസ്റ്റ് ഓഫ് ഇന്ത്യയുടെ വേള്‍ഡ് റെക്കോര്‍ഡ്,യു.ആര്‍എഫ് വേള്‍ഡ് റെക്കോര്‍ഡ്, അമേരിക്കന്‍ ഗ്ലോബല്‍ അവാര്‍ഡും ഗ്ലോബല്‍ റെക്കോര്‍ഡും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡും തേടിയെത്തി. കല്ലുകളിലെ ചിത്രങ്ങളും ഈ പുരസ്കാരങ്ങളൊക്കെ തന്നെ ശ്രീജയെ തേടി വീണ്ടും എത്തി.
ചിപ്പികള്‍ തീര്‍ത്ത 207 പ്രകൃതിദൃശ്യങ്ങള്‍ക്ക് ബെസ്റ്റ് ഓഫ് ഇന്ത്യയുടെ വേള്‍ഡ് റെക്കോര്‍ഡ്, ചെറിയ ശംഖുകള്‍ കൊണ്ടുനിര്‍മ്മിച്ച ലോകത്തില്‍ ഏറ്റവും വലിയ ക്ഷേത്രമാതൃകളുടെ രൂപത്തിന് വടക്കു നാഥക്ഷേത്രത്തിനും പത്മനാഭസ്വാമിക്ഷേത്രത്തിനും ബെസ്റ്റ് ഓഫ് ഇന്ത്യയുടെ വേള്‍ഡ് റെക്കോര്‍ഡും ശ്രീജ കരസ്ഥമാക്കി.


ഇതൊക്കെയാണെങ്കിലുംആര്‍ട്ട് വര്‍‌ക്കുകള്‍ വേണ്ട വിധത്തില്‍ സൂക്ഷിച്ചുവയ്ക്കാന്‍ ശ്രീജയക്ക് പറ്റുന്നില്ല. ശ്രീജയും കുടുംബവും സാമസിക്കുന്നത് വാടകവീട്ടിലാണ്. സ്ഥലപരിമിതിയാണ് ഏറ്റവും വലിയ വെല്ലുവിളി. പുതിയ വര്‍ക്കിനുള്ള അസംസ്കൃത വസ്തുക്കളും ആര്‍ട്ടുവര്‍ക്കുകളും വേണ്ടവിധത്തില്‍ സൂക്ഷിച്ചു വയ്ക്കുവാന്‍ ഈ കലാകാരിക്ക് സാധിക്കുന്നില്ല. തന്‍റെ ആര്‍ട്ട് വര്‍ക്കുകള്‍ കിട്ടുന്ന തുച്ഛമായ വിലയ്ക്ക് കൊടുത്തു തീര്‍ക്കുവാന്‍ ഈ കാലാകാരിയെ പ്രേരിപ്പിക്കുന്നു. സ്വന്തമായി ഒരു സെന്‍റ്പോലും ഭൂമി ഇല്ലാത്തതിനാല്‍ ലോണെടുത്ത് വീടുവയ്ക്കാനുള്ള ആഗ്രഹവും വീദൂരസ്വപ്നമായി അവശേഷിക്കുന്നു.


പൂങ്കുന്നം ശ്രീഹരി വിദ്യനിധി വിദ്യാലയത്തിലെ ആര്‍ട്ട് അധ്യാപികയായി ജോലി കിട്ടിയത് ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെട്ട ശ്രീജയ്ക്ക് ഓര്‍ക്കപ്പുറത്ത് കിട്ടിയ ദൈവനുഗ്രഹമായിരുന്നു . പിന്നീട് ചിലകാരണങ്ങള്‍ കൊണ്ട് ജോലി ഉപേക്ഷിക്കേണ്ടിവന്നപ്പോഴും തളരാതെ പിടിച്ചു നിര്‍ത്തിയത് പച്ചയായ ജീവിതഅനുഭവങ്ങളിലൂടെ ആര്‍ജ്ജിച്ചെടുത്ത മനക്കരുത്തും ശ്രീജയുടെ നല്ലവരായ സുഹൃത്തുക്കളുടെ സഹായവും ആയിരുന്നു.

ചിത്രരചനകളിലെ ഇടവേളകളില്‍ ജുവല്ലറി ഡിസൈനിംഗ്, വസ്ത്രങ്ങളില്‍ മ്യൂറല്‍ പെയിന്‍റിംഗ് ചെയ്തുമാണ് ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. പത്താംക്ലാസുകാരന്‍ മകന്‍ മഹേശ്വറിനും അമ്മയുടെ കഴിവുകള്‍ പകര്‍ന്നു കിട്ടിയിട്ടുണ്ട്. നിലമ്പൂര്‍ സ്വദേശിനിയാണ് ശ്രീജ. തൃശ്ശൂര്‍ പൂത്തോളിലാണ് ശ്രീജയും മകനും ഇപ്പോള്‍ വസിക്കുന്നത്.


വ്യത്യസ്തവും നൂതനവുമായ മാധ്യമങ്ങളിലൂടെ സംവേദനം നടത്തുന്ന ഈ കാലാകാരികാരിയെ അത്ഭുതമൂറുന്ന കണ്ണുകളോടെയാണ് പൊതുസമൂഹം എന്നും നോക്കികാണുന്നത്. ശ്രീജയുടെ അടുത്ത വര്‍ക്ക് എന്തായിരിക്കും എന്ന ആകാംക്ഷയിലാണ് ആസ്വാദകവൃന്ദം

കൃഷ്ണ അര്‍ജുന്‍

Leave a Reply

Your email address will not be published. Required fields are marked *