ജലോദ്യാനം വീട്ടുമുറ്റത്ത് ഒരുക്കാം
വീട്ടുമുറ്റത്തെ പൂന്തോട്ടത്തിന് അഴക് കൂട്ടുന്നത് എപ്പോഴും പൂക്കളാണ്. പൂന്തോട്ടത്തിന് മാറ്റുകൂട്ടാൻ താമരയും ആമ്പലും കൂടാതെ മറ്റു പലതരം പൂവിടും ജലസസ്യങ്ങൾ ഇന്നു ലഭ്യമാണ്. നേരിട്ടുവെയിൽ കിട്ടുന്നിടത്ത് ഇവയെല്ലാം യഥേഷ്ടം പുഷ്പിക്കും.ആമ്പൽ ഉൾപ്പെടെ പല ജലസസ്യങ്ങളും നന്നായി പൂവിടാൻ രാവിലെത്തെ വെയിലാണ് ഉചിതം.പൂമൊട്ടിൽ രാവിലത്തെ സൂര്യപ്രകാശം വീഴുമ്പോഴാണ് പൂ വിരിയുക. സൂര്യപ്രകാശം നേരിട്ട് ജലത്തിൽ പതിക്കുന്നത് തടഞ്ഞു പായൽ( ആൽഗ) വളർന്നു വെള്ളം മോശമാകുന്നത് ഒഴിവാക്കാനും ഈ ജലസസ്യങ്ങൾ സഹായിക്കുന്നു.
ഡബിൾ ഫ്ലവറിങ് ആരോ ഹെഡ്
സാജിറ്റേറിയ ജാപ്പോനിക്ക എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ഈ ചെടിയ്ക്ക് ജാപ്പോനിക്ക എന്നും വിളിപ്പേരുണ്ട്. വെളുത്ത പൂക്കളാണ് ഇതിൽ ഉണ്ടാവുന്നത്. ബ്രൈഡൽ ബുക്കെപ്പോലുള്ള പുങ്കുലയാണ് ഈ ജലസസ്യത്തിന്റെ ഭംഗി.അരമീറ്റർ നീളമുള്ള ശിഖരങ്ങളോടുകൂടിയ പൂങ്കുലയിൽ റോസാപ്പൂ പോലെയുള്ള പൂക്കൾ. ജലാശയത്തിലെ മണ്ണിലുള്ള കിഴങ്ങിൽ നിന്നാണ് ചെടി ഇലകളും പൂങ്കുലയുമെല്ലാം ഉൽപ്പാദിപ്പിക്കുന്നത്.കിഴങ്ങിന് ചുറ്റും പടർന്നു വളരുന്ന വേരുകളുടെ തുമ്പിൽ ഉണ്ടായിവരുന്ന നെൽമണിപ്പോലുള്ള ഭാഗമാണ് പിന്നീട് വളർന്നു പുതിയ ചെടിയാകുന്നത്. ഇത്തരം തൈകൾ ആവശ്യത്തിന് വളർച്ചയായാൽ വേർപ്പെടുത്തിയെടുത്ത് നടാം. രണ്ട് മാസം കഴിയുമ്പോൾ പൂവിട്ടു തുടങ്ങും. പൂക്കൾ ഒന്നൊന്നായാണ് വിരിഞ്ഞു വരിക.വെയിൽ അധികമായാൽ പൂക്കൾക്ക് ഇളം പിങ്ക് നിറമാകും.
മെക്സിക്കൻ സ്വോർഡ്
മണ്ണിനടിയിൽ വളരുന്ന കിഴങ്ങിൽ നിന്നാണ് ചെടി ഇലകളും പൂക്കളും ഉൽപ്പാദിപ്പിക്കുക. പൂക്കൾ ഒരുമിച്ചാണ് വിരിയുന്നത്. നേർത്ത സുഗന്ധമുള്ള വെളുത്ത നിറത്തിലുള്ള പൂക്കൾ.നടുവിലുള്ള കേസരങ്ങൾക്ക് കടും മഞ്ഞ നിറം. പൂവിട്ടു കഴിഞ്ഞു പൂന്തണ്ട് വെള്ളത്തിൽ മുട്ടിച്ചുനിർത്തിയാൽ മുട്ടുകളിൽ നിന്ന് പുതിയ ചെടികൾ ഉണ്ടാകും. ഇത് നടാനായി ഉപയോഗിക്കാം. തണൽ അധികമായാൽ പൂവിടില്ല.
വാട്ടർ പോപ്പി
ചെറിയ മഞ്ഞപ്പൂക്കളാണ് ഈ ജലസസ്യത്തിലുണ്ടാകുന്നത്.മൂന്ന് ഇതളുകളാണ് പൂക്കൾക്ക്. പൂക്കൾ ഒറ്റയ്ക്കായാണ് ചെടിയിൽ കാണുക. എല്ലാ കലാസ്ഥയിലും പൂക്കൾ ഉണ്ടാകും. മെഴുകിന്റെ ആവരണമുള്ള ഇലകൾക്ക് വൃത്താകൃതിയാണ്. ആമ്പലുമായി നല്ല രൂപസാദൃശ്യമുണ്ട്.തണ്ടിന്റെ മുട്ടുകളിൽ നിന്നാണ് വേരുകളോടുകൂടിയ തൈകൾ വരിക.ആവശ്യത്തിന് വലിപ്പമായ തൈ വേർപ്പെടുത്തിയെടുത്ത് നടാം.
നെയ്യാമ്പൽ
ഇംഗ്ലീഷിൽ ഇതിനെ സ്നോ ഫ് ലേക്ക് വാട്ടർ ലില്ലി എന്നറിയപ്പെടുന്നു.വെള്ളനിറത്തിൽ ധാരാളം നാരുകളോടുകൂടിയ പഞ്ഞിപ്പോലുള്ള പൂക്കളാണ് ഇതിൽ ഉണ്ടാകുന്നത്.അഞ്ച് ഇതളുകളുള്ള പൂവിന്റെ മധ്യഭാഗത്തിന് നല്ല മഞ്ഞ നിറമാണ്.ഇലയുടെ ചുവട്ടിൽ നിന്നാണ് തൈകൾ ഉണ്ടാകുന്നത്. പ്രായമായ ഇലകൾ ഇളക്കിയെടുത്ത് വെള്ളത്തിൽ ഇട്ടാലും തൈകൾ ഉണ്ടാകും. ആഴം കുറഞ്ഞ ജലാശയത്തിലും ഇത് വളർത്താം.
യെല്ലോ വാട്ടർ ലില്ലി
ആമ്പലുമായി ഇതിന് സാദൃശ്യമുണ്ട്.കടും മഞ്ഞനിറത്തിലുള്ള പൂക്കളാണ് ഇതിൽ ഉണ്ടാകുന്നത്.ആമ്പലിനെപ്പോലെ നല്ല നീളമുള്ള തണ്ടിന്റെ അറ്റത്താണ് ഇലകളും പൂക്കളും ഉണ്ടാകുന്നത്. ഒറ്റനോട്ടത്തിൽ ഇതിലെ പൂക്കൾ പ്ളാസ്റ്റിക് പൂക്കൾ പോലെ തോന്നും.നാല് ദിവസം മാത്രമേ പൂക്കൾ നിൽക്കൂ.മണ്ണിനടിയിൽ ഇതിന്റെ വേരുകളിൽ ഉണ്ടാകുന്ന കിഴങ്ങിൽ നിന്ന് ഉണ്ടായിവരുന്ന പുതിയ ചെടികളാണ് നടീൽ വസ്തു.
വാട്ടർ മൊസൈക് പ്ളാന്റ്
ഇതിലെ ഇലകളും മഞ്ഞപ്പൂക്കളുമാണ് ചെടിയുടെ ആകർഷണം.പച്ചയും മെറൂണും നിറത്തിലുള്ള ഇലകളാണ്.ഇലകൾ നടുവിലുള്ള കുറുകിയ തണ്ടിൽ നിന്നും എല്ലാ വശങ്ങളിലേക്കും ഒരുപ്പോലെയാണ് ഉണ്ടായിവരിക.ആറ് ഏഴ് ഇഞ്ച് വരെ വൃത്താകൃതിയിൽ ചെടി വലുപ്പം വെയ്ക്കും.ചെടിയുടെ വശങ്ങളിലായാണ് തൈകൾ ഉണ്ടാകുന്നത്. അത് വേർപ്പെടുത്തി എടുത്തു നടാം.രണ്ട് മൂന്ന് ദിവസം പൂക്കൾ കൊഴിയാതെ നിൽക്കും.