ആധാറും വോട്ടര്‍ഐഡിയും ബന്ധിപ്പിക്കാന്‍ ബില്‍ വരുന്നു

ദില്ലി:ആധാർ കാര്‍ഡും ഇലക്ട്രല്‍ വോര്‍ട്ടേഴ്സ് ഐഡന്‍റിറ്റി കാർഡും തമ്മിൽ ബന്ധിപ്പിക്കന്‍ പദ്ധതി. ഇതിന്‍റെ ഭാഗമായി ബില്ല് അവതരിപ്പിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.കള്ളവോട്ട് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ആധാർ കാർഡും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതെന്നാണ് കേന്ദ്രസർക്കാർ വിശദീകരിക്കുന്നത്. ഇതടക്കമുള്ള പ്രധാന തെരഞ്ഞെടുപ്പ് പരിഷ്കരണഭേദഗതിക്ക് ഇന്നലെ ദില്ലിയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി.
വോട്ടർ ഐഡിയും ആധാറും ബന്ധിപ്പിക്കുന്നതോടെ ഒരാൾക്ക് ഒരിടത്ത് ഒരുവോട്ട് മാത്രമേ ചെയ്യാനാകൂ. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പൈലറ്റ് പ്രോജക്ട് വിജയമെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഭേദഗതി നിർദേശം സർക്കാരിന് സമർപ്പിച്ചതെന്ന് വ്യക്തമാക്കുന്നു. ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കണമെന്ന് നിലവിൽ സുപ്രീംകോടതിയിൽ ഒരു ഹർജി നിലവിലുണ്ട്. തുടക്കത്തിൽ ഇക്കാര്യം ആരെയും നിർബന്ധിക്കില്ല. അതേസമയം, ഇതുരണ്ടും ബന്ധിപ്പിക്കാത്തവരെ എളുപ്പത്തിൽ കണ്ടെത്താനും നിരീക്ഷിക്കാനുമാവും.


ബില്ലിലെ മറ്റൊരു ശ്രദ്ധേയനിർദേശം വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഒരു വർഷം കൂടുതൽ അവസരങ്ങൾ നൽകുക എന്നതാണ്. ജനുവരി 1, 2022 മുതൽ ആദ്യമായി വോട്ട് ചെയ്യുന്ന 18 വയസ്സുകാർക്ക് വർഷം നാല് തവണ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാകും. നാല് തവണയ്ക്കും നാല് കട്ട് ഓഫ് തീയതികളുമുണ്ടാകും. ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1 എന്നിങ്ങനെ തീയതികളിൽ തുടങ്ങുന്ന കാലാവധികളിലാകും വോട്ടർപട്ടികയിൽ പേര് ചേർക്കാനാകുക. നിലവിൽ വർഷത്തിൽ ഒരു തവണ മാത്രമാണ് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമുള്ളത്.

നടപ്പ് സമ്മേളനത്തിൽത്തന്നെ വോട്ടെടുപ്പ് പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട ബില്ല് കേന്ദ്രസർക്കാർ അവതരിപ്പിക്കും. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഒരു വർഷം ഒന്നിലധികം അവസരം നൽകുമെന്നതാണ് പരിഷ്കാരങ്ങളിലെ മറ്റൊരു ശ്രദ്ധേയമായ ഭാഗം. വോട്ടെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യമാക്കാനും, തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതൽ അധികാരങ്ങൾ നൽകാനും, ഇരട്ടവോട്ടും കള്ളവോട്ടും തടയാനുമായാണ് പുതിയ നിയമപരിഷ്കാരങ്ങൾ നടപ്പാക്കുന്നത്.
നേരത്തെ പാൻ കാർഡും ആധാറും ബന്ധിപ്പിക്കുന്ന നിർബന്ധമാക്കി കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇത് പോലെ നിർബന്ധിതരീതിയിലാകില്ല വോട്ടർ ഐഡിയും ആധാറും ബന്ധിപ്പിക്കുന്ന ഉത്തരവെന്നാണ് സൂചന. സ്വകാര്യതയ്ക്കുള്ള അവകാശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി കൂടി പരിശോധിച്ച്, ഇതിന്‍റെ അടിസ്ഥാനത്തിലാകും ഉത്തരവ് പുറത്തിറക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!