ഫൗണ്ടേഷൻ തെരെഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യം ഓര്‍ത്തിരിക്കാം
സ്വന്തം ചർമ്മത്തിനും നിറത്തിനും ചേരുന്ന കോസ്മെറ്റിക്കുകൾ അഥവാ സൗന്ദര്യവർദ്ധക സാധനങ്ങൾ ആയിരിക്കണം തെരഞ്ഞെടുക്കേണ്ടത്.
പ്രായത്തിന് ഇണങ്ങുന്ന മേക്കപ്പും കോസ്മെറ്റിക്സും ആയാൽ വളരെ നല്ലത്. നിങ്ങൾ എന്താണോ അത് സ്വയം ഫീൽ ചെയ്യണം, അതോടൊപ്പം കാണുന്നവർക്കും. പ്രായം കുറച്ചു കാട്ടാൻ മാത്രം ആവരുത് കോസ്മെറ്റിക്സ് ഉപയോഗം. ഫൗണ്ടേഷൻ ക്രീം, ലിപ്സ്റ്റിക്, കോംപാക്ട് പൗഡർ, ഐലൈനർ, ഹെയർ ഡൈ എന്നിവ തന്നെയാണ് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന കോസ്മെറ്റിക്സ് ഇനങ്ങൾ.
ഫൗണ്ടേഷൻ ക്രീം വാങ്ങുമ്പോൾ കൈയിൽ ടെസ്റ്റ് ചെയ്തു നോക്കിയ ശേഷം മാത്രം വാങ്ങുക. നിറത്തിന് അനുസരിച്ചുള്ള ബ്രാൻഡഡ് ഉൽപന്നങ്ങൾ വാങ്ങുകയാവും ഉത്തമം. പ്രാധാനമായും മൂന്ന് നിറങ്ങളിൽ ആണ് ഫൗണ്ടേഷൻ ക്രീം ലഭ്യമാകുക. ഐവറി, ബെയ്ജ്, ബ്രോൺസ് എന്നിങ്ങനെ. വെളുത്ത നിറക്കാർക്ക് ഐവറി, ഇരുനിറക്കാർക്ക് ബെയ്ജ് കറുപ്പ് നിറക്കാർക്ക് ബ്രോൺസ് ഇതായിരിക്കും യോജിച്ച കോമ്പിനേഷൻ. കൂടെക്കൂടെ വിയർക്കുന്നവർക്കും അധിക സമയം മേക്കപ്പ് ഉപയോഗിക്കേണ്ടി വരുന്നവർക്കും വാട്ടർപ്രൂഫ് ഫൗണ്ടേഷൻ ആണ് ഏറ്റവും നല്ലത്. ഫൗണ്ടേഷൻ ഉപയോഗിക്കുമ്പോൾ ചിലരിൽ അലർജി കാണാറുണ്ട്. ചൊറിച്ചിൽ, ചുവന്ന് തുടിക്കൽ തുടങ്ങി വേദനയുള്ള കുരുക്കൾ വരെ പ്രത്യക്ഷപ്പെട്ടേക്കാം. ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അവയുടെ ഉപയോഗം തുടരാതിരിക്കുക. ഐസ് പാക്ക് മുഖത്ത് ഇടുകയോ കലാമൈൻ ലോഷൻ പുരട്ടുകയോ ചെയ്യുകയെ ചെയ്യുന്നത് ആശ്വാസം നൽകും.
ഓയിലി സ്കിൻ ഉള്ളവരും മുഖത്ത് കുരുക്കൾ ഉള്ളവരും ക്രീം ഫൗണ്ടേഷൻ ഉപയോഗം കുറയ്ക്കണം. പുറത്ത് പോകുമ്പോൾ മാത്രം മേക്കപ്പ് ഉപയോഗിക്കാൻ ശ്രമിക്കുക. അതും ഓയിൽ ഫ്രീ ഫൗണ്ടേഷൻ ക്രീമുകൾ മാത്രം. ഡ്രൈ സ്കിൻ ആണെങ്കിൽ മൈൽഡ് ക്ലെൻസേഴ്സും മോയ്സ്ചറൈസറും ഉപയോഗിക്കേണ്ടി വരും.
ദിവസവും പുറത്തു പോകേണ്ടി വരുന്നവർ ആണെങ്കിൽ ലളിതമായ മേക്കപ്പ് ശീലമാക്കാൻ ശ്രമിക്കുക. കോംപാക്ട്, ലിപ്സ്റ്റിക്, ഐലൈനർ ഇവ മൂന്നും ഉണ്ടെങ്കിൽ ലാളിത്യത്തോടെ ഒരുങ്ങാം, ഫ്രഷ് ലുക്ക് ലഭിക്കുകയും ചെയ്യും.