ഫോട്ടോഗ്രാഫർ വിക്ടർ ജോർജിന്റെ ഓർമകൾക്ക് ഇന്ന് 21 വയസ്
മലയാളിയുടെ ഓരോ മഴ ഓർമകളിലും വിക്ടർ ഇന്നും ഒരു നനുത്ത നൊമ്പരമായി തുടരുകയാണ്. മഴയെ ഇത്രയധികം സ്നേഹിച്ച വിക്ടറിന്റെ ക്യാമറയിൽ അവസാനം പകർത്തിയതും മഴയുടെ കോപം നിറഞ്ഞ മുഖങ്ങളായിരുന്നു. .കൃത്യ നിർവഹണത്തിനിടയിൽ മരണം കീഴടക്കിയ ആദ്യ മലയാളി ഫോട്ടോഗ്രാഫര്‍. മലയാളികൾക്ക് അത്രമേൽ ദൃശ്യ ഭംഗി സമ്മാനിച്ച വിക്ടർ ജോർജ്ജ്. ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ വെണ്ണിയാനി മലയിൽ ഉരുൾപൊട്ടലിന്റെ ചിത്രങ്ങൾ എടുക്കവേ മണ്ണിടിച്ചിലിൽ ആകസ്മികമായി മരണപ്പെട്ടു.
2001 ജൂലൈ 9 ന് ഇടുക്കി ജില്ലയിലെ വെണ്ണിയാനി മലയിലുണ്ടായ ഉരുൾപൊട്ടലിന്റെ ചിത്രങ്ങൾ പകർത്തുന്നതിനിടെ കുത്തൊഴുക്കിനിടെ ഉണ്ടായ മണ്ണിടിച്ചിലിൽപെട്ട് വിക്ടറിന്റെ ജീവൻ പൊലിഞ്ഞത്.ജീവിതത്തിന്റെ അവസാന ഫ്രെയിമിൽ നിന്ന് കുടയും ചൂടി വിക്ടർ ജോർജ് മരണത്തിലേക്ക് നടന്നുപോയത് 21 വർഷം മുമ്പാണ്. വെള്ളിയാനിയിലുണ്ടായ ഉരുൾപൊട്ടലിന്റെ ചിത്രമെടുക്കാനാണ് മലയാള മനോരമ ഫോട്ടോഗ്രാഫറായിരുന്ന വിക്ടർ ജോർജ്ജ് പോയത്. തോരാതെ പെയ്ത മഴയും ഉരുൾപൊട്ടലുമെല്ലാം തുടരെത്തുടരെ വിക്ടറിന്റെ ക്യാമറയിൽ പതിഞ്ഞുകൊണ്ടിരുന്നു. മഴയുടെ രൗദ്രഭാവങ്ങൾ കൂടുതലായി പകർത്താൻ ഉരുൾ പൊട്ടി വന്ന വഴിയിലൂടെ വിക്ടർ നടന്നു.
പൊട്ടി വരുന്ന ഉരുൾ വിക്ടർ കണ്ടുകാണില്ല, കല്ലും വെള്ളവും കുത്തിയൊലിച്ച ആ ഹുങ്കാരത്തിൽ വിക്ടർ പുറകിലേക്ക് മറിഞ്ഞുവീണു. സന്തത സഹചാരിയായിരുന്ന nikon fi camera ദൂരേക്ക് തെറിച്ചുപോയി. മരണശേഷം വിക്ടറിന്റെ മഴചിത്രങ്ങളുടെ ആൽബം പുറത്തിറക്കി മനോരമ ആ അതുല്യ ഫോട്ടോഗ്രാഫർക്ക് സ്മാരകം ഒരുക്കി. 1955 ഏപ്രിൽ 10 ന് കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിനടുത്തുള്ള കാണക്കാരി ഗ്രാമത്തിലാണ് വിക്ടർ ജോർജ്ജ് ജനിച്ചത്. തന്റെ സഹോദരനായിരുന്നു ഫോട്ടോഗ്രഫിയുടെ ആദ്യപാഠങ്ങൾ പഠിപ്പിച്ചുകൊടുത്തത്. ഒരു വിനോദമായി തുടങ്ങിയ ഫോട്ടോഗ്രഫി പിന്നീട് ഒരു മുഴുവൻ സമയ പ്രവൃത്തി ആയി മാറുകയായിരുന്നു. 1981-ൽ മലയാള മനോരമയിൽ ചേർന്നു. 1985 മുതൽ 1990 വരെ മനോരമയുടെ ഡെൽഹി ബ്യൂറോയിൽ പ്രവർത്തിച്ചു. 1986-ലെ ദേശീയ ഗെയിംസിന്റെ ചിത്രങ്ങൾ വിക്ടറിനെ അന്താരാഷ്ട്ര പ്രശസ്തനാക്കി.
അനിതാ സൂദ്, കവിതാ സൂദ് എന്നീ നീന്തൽക്കാരികളുടെ അമ്മ (അല്പം തടിച്ച സ്ത്രീ) വനിതകളുടെ 400 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിൽ ഗാലറിയിൽ നിന്ന് അവരെ പ്രോൽസാഹിപ്പിക്കുന്നതിന്റെ ചിത്രങ്ങൾ വിക്ടറിന് ഏറെ പ്രശസ്തി നൽകി. 1990 മുതൽ വിക്ടർ മനോരമ കോട്ടയം ബ്യൂറോയുടെ ചീഫ് ഫോട്ടോഗ്രാഫർ ആയിരുന്നു. കോട്ടയം ജില്ലാ ആശുപത്രിയിൽ പേവിഷബാധ വന്ന് മരിക്കാറായ ഒരു കുഞ്ഞ് അച്ഛന്റെ കൈയിൽ ഇറുക്കിപ്പിടിക്കുന്നതിന്റെ ചിത്രം. കുഞ്ഞിന്റെ മുഖവും സംരക്ഷിക്കുവാനായി നീണ്ട പിതാവിന്റെ കരവും മാത്രമേ ആ ചിത്രത്തിൽ ഉണ്ടായിരുന്നുള്ളൂ.
മലയാളമനോരമയുടെ ഭാഷാസാഹിത്യമാസികയായ ഭാഷാപോഷിണിക്കുവേണ്ടി വിക്ടർ എടുത്ത കവികളുടെയും കലാകാരന്മാരുടെയും എഴുത്തുകാരുടെയും ചിത്രങ്ങൾ തന്റെ ചിത്രങ്ങളുടെ വിഷയമായ കലാകാരനുമായി ഒരേ ഈണത്തിൽ സ്പന്ദിക്കുവാനുള്ള വിക്ടറിന്റെ കഴിവിന് മകുടോദാഹരണമാണ്.
കോട്ടയത്ത് കുറച്ചുനാൾ പത്രത്തിൽ പ്രവർത്തിച്ചതിനു ശേഷം വിക്ടർ തന്റെ ശ്രദ്ധ പ്രകൃതി ഛായാഗ്രഹണത്തിലേക്ക് തിരിച്ചു. പ്രകൃതിയുടെ ആക്രമണത്തിനു വിധേയമായ പരിസ്ഥിതിയും മനുഷ്യന്റെ ദുരയും വിക്ടറിന്റെ ഛായാചിത്രങ്ങൾക്ക് വിഷയങ്ങളായി. കുട്ടനാട്ടിലെ കായലുകള്‍, ഭാരതപ്പുഴ, വന്യജീവികൾ (പ്രത്യേകിച്ചും പാമ്പുകൾ), ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിന്റെ പശ്ചാത്തല ചിത്രീകരണം, കേരളത്തിലെ മൺസൂൺ എന്നിവ വിക്ടറിന്റെ പ്രിയപ്പെട്ട വിഷയങ്ങളായി.
രണ്ടുവർഷത്തോളം വിക്ടർ റെയിൻ ബുക്ക് എന്ന തന്റെ പദ്ധതിയിൽ പ്രവർത്തിച്ചു. കന്യാകുമാരി, കോവളം, ശംഖുമുഖം കടപ്പുറം, ആലപ്പുഴയിലെ കടലോരങ്ങൾ എന്നിവിടങ്ങളിലെല്ലാം മൺസൂൺ ചിത്രീകരിക്കുവാനായി വിക്ടർ സഞ്ചരിച്ചു. മൂന്നാറിലെയും നെല്ലിയാമ്പതിയിലെയും കുന്നുകളിൽ പട്ടുനൂൽ പോലെയുള്ള മഴയുടെ വിവിധ ഭാവങ്ങളും വിക്ടർ കാമറയിൽ പകർത്തി. ഒരോ മൺസൂൺ വന്നുപോകുമ്പോഴും മലയാളികൾ ഓർക്കും വിക്ടർ ജോർജ് എന്ന ഫോട്ടോ ജേർണലിസ്റ്റിനെ. ഒരിക്കൽ കൂടി ഓർത്തെടുക്കും അദ്ദേഹം സമ്മാനിച്ച അപൂർവങ്ങളും അനശ്വരവുമായ ദൃശ്യങ്ങളെ. മകൻ നീൽ വിക്ടറിന് 21വയസ്സ് കഴിഞ്ഞു. അച്ഛന്റെ പ്രൊഫഷന് തന്നെയാണ് മകനും തെരഞ്ഞെടുത്തത്..പത്രപ്രവര്‍ത്തനം പഠിച്ചു തുടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കേണ്ട ജീവചരിത്രമാണ് വിക്ടജോര്ജിന്റേത്.
കടപ്പാട്. വിവിധ മാധ്യമങ്ങൾ.