വൃദ്ധരുടെ വിഷാദരോഗം അവഗണിക്കരുതേ
ആകുലതകളും വിചാരങ്ങളും പങ്കുവയ്ക്കാനാളില്ലാതെ ഏകാന്തതയുടെ പിടിയിലമരുന്ന നല്ലൊരു ശതമാനം വൃദ്ധരാണേറെയും. മക്കളുമൊത്ത് സസന്തോഷം ജീവിച്ച വീടുകള്‍ പലതിലും ഇന്ന് പ്രായമായവര്‍ ഒറ്റയ്ക്കാണ്. ജീവിതസായാഹ്നത്തില്‍ അവര്‍ വളരെ നിരാശരാണ്.കൂട്ടുകുടുംബവ്യവസ്ഥ തകര്‍ന്നതാണ് വൃദ്ധജനങ്ങളുടെ ഒറ്റപ്പെടലിന് പ്രധാന കാരണം. ഒട്ടേറെ പ്രതിസന്ധികളെ നേരിടുന്ന വാര്‍ധക്യത്തില്‍ വളരെ പെട്ടെന്നുതന്നെ വിഷാദത്തിലേക്ക് വഴുതിവീഴാം.
സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങള്‍ നടത്താനുള്ള സ്വാതന്ത്യ്രം നഷ്ടമാകുന്നതും, ജിവിതത്തിനുമേലുള്ള നിയന്ത്രണം പോകുന്നതും പ്രായമായവര്‍ ഇഷ്ടപ്പെടുന്നില്ല. ദേഷ്യപ്പെടുകയും ശാസിക്കുകയും ചെയ്യുന്ന ബന്ധുക്കളെയും പരിചാരകരെയും ആശ്രയിക്കേണ്ടിവരുമോ എന്ന് അവര്‍ ഭയപ്പെടുന്നു. ഇത്തരം വിഷമാവസ്ഥകളൊക്കെ അവരെ വിഷാദത്തിലേക്കടുപ്പിക്കുന്നു. മക്കള്‍ വീടുവിട്ടു പോകുന്നതും തുണയില്ലാതാകുന്നതും ഏകാന്തതയും ഒറ്റപ്പെടലിനുമൊപ്പം വിഷാദത്തിനും ഇടയാക്കുന്നു.
പ്രായമാകുമ്പോള്‍ ശാരീരികപ്രവര്‍ത്തനങ്ങള്‍ കുറഞ്ഞുതുടങ്ങും. ഈ പ്രവര്‍ത്തനമാന്ദ്യംതന്നെ വിഷാദത്തിനിടയാക്കാറുണ്ട്. മസ്തിഷ്കരോഗങ്ങള്‍, തൈറോയ്ഡ് രോഗങ്ങള്‍, പ്രമേഹം, രക്തസമ്മര്‍ദം, ചില വൃക്കരോഗങ്ങള്‍ എന്നിവയോടനുബന്ധിച്ചും വിഷാദരോഗം ഉണ്ടാകുമെന്നതിനാല്‍ വിദഗ്ധപരിശോധനയിലൂടെ ഉറപ്പാക്കേണ്ടതുണ്ട്. രോഗങ്ങള്‍ക്കൊപ്പമുള്ള വിഷാദരോഗം ശമിക്കുമ്പോള്‍ ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനാകും. ഒപ്പം മറ്റു രോഗങ്ങളുടെ ചികിത്സ കൂടുതല്‍ ഫലപ്രാപ്തിയിലെത്തുകയും ചെയ്യും.
വ്യക്തിബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകള്‍, പങ്കാളിയുടെ വിയോഗം, ആജന്മ സുഹൃത്തുക്കളുടെ വിയോഗം, കാഴ്ചയും കേള്‍വിയും കുറയുക തുടങ്ങിയ പല ഘടകങ്ങളും വിഷാദരോഗാവസ്ഥക്ക് നിമിത്തമാകാറുണ്ട്.വ്യക്തിപരമായ പരാജയങ്ങള്‍, നഷ്ടങ്ങള്‍, മക്കളോടുള്ള സുഖകരമല്ലാത്ത ബന്ധങ്ങള്‍, മക്കളുടെ ദുഃഖങ്ങള്‍ തുടങ്ങിയ നോവുന്ന ചിന്തകള്‍ വിഷാദത്തിനിടയാക്കും. പണമില്ലാത്തതാണ് മറ്റൊരു പ്രശ്നം. ചില മരുന്നുകളും വിഷാദത്തിന് ഇടയാക്കുമെന്നതിനാല്‍ ലക്ഷണങ്ങള്‍ കാണുമ്പോള്‍തന്നെ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതുണ്ട്.