തെന്നിന്ത്യന്‍ പൂങ്കുയില്‍ പി. ലീലയുടെ 17ാം ചരമവാർഷികം
നാരായണീയം, ജ്ഞാനപ്പാന, ഹരിനാമകീർത്തനം മുതലായ ശ്ലോകങ്ങളിലൂടെ ഗുരുവായൂർ ഉൾപ്പെടെ കേരളത്തിലെ ക്ഷേത്രങ്ങളെയും പുലർകാലങ്ങളെ ഭക്തിസാന്ദ്രമാക്കുന്ന, മലയാളത്തിന് ഒരു പിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ച തെന്നിന്ത്യൻ സിനിമയിൽ സകല ഭാഷാ ചിത്രങ്ങളിലും പറന്നു പാടിയ പൂങ്കുയിൽ മലയാളിയുടെ എക്കാലത്തെയും മികച്ച ഗായിക പൊറയത്ത് ലീല എന്ന പി ലീല. 1934 മേയ് 19ന് പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ ജനിച്ചു. 1943-ല്‍ തമിഴ് ചിത്രത്തില്‍ പാടിക്കൊണ്ടാണ് പി.ലീല പിന്നണി ഗാന രംഗത്ത് തുടക്കം കുറിച്ചത്. 1948ൽ നിര്‍മ്മല എന്ന സിനിമയില്‍ ജി.ശങ്കരക്കുറുപ്പ് രചിച്ച ”പാടുക പൂങ്കുയിലേ കാവുതോറും….” എന്നുതുടങ്ങുന്ന ഗാനം ഗോവിന്ദറാവുവിനോടൊപ്പം പാടിക്കൊണ്ടാണ് മലയാളത്തിൽ തുടക്കം കുറിച്ചത്. മനദേശം എന്ന ചിത്രത്തിലൂടെ 1949 ൽ തെലുങ്കിലും പാടി. അടുത്ത രണ്ടു പതിറ്റാണ്ട് ദക്ഷിണേന്ത്യൻ സിനിമയിൽ ഏറ്റവും തിരക്കുള്ള ഗായികയായി അവർ. 1954 ൽ പുറത്തിറങ്ങിയ സ്നേഹസീമയ്ക്കു ദക്ഷിണമൂർത്തി ചിട്ടപ്പെടുത്തി ലീല പാടിയ ‘കണ്ണും പൂട്ടി ഉറങ്ങുക നീയെൻ’ എന്ന താരാട്ട് പാട്ട് പല തലമുറകളിലെ അമ്മമാർ മക്കളെ ഉറക്കാൻ പാടിയിട്ടുണ്ട്. 1950 ൽ സ്ത്രീ എന്ന ചിത്രത്തിൽ ചിദംബരനാഥിന്റെ ഈണം നൽകി ഇരയിമ്മൻ തമ്പിയുടെ ഓമനത്തിങ്കൾകിടാവോ എന്ന താരാട്ടുപാട്ടും ലീലയാണ് പാടിയത്.
സ്വപ്നങ്ങൾ സ്വപ്നങ്ങളെ നിങ്ങൾ സ്വർഗകുമാരികളല്ലോ (കാവ്യമേള), ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം (ഭാര്യമാർ സൂക്ഷിക്കുക), അഷ്ടമുടിക്കായലിലെ (മണവാട്ടി), സ്വർണചാമരം വീശിയെത്തുന്ന (യക്ഷി), അക്കരപ്പച്ചയിലെ അഞ്ജനച്ചോലയിലെ (സ്ഥാനാർഥി സാറാമ്മ) വാടരുതീ മലരീനി, കാനനഛായയിലാടു മേയ്ക്കാൻ, താരമേ താരമേ, താമരത്തുമ്പി വാ (കെ പി ഉദയഭാനു), പടിഞ്ഞാറെ മാനത്തുള്ള (പി ബി ശ്രീനിവാസ്), കണ്ണാരം പൊത്തി പൊത്തി (കമുകറ), കണ്ണും പൂട്ടിയുറങ്ങുക നീയെൻ (എ എം രാജ ‘ജനനീ ജയിക്ക നീണാൾ…മലയാളമേ’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. കണ്ണനെ കണ്ടേൻ സഖി, സ്വപ്നങ്ങൾ സ്വപ്നങ്ങൾ, ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം, സ്വർഗവാതിലേകാദശി, ദേവി ശ്രീദേവി തേടി വരുന്നൂ ഞാൻ, തമസാ നദിയുടെ എന്നിവയൊക്കെ ലീല പാടി അനശ്വരമാക്കിയ ഗാനങ്ങളാണ്. കഥകഥപ്പൈങ്കിളിയും പൊന്നണിഞ്ഞിട്ടില്ല ഞാൻ, കല്യാണ മോതിരം, ഊഞ്ഞാല് പൊന്നൂഞ്ഞാല് (കെ രാഘവൻ), പെണ്ണാളെ പെണ്ണാള (സലിൽ ചൗധരി), കൊട്ടും ഞാൻ കേട്ടില്ല, ആദ്യത്തെ കൺമണി ആണായിരിക്കണം, കന്നി നിലാവത്ത്, ഇന്നെന്റെ കരളിലെ പൊന്നണി പാടത്തൊരു തുടങ്ങി നിരവധി ഗാനങ്ങൾ പാടി. മലയാളത്തിൽ ഏറ്റവുമധികം വിറ്റുപോയ ഓഡിയോ കാസറ്റുകളിലൊന്നാണ് ദക്ഷിണമൂർത്തിയുടെ ഈണത്തിൽ ലീല പാടിയ നാരായണീയം. പിൽക്കാലത്ത് മറ്റുപലരും നാരായണീയം പാടിയിട്ടുണ്ടെങ്കിലും കാസറ്റ് വാങ്ങാൻ വരുന്നവരൊക്കെ പി ലീല പാടിയതു തന്നെ ചോദിച്ചുവാങ്ങുമായിരുന്നു. ജ്ഞാനപ്പാന, ഹരിനാമകീർത്തനം, ഗുരുവായൂർ സുപ്രഭാതം, മൂകാംബിക സുപ്രഭാതം, പാറമേക്കാവ് സ്തുതികൾ, ഹന്തഭാഗ്യം ജനാനാം തുടങ്ങി നിരവധി ഭക്തിഗാന ആൽബങ്ങൾ ലീലയുടെ സ്വരത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്.
നാരായണായ നമ (ചട്ടക്കാരി), കണി കാണും നേരം (ഓമനക്കുട്ടൻ), ഗോകുലപാല ഗോപകുമാര (പോസ്റ്റ്മാനെ കാണ്മാനില്ല), കൈ തൊഴാം കണ്ണാ (ശ്യാമളച്ചേച്ചി), ഹേമാംബരാഢംബരി (ശ്രീധർമ്മശാസ്ത), കന്യാതനയാ (നിണമണിഞ്ഞ കാൽപ്പാടുകൾ) തുടങ്ങി ലീല ഭക്തിപ്രധാനമായ സിനിമാഗാനങ്ങളും പാടിയിട്ടുണ്ട്.
1968 ൽ പ്രസിദ്ധ നടി സാവിത്രി നിർമ്മിച്ച ചിന്നരിപാപ്പുലു എന്ന തെലുങ്കു ചിത്രത്തിന് സംഗീതം നൽകിയതും പി ലീലയായിരുന്നു. മലയാളത്തിൽ എന്റെ സൂര്യപുത്രിക്ക് (1991), തിരകൾക്കപ്പുറം (1998) എന്നീ സിനിമകൾക്കു വേണ്ടിയാണ് അവസാനം പാടിയത്. കേരളസർക്കാർ സിനിമാപുരസ്കാരം നൽകിത്തുടങ്ങിയ 1969 ലെ മികച്ച ഗായകയായി പി ലീലയെ തിരഞ്ഞെടുത്തതും ജി ദേവരാജൻ ഈണമിട്ട ഗാനത്തിലൂടെ. കടൽപ്പാലം എന്ന ചിത്രത്തിലെ ‘ഉജ്ജയിനിയിലെ ഗായിക’ എന്ന പാട്ടിനായിരുന്നു പുരസ്കാരം.2005 ഒക്ടോബര്‍ 30ന് പി ലീല എന്ന ഗായിക സ്മൃതികളില്‍ മറഞ്ഞു.
courtesy Saji Abhiramam
.