ചിരി മാഞ്ഞിട്ട് പത്താണ്ട്
തനതായഅഭിനയശൈലിയിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച അതുല്യനടനായിരുന്നു മലയാളത്തിന്റെ മാള അരവിന്ദൻ. അൽപസ്വൽപം തരികിടയും ഗുണ്ടായിസവും കാണിച്ചു നടക്കുന്ന കഥാപാത്രങ്ങളിലൂടെ മാള അരവിന്ദൻ ഇന്നും മലയാളിയുടെ ചലച്ചിത്ര ഓർമകളിൽ നിറസാന്നിധ്യമാണ്. നാടക ട്രൂപ്പിൽ പലവിധ വേലത്തരങ്ങൾ ചെയ്തു നടക്കുന്ന കഥാപാത്രങ്ങളെ സിനിമയിൽ അദ്ദേഹം ഒരുപാടു അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ, യഥാർത്ഥ ജീവിതത്തിൽ നാടക സംവിധായകൻ എന്ന നിലയിൽക്കൂടി കഴിവു തെളിയിച്ച വ്യക്തിയായിരുന്നു മാള അരവിന്ദൻ.
മ്യൂസിക് ടീച്ചറായിരുന്ന അമ്മ പൊന്നമ്മയിൽ നിന്ന് പകർന്നു കിട്ടിയ സംഗീതം ഒരിക്കലും അദ്ദേഹം കൈവെടിഞ്ഞില്ല. തബലയോടായിരുന്നു അദ്ദേഹത്തിന്റെ പ്രണയം. നാടകത്തിന് പശ്ചാത്തലത്തിൽ തബല വായിച്ചു തുടങ്ങിയ മാള അരവിന്ദൻ നടനായും സംവിധായകനായും നാടകരംഗത്ത് തിളങ്ങി.മാള–പപ്പു–ജഗതി എന്ന ഹാസ്യത്രയങ്ങൾ മലയാള സിനിമയിലെ ഒഴിച്ചുകൂടാനാകാത്ത ചിരിക്കൂട്ടായി തിളങ്ങിനിന്നപ്പോഴും നാടകത്തിനോട് മാള അരവിന്ദന് ഒരു പ്രത്യേക മമതയുണ്ടായിരുന്നു.
എറണാകുളം ജില്ലയിലെ വടവാതൂരിലെ എക്‌സൈസ് ഉദ്യോഗസ്ഥനായ അയ്യപ്പന്റേയും സംഗീത അധ്യാപികയായ പൊന്നമ്മയുടെയും മൂത്ത മകനായിട്ടാണ് അരവിന്ദന്‍ ജനിച്ചത്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ മരിച്ചു. അമ്മ പാട്ടുപഠിപ്പിക്കുമ്പോള്‍ തകരപ്പെട്ടിയില്‍ താളമിട്ടാണ് അരവിന്ദന്‍ കലാജീവിതം തുടങ്ങുന്നത്. തബലയോടുള്ള താല്‍പര്യം മനസിലാക്കിയ അമ്മ അരവിന്ദനെ കൊച്ചിന്‍ മുഹമ്മദ് ഉസ്താദ് എന്നയാളുടെ അടുത്ത് തബല പഠനത്തിനായി ചേര്‍ത്തു.
ജോലിക്കായി അമ്മ മാളയില്‍ വന്നു താമസമാക്കിയതോടെയാണ് അരവിന്ദന്‍ പിന്നീട് മാള അരവിന്ദന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. എസ്.എസ്.എല്‍.സിക്ക് ശേഷം നാടകത്തിന്റെ പിന്നണിയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. 12 വര്‍ഷം നാടകത്തിലും 40 വര്‍ഷം സിനിമയിലും പ്രവര്‍ത്തിച്ചു. 650 ലേറെ സിനിമകളില്‍ അഭിനയിച്ചു. അന്നമട കലാസമിതിയുമായി ബന്ധപ്പെട്ടാണ് കലാപ്രവര്‍ത്തനം ആരംഭിച്ചത്. സുഹൃത്ത് പരമനോടൊന്നിച്ചായിരുന്നു നാടകരംഗത്തെത്തിയത്. പരമന്റെ ഹാര്‍മോണിയവും അരവിന്ദന്റെ തബലയും ഒന്നിച്ചപ്പോള്‍ പിന്നീട് ഇരുവരും അമച്വര്‍ നാടക വേദികളിലെ സ്ഥിരം സാനിധ്യമായി. കോട്ടയം നാഷണല്‍ തിയേറ്റേഴ്‌സ്, നാടകശാല, സൂര്യസോമ എന്നീ ട്രൂപ്പുകളോടൊപ്പമാണ് പിന്നീട് പ്രവര്‍ത്തിച്ചത്.
സൂര്യസോമയുടെ നിധി എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടി. നാടകത്തിലെ മാളയുടെ പ്രകടനം കണ്ട് ഇഷ്ടപ്പെട്ട സംവിധായകന്‍ പി.ചന്ദ്രകുമാറാണ് ആദ്യമായി സിനിമയില്‍ വേഷം നല്‍കിയത്.
നീട്ടിയും കുറുക്കിയും വെള്ളിവീഴ്ത്തിയും ചിരിച്ചും മുന്നോട്ടു നീങ്ങുന്ന സംഭാഷണശൈലിയാണ് മാളയുടെ പ്ലസ് പോയിന്റ്. എണ്‍പതുകളില്‍ ഒരു മാള തരംഗം തന്നെ മലയാളസിനിമയിലുണ്ടായി. മമ്മൂട്ടി-മാള, മോഹന്‍ലാല്‍-മാള ടീമായി നിരവധി ചിത്രങ്ങള്‍. പപ്പു,മാള,ജഗതി എന്ന പേരില്‍ ഒരു സിനിമ തന്നെ ആയിടയ്ക്കിറങ്ങി. ഹാസ്യത്തിനൊപ്പം നിരവധി ക്യാരക്ടര്‍ റോളുകളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. ഓസ്‌കാര്‍ മിമിക്‌സ് എന്ന പേരില്‍ മിമിക്രി ട്രൂപ്പും നടത്തിയിരുന്നു. മോഹന്‍ ലാലിനൊപ്പം കണ്ടു കണ്ടറിഞ്ഞു എന്ന ചിത്രത്തില്‍ നീയറിഞ്ഞോ മേലേ മാനത്ത് എന്ന ഗാനവും അദ്ദേഹം ആലപിച്ചിട്ടുണ്ട്.
മിമിക്‌സ്പരേഡ്, കന്മദം, അഗ്നിദേവന്‍, ആളൊരുങ്ങി അരങ്ങൊരുങ്ങി, പൂച്ചക്കൊരു മുക്കുത്തി, വെങ്കലം, ഉപ്പുകണ്ടം ബ്രദേഴ്‌സ്, ഭൂതക്കണ്ണാടി, ജോക്കര്‍, കണ്ടു കണ്ടറിഞ്ഞു, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, മധുര നൊമ്പരക്കാറ്റ്, വധു ഡോക്ടറാണ്. മീശമാധവന്‍, മഹായാനം, പട്ടാളം, സേതുരാമയ്യര്‍ സി.ബി.ഐ, ലൂസ് ലൂസ് അരപ്പിരി ലൂസ്, പെരുമഴക്കാലം, രസികന്‍. സന്ദേശം, പുണ്യാളന്‍ അഗര്‍ബത്തീസ് തുടങ്ങിയ ചിത്രങ്ങളിലെ മാള അരവിന്ദന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭാര്യ ഗീത. രണ്ടു മക്കള്‍. കല, മുത്തു.
ചെറുപ്പകാലത്ത് തബലിസ്റ്റ് ആയിരുന്ന അരവിന്ദൻ നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. ആദ്യം നാടകങ്ങളിൽ അണിയറയിൽ തബലിസ്റ്റ് ആയിരുന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛനെ നഷ്ടപ്പെട്ട ശേഷം സംഗീതാധ്യാപികയായ മാതാവിന്റെ ഒപ്പം മാളയിലെ വടമയിൽ വന്നു താമസമാക്കിയ അരവിന്ദൻ പിന്നീട് മാള അരവിന്ദൻ എന്ന പേരിൽ പ്രശസ്തനാവുകയായിരുന്നു.
കാട്ടൂർ ബാലന്റെ താളവട്ടം എന്ന നാടകത്തിൽ പകരക്കാരാനായാണ് അഭിനയരംഗത്തേക്ക് കടന്ന് വരുന്നത്. ആദ്യം ചെറിയ നാടകങ്ങളിൽ അഭിനയിച്ച അരവിന്ദൻ പിന്നീട് പ്രൊഫഷണൽ നാടകവേദികളിൽ അഭിനയിക്കാൻ തുടങ്ങി. കേരളത്തിലെ പ്രധാന നാടക കമ്പനികളായ കോട്ടയം നാഷണൽ തിയേറ്റേഴ്സ്, പെരുമ്പാവൂർ നാടകശാല, സൂര്യസോമ എന്നിവരുടെ നാടകങ്ങളിൽ ഒട്ടേറെ പ്രത്യക്ഷപ്പെട്ടു. നാടകത്തിന് കേരള സർക്കാർ ആദ്യമായി അവാർഡ് ഏർപ്പെടുത്തിയപ്പോൾ എസ്.എൽ. പുരം സദാനന്ദൻ നേതൃത്വം നൽകുന്ന സൂര്യസോമയുടെ നിധി എന്ന നാടകത്തിലെ അഭിനയത്തിന്
മികച്ച നടനുള്ള സംസ്ഥാന അവാർഡ്, താറാവ് എന്ന സിനിമയിലെ അഭിനയത്തിനു സഹനടനുള്ള പുരസ്‌കാരംഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചിട്ടുണ്ട്.
രസന എന്ന നാടകത്തിൽ ചെല്ലപ്പൻ എന്ന മന്ദബുദ്ധിയായി അഭിനയിക്കുന്നതിൽ ശ്രദ്ധിക്കപ്പെട്ടതാണ് സിനിമ രംഗത്തേക്ക് പ്രവേശനം ലഭിച്ചത്. 1967-ൽ അഭിനയിച്ച തളിരുകളാണ് ആദ്യ സിനിമയെങ്ങിലും ആദ്യമായി തിയറ്ററുകളിലെത്തിയത് 1968 ൽ ഡോ. ബാലകൃഷ്ണന്റെ സിന്ദൂരം എന്ന ചിത്രമാണ്. പിന്നീട് നിരവധി ചിത്രങ്ങളിലെ സ്വതസ്സിദ്ധമായ ഹാസ്യ ശൈലിയിലൂടെ അഭിനയരംഗത്ത് മാള അരവിന്ദൻ പ്രസിദ്ധനായി. എന്റെ ഗ്രാമം, തറവാട്, അധികാരം, ആളൊരുങ്ങി അരങ്ങൊരുങ്ങി, തടവറ, മീശമാധവൻ എന്നിവ പ്രധാനചിത്രങ്ങളാണ്. പപ്പു മാള ജഗതി എന്ന ഒരു സിനിമ തന്നെ ഇറങ്ങിയിരുന്നു. 40 വർഷത്തെ സിനിമ ജീവിതത്തിൽ 650 ലേറെ സിനിമകളിൽ അഭിനയിച്ചു. ലാൽ ബഹാദൂർ ശാസ്ത്രി(2014) യാണ് അവസാനം റിലീസ് ചെയ്തത്.
2015 ജനുവരി 28 ന് കോയമ്പത്തൂരിലെ കോവൈ മെഡിക്കൽ സെന്റർ ആശുപത്രിയിൽ വച്ച് മാള അരവിന്ദൻ അന്തരിച്ചു. 75 വയസ്സായിരുന്നു അദ്ദേഹത്തിന്. ഏറെക്കാലമായി ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ബുദ്ധിമുട്ടിയിരുന്ന അദ്ദേഹത്തെ വടക്കാഞ്ചേരിയിൽ ഒരു സിനിമാ ഷൂട്ടിംഗിനിടയിൽ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് സമീപത്തെ ആശുപത്രിയിലാക്കിയതായിരുന്നു. തുടർന്ന് വിദഗ്ദ്ധചികിത്സയ്ക്കായി കോയമ്പത്തൂരിലെത്തിച്ച അദ്ദേഹത്തിന് അടിയന്തര ശസ്ത്രക്രിയ നടത്തി. പിന്നീട് ആരോഗ്യനിലയിൽ ആദ്യം നേരിയ പുരോഗതിയുണ്ടായിരുന്നെങ്കിലും വീണ്ടും ഹൃദയാഘാതമുണ്ടായതോടെ ആരോഗ്യനില വഷളാകുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.
കടപ്പാട് : വിവിധ മാധ്യമങ്ങൾ.