‘അഡ്ജെസ്റ്റമെന്‍റ് ‘അല്ല ജീവിതം.. ഒരു വിഷ്ണുജയില്‍ അവസാനിക്കുമോ എല്ലാം ….
വീണ സുരേന്ദ്രന്‍
എനിക്ക് മതിയായി അമ്മേ… ഞാന്‍ അങ്ങോട്ട് വരുവാ… ഈ ഡയലോഗ് നമ്മള്‍ മലയാളികള്‍ വിസ്മരിക്കാന്‍ വഴിയില്ല . ‘ജയ ജയ ജയ ജയ ഹേ’ എന്ന സിനിമയില്‍ ദര്‍ശനയുടെ കഥാപാത്രം അച്ഛനെയും അമ്മയെയും ഫോണ്‍ ചെയ്യുന്ന രംഗങ്ങള്‍ റിയാലിറ്റിയോട് അത്രയേറെ അടുത്ത് നില്‍ക്കുന്നതുമാണ്. മാതാപിതാക്കളെ നിങ്ങള്‍ ഒന്ന് കൈത്താങ്ങായാല്‍ നമ്മുടെ പെണ്‍ കുഞ്ഞുങ്ങള്‍ ഇന്നും ജീവനോടെ കാണുമായിരുന്നില്ലേ….
വിസ്മയ, ഉത്ര, തുഷാര, പ്രിയങ്ക, അർച്ചന, ഷഹാന ഏറ്റവും ഒടുവില്‍ വിഷ്ണുപ്രിയ മാറുന്നത് പേരുകൾ മാത്രമാണ്. എല്ലായിടത്തും കഥ ഒന്നുതന്നെ. ഇവരുടെയൊക്കെ മരണങ്ങൾ കേരളം ഏറെ ചർച്ച ചെയ്യപ്പെടുകയും നിയമങ്ങൾ ഉൾപ്പെടെ ശക്തമാക്കിയെങ്കിലും ഭർതൃപീഡനത്തിൽ പെൺകുട്ടികളുടെ ജീവൻ നഷ്ടപ്പെടുന്ന വാർത്തകളാണ് ദിവസേന നാം കേള്‍ക്കുന്നത്. കെട്ടിത്തൂക്കിയും, കത്തിച്ചും, പാമ്പിനെക്കൊണ്ട് കടിപ്പിച്ചും, ശാരീരികമായും മാനസികമായും പീഡിപ്പിച്ച് കൊന്നുകൊണ്ടേ ഇരിക്കുകയാണ്,നമ്മുടെ പെണ്‍മക്കളെ. ഇപ്പോഴിതാ ഏറ്റവും ഒടുവില്‍ എത്തി നില്‍ക്കുന്നത് ഭര്‍ത്താവിന്‍റെ പീഡനം സഹിക്കാനാവാതെ ജീവനൊടുക്കിയ മലപ്പുറം സ്വദേശി വിഷ്ണുജയിലാണ്.
‘മെലിഞ്ഞവൾ, ജോലിയില്ല, നിന്നെ എനിക്ക് പെണ്ണായി കാണാൻ കഴിയുന്നില്ല തുടങ്ങിയ കുത്തുവാക്കുകളോടെയുള്ള ഭർത്താവിന്റെ അവഗണനയാണ് വിഷ്ണുജയുടെ ജീവനെടുത്തത്. വിഷ്ണുജയെ ഭർത്താവ് പ്രഭിൻ നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നു. വിസ്മമയയെ പോലെ എല്ലാം ശരിയാകും എന്ന് വിശ്വസിച്ച് ഭര്‍ത്താവിനൊപ്പം കഴിഞ്ഞ വിഷ്ണുജ ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
വിഷ്ണുജയുടെ മരണത്തിന് ദിവസങ്ങൾക്ക് മുമ്പാണ് മലപ്പുറത്ത് തന്നെ മറ്റൊരു യുവതിയും ജീവനൊടുക്കിയത്. മലപ്പുറം കൊണ്ടോട്ടിയിൽ ഷഹാന മുംതാസ് ആത്മഹത്യ ചെയ്തത്. പത്തൊന്‍പതുകാരി ഷഹാനയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിറം കുറവ്, ഇംഗ്ലീഷ് അറിയില്ല തുടങ്ങി കുത്തുവാക്കുകളകൊണ്ട് ഭര്‍ത്താവ് അബ്ദുൾ വാഹിദ് നിരന്തരം അവളെ പീഡിപ്പിച്ചിരുന്നു. ഇതിൽ മനം നൊന്ത് ഒടുവില്‍ അവളും മരണത്തിന് കീഴടങ്ങി.
ഇങ്ങനെ ഓരോവര്‍ഷവും എത്ര ജീവനുകളാണ് ഒരു കയറില്‍ തീര്‍ന്നുകൊണ്ടിരിക്കുന്നത്. സ്ത്രീധന നിരോധന നിയമം(1961) നിലവിൽവന്ന് 64 വർഷമായിട്ടും സ്ത്രീധന പീഡന പരാതികളേറുന്നതും മരണങ്ങൾ സംഭവിക്കുന്നതും കേരളത്തെ തലകുനിപ്പിക്കുന്നു. അതും വിദ്യാസമ്പന്നരായ കുട്ടികള്‍. സോഷ്യൽമീഡിയയിലെ ധാർമ്മികരോഷങ്ങൾക്കപ്പുറം സജീവമായ ഇടപെടലുകൾ ആവശ്യമാണെന്ന് നമ്മളെ ഓർമ്മിപ്പിക്കുകയാണ് ഓരോ സ്ത്രീധന മരണവും. കേരളം അടിമുടി ആൺകോയ്മ വ്യവസ്ഥയ്ക്കുള്ളിൽ നിൽക്കുന്ന സമൂഹമാണ്. അതിശക്തമായ സ്ത്രീമുന്നേറ്റങ്ങളുണ്ടായാലേ മാറ്റം സാധ്യമാകൂ. ഇത്തരം പുരുഷാധിപത്യ മൂല്യങ്ങളെ പരാജയപ്പെടുത്താൻ സ്ത്രീകൾക്കു മാത്രമേ സാധിക്കൂ എന്ന ബോധ്യം ഉണ്ടാകണം. സ്ത്രീധനം വേണമെന്നു ശഠിക്കുന്ന പുരുഷനെയാണു സ്ത്രീകൾ ഉപേക്ഷിക്കേണ്ടത്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്ന് ഉറച്ച് വിശ്വസിക്കണം.
ജാമ്യമില്ലാ വകുപ്പുകളും തടവ് ഉൾപ്പെടെ കടുത്ത ശിക്ഷയും നിർദേശിക്കുന്ന ആ നിയമം വളരെ ശക്തമാണ്. പക്ഷേ, നടപ്പാക്കുന്നതിലെ വീഴ്ചയാണ് ഗുരുതരമായ പ്രശ്നം. പരാതികൾ പൊലീസ് സ്റ്റേഷനിലെത്തുമ്പോൾ പലപ്പോഴും എഫ്ഐആറിലും കുറ്റപത്രത്തിലും ചുമത്തപ്പെടുന്നത് ജാമ്യം കിട്ടാവുന്ന, പഴുതുകളുള്ള സ്ത്രീപീഡനക്കുറ്റം (ഐപിസി 498 എ) മാത്രമാണ്. സ്ത്രീധന നിരോധന നിയമപ്രകാരമുള്ള സെക്‌ഷനുകൾ ചുമത്തുന്നത് അപൂർവമാണ്. അതിൽത്തന്നെ ശിക്ഷിക്കപ്പെടുന്നവരാകട്ടെ വളരെ കുറവ്. പൊലീസ് എഫ്ഐആറിലും കുറ്റപത്രത്തിലും സ്ത്രീധന നിരോധന നിയമം അനുസരിച്ചുള്ള വകുപ്പുകൾ ചുമത്തിയാൽ മാത്രമേ കോടതിയിൽ കേസ് എത്തുമ്പോഴും അതു പരിഗണിക്കപ്പെടുകയുള്ളൂ.
സ്ത്രീധനം കൊടുക്കില്ല, വാങ്ങില്ല എന്ന കാര്യത്തിൽ സ്ത്രീയും പുരുഷനും ഉറച്ചുനിന്നാൽ മാത്രമേ ഈ അനാചാരം അവസാനിപ്പിക്കാനാകൂ. ഇപ്പോഴത്തെ തലമുറ കുറെയൊക്കെ മാറിയിട്ടുണ്ടെങ്കിലും പലയിടത്തും മാതാപിതാക്കളുടെ ഇടപെടലാണ് അവരുടെ മക്കളുടെ തന്നെ ജീവിതം ഇല്ലാതാക്കുന്നത്. മറ്റുള്ളവർ നിർബന്ധിക്കുന്നതിനാൽ സ്ത്രീധനം വാങ്ങുന്നു എന്നു വരുന്നിടത്താണു വ്യക്തിത്വം പോകുന്നത്. മാതാപിതാക്കൾ പറയുന്നതിൽ തെറ്റുണ്ടെങ്കിൽ തിരുത്താൻ സാധിക്കണം. ‘ഇത് എന്‍റെ ജീവിതമാണ്. എനിക്കു സ്ത്രീധനം വാങ്ങാൻ താൽപര്യമില്ല. നിങ്ങൾ കൂടെനിൽക്കണം’ എന്നു പറയാൻ കഴിയണം. സ്ത്രീധനം വേണ്ടെന്നു വയ്ക്കാനും പുരുഷനു കഴിയണം.
സമൂഹത്തില്‍ അങ്ങേയറ്റം സ്ത്രീവിരുദ്ധമായ ആശയമാണ് സ്ത്രീധനം. വളരെ എളുപ്പം പിഴുതു കളയാന്‍ സാധിക്കുന്ന ചെറിയ വേരായല്ല അത് ഈ പാട്രിയാര്‍ക്കല്‍ സംവിധാനത്തിനുള്ളില്‍ പടര്‍ത്തിയിരിക്കുന്നത്. ‘സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താന്‍ പോടോയെന്ന് പെണ്‍കുട്ടികള്‍ പറയണം”
നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങളോ സമ്പ്രദായമോ ഈ തുല്യത എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുകയോ പഠിപ്പിക്കുകയോ ചെയ്യുന്നില്ല.ഇനി അഥവ വിവാഹം നടത്തുകയാണെങ്കില്‍ തന്നെ അതൊരിക്കലും പണത്തിന്‍റെ അടിസ്ഥാനത്തിലാവാന്‍ പാടില്ലെന്നും, മാതാപിതാക്കളുടെ സമ്പത്തു വലിച്ചെടുത്തു കൊണ്ടായിരിക്കരുതെന്ന തീരുമാനം രക്ഷിതാക്കളും എടുക്കണം.