‘സംതൃപ്ത’മായ പെണ്‍ ജീവിതം
ട്രാന്‍സ് വുമണ്‍ തൃപ്തിയുടെ വിജയഗാഥ
പ്രശോഭ ബിനില്‍
സൃഷ്ടികളിൽ ഏറ്റവും മനോഹരം മനുഷ്യനാണ്.മനസിന്‍റെ ഭാവതലങ്ങളിലെ ഏറ്റക്കുറച്ചിലുകൾ അവനെ വ്യത്യസ്‌തനാക്കുന്നു.സ്ത്രീ -പുരുഷൻ എന്നിങ്ങനെ വേർതിരിക്കുന്ന മനുഷ്യർക്കിടയിൽ വീർപ്പുമുട്ടുന്ന ഒരുപറ്റം ആളുകൾ ഉണ്ട്. അവരുടെ മാനസിക തലങ്ങളെ തെല്ലും മാനിക്കാതെ, പരിഹസിക്കുന്നവർക്കിടയിൽ ഒതുങ്ങി കൂടി ഇരുന്ന അവരെ നമ്മൾ ട്രാന്‍സ്ജെന്‍ഡേഴ്സ്’ എന്ന് വിളിക്കും. എന്നാൽ അവഗണന കൊണ്ട് ആത്മബലം നേടിയ കഥയാണ് ഇന്ന് മിക്ക ട്രാന്‍സ്ജെന്‍ഡേഴ്സിനും പറയാനുള്ളത്. പരിഹാസത്തിന്‍റെ തീ ചൂളയിൽ കരുത്താർജിച്ച തൃപ്തി ഷെട്ടിയും ഹൃതിക്കും ഇതിനൊരു ഉത്തമ ഉദാഹരണം മാത്രം.
ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെന്‍ഡേഴ്സ് സംരംഭക ദമ്പതികൾ എന്ന വിശേഷണത്തിന് അർഹരാണിവർ. അലങ്കാര മത്സ്യ കൃഷി വിപണനത്തിലൂടെ ഹൃതിക് ശ്രദ്ദേയനാകുമ്പോൾ, ജ്വല്ലറി വർക്സ് രംഗത്തു പേരെടുത്തു കഴിഞ്ഞിരുന്നു തൃപ്തി. ആത്മവിശ്വാസത്തിന്‍റെ കൂട്ട് പിടിച്ചു, കഠിനാധ്വാനത്തിലൂടെ നേടിയ ഒട്ടേറെ ജീവിത വിജയങ്ങൾ നേടി.
ഇന്ത്യയിലെ ആദ്യ ട്രാൻസ്‍ജെന്‍ഡര്‍ വാർത്ത അവതാരകനാണ് ഹൃതിക്.കാസർഗോഡ് കാരിയായിരുന്ന കിരൺ, തൃപ്തി ഷെട്ടി ആയില്ലായിരുന്നുവെങ്കിൽ അവഗണയുടെ ചെളിക്കുണ്ടിൽ ചവിട്ടി താഴ്ത്തപെടുമായിരുന്നു അവർ. അച്ഛനമ്മമാരുടെ മരണശേഷം, നാടുവിട്ട കിരണിനു വഴിത്തിരിവായത് എറണാകുളം ജനറൽ ഹോസ്പിറ്റലിലെ ഡോക്ടർ ആനിയാണ്. തൃപ്തിയായി പുനർജനിച്ചവൾക്ക് അമ്മ ഡോക്ടർ ആനിയായിരുന്നു. പുരുഷനിൽ നിന്നും സ്ത്രീയിലേക്കുള്ള മാറ്റം ശരീരത്തിനു നൽകിയതിന് പുറമെ അവളിൽ ആത്മവിശ്വാസത്തിന്‍റെ വിത്ത് പാകാനും ഡോക്ടർ മറന്നില്ല. സ്വന്തമായി വരുമാനം കണ്ടെത്തുക എന്നതായിരുന്നു അടുത്ത വെല്ലുവിളി. അതിനുള്ള പോംവഴിയും ഡോക്ടർ കണ്ടെത്തി. ‘ ജ്വല്ലറി ഡിസൈനിങ് ‘. ഈ മേഖലയെ കുറിച്ച് യാതൊരു അറിവും ഇല്ലതിരുന്ന തൃപ്തിക്ക്, ട്രെയിനിങ് ലഭിക്കുന്നത്തിനും സംരംഭം തുടങ്ങുന്നതിനും സഹായിച്ച ഡോക്ടർ, തന്റെ സേവനത്തിന്‍റെ പരിധി പ്രൊഫഷനും മനുഷ്യത്വവും കൂടിയതാണെന്നു തെളിയിച്ചു.
ജിമിക്കി, മാല, ഒർണമെന്‍റസ് എന്നിവ സിൽക്ക് നൂലും വെറൈറ്റി സ്റ്റോണിലും മനോഹരമായി നിർമ്മിക്കാൻ കഴിയുമെന്ന് വെറും പതിനേഴു ദിവസംകൊണ്ട് തൃപ്തി തെളിയിച്ചു. ഇന്ദിരാ ഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ആദ്യ പ്രദർശനം നടത്തി. എക്സിബിഷൻ വിജയിച്ചത്തിന്റെ അടിസ്ഥാനത്തിൽ, ബിസിനസ് വിപുലീകരിക്കാനും കൂടുതൽ പ്രദർശനങ്ങൾ നടത്താനും തീരുമാനിച്ചു. സാമ്പത്തികം തടസമായപോഴാണ് ലോൺ സംവിധാനാത്തെ കുറിച്ച് ആലോചിച്ചത്. കുടുംബശ്രീയുടെ സംരഭ പട്ടികയിൽ പെടുത്തി മുദ്ര ലോൺ നേടി. ഇന്ത്യയിലെ ആദ്യ മുദ്ര ലോൺ നേടിയ ട്രാൻസ്‍ജെന്‍ഡര്‍ എന്ന വിശേഷണവും ഇതോടെ തൃപ്തിക്ക് സ്വന്തമായി. കൂടാതെ സർക്കാർരിന്‍റെ ആർട്ടിസൻ ഐഡി കാർഡും കിട്ടിയ ആദ്യ ട്രെസജെൻഡറാണ് തൃപ്തി.
കരിയറിന്‍റെ ആദ്യ ഘട്ടത്തിൽ എറണാകുളത്തെ ‘പപ്പടവട’ ഹോട്ടലിൽ കാഷ്യർ ആയി ജോലി ചെയ്തു. മെട്രോയിൽ ട്രാന്‍സ്ജെന്‍ഡര്‍ സംവരണത്തിലൂടെ ജോലി കിട്ടിയെങ്കിലും താമസസൗകര്യം ലഭിക്കാത്തതിനെ തുടർന്ന് ജോലി രാജിവെച്ചു. തുടർന്ന് സിനിമ , മോഡലിംഗ് രംഗത്തേക്ക് തിരിഞ്ഞു. പക്ഷേ ക്രീയേറ്റീവിറ്റി കൂടുതലുള്ള ജ്വല്ലറി വർക്കിനോടുള്ള ഇഷ്ടം മുന്നോട്ട് കൊടുപോകാൻ തിരുമാനിക്കുകയായിരുന്നു. ഓർഡർ കൂടുതൽ ലഭിച്ചതിനെ തുടർന്ന് പ്ലെയ്സ്റ്റോറിൽ തൃപ്തി ഹാൻഡിക്രഫ്ട് എന്നപേരിൽ ആപ് ഉണ്ടാക്കി ഓൺലൈൻ വിപണനം ആരംഭിച്ചു. കൂടാതെ അൽ ആമീൻ കോളേജ് ‘തൃപ്തി ഹാൻഡിക്രഫ്ട് എന്ന പേരിൽ വെബ്സൈറ്റ് നിർമിച്ചു നൽകി.
ജീവിതത്തിന്‍റെ പാളിച്ചകളിൽ കാലിടറുന്നവരോട് പ്രത്യേക കരുണ കാണിക്കും ദൈവം. അങ്ങനെ ഒരു അനുഗ്രഹമാണ് തൃപ്തിക്ക് ഹൃതിക്. വിവാഹമേ വേണ്ട എന്ന് തീരുമാനിച്ചു ബിസിനസിൽ ശ്രദ്ധിക്കുന്ന കാലത്താണ് ഹൃതിക്കിന്റെ ആദ്യ പ്രൊപോസൽ. ആദ്യം നിരസിച്ചെങ്കിലും ഉറച്ച നിലപാടിൽ നിന്ന ഹൃതിക് തൃപ്തിയുടെ ഹൃദയം സ്വന്തമാക്കി. മലക്ക് പോകാൻ മാലയിട്ട സമയത്താണ് വിവാഹിതരാകാൻ തീരുമാനിച്ചത്. അതിനാൽ അയ്യപ്പ സ്വാമി അനുഗ്രഹിച്ചു നൽകിയ നിയോഗമാണ് തങ്ങളുടെ കുടുംബ ജീവിതമെന്നു തൃപ്തി പറയുന്നു. നടൻ ജയസൂര്യ, മറ്റ് പ്രമുഖരായ സെലിബ്രിറ്റികൾ എന്നിവരുടെ സാന്നിധ്യത്തിൽ അമ്മയായി കരുതലേകുന്ന രഞ്ചി-രഞ്ചിമാര്‍ തൃപ്തിയുടെയും ഹൃതിക്കിന്‍റെയും വിവാഹം നടത്തിയത്.
സ്വന്തമായി ഹാൻഡിക്രാഫ്റ്റ് ഷോപ്പ് തുടങ്ങുക എന്നതാണ് തൃപ്തിയുടെ അടുത്ത ലക്ഷ്യം. ട്രാൻസ്‌ജെന്‍ഡേഴ്സിനെ മുൻനിരയിൽ എത്തിക്കുന്നതിനായി തന്നാൽ സഹായിക്കുക എന്ന ലക്ഷ്യം കൂടി ഈ ആഗ്രഹത്തിനു പിന്നിലുണ്ട്.
ലോക്ക് ഡൗണിൽ ഓൺലൈൻ ബിസിനസ് കുറഞ്ഞതിനെ തുടർന്ന് ഭർത്താവ് ഹൃതികിനെ മത്സ്യ കൃഷിയിലും സഹായിക്കും. കൊറിയർ സേവനത്തിലൂടെയുടെയും നേരിട്ടുമാണ് അലങ്കാര മൽസ്യ വിപണനം.
പരിഹാസത്തിന്‍റെ കൂരമ്പുകൾക്കിടയിൽ തളർന്നു വീഴാതെ വിജയത്തിന്‍റെ മധുരം രുചിക്കുമ്പോൾ തൃപ്തി ഇന്ന് ‘ആത്മസംതൃപ്തി’യിലാണ്. തന്‍റെ സാമൂഹത്തിന്‍റെ ഉന്നമനത്തിനായി പ്രയത്നിക്കുകയാണ് നടിയും മോഡലുമായ തൃപ്തി..