‘അന്നപൂര്‍ണദേവി’ ഒറ്റമുറിയില്‍ തളച്ചിടപ്പെട്ട സംഗീതകുലപതി


ശാസ്ത്രീയസംഗീതില്‍ തന്‍റേതായ വ്യക്തിമുദ്രപതിപ്പിച്ച മണ്‍മറഞ്ഞുപോയ കുലപതികള്‍ ഉണ്ട്. അവര്‍ക്ക് സംഗീതത്തില്‍ അര്‍ഹിക്കുന്ന സ്ഥാനമാനങ്ങളും നാം നല്‍കിവരുന്നു. ഈ മേഖലയില്‍ സ്ത്രീകളെക്കാളും ഒരുപണതൂക്കം മുന്നില്‍ നില്‍ക്കുന്നത് പുരുഷന്മാര്‍ തന്നെയാണ്. ദൌര്‍ഭാഗ്യത്താലും പുരുഷാധിപത്യത്താലും വേരറ്റ് വീണ വന്മരം നമുക്ക് ഉണ്ട് അന്നപൂര്‍ണദേവി. പ്രതിഭാസമ്പത്ത് അവോളം ഉണ്ടായിട്ടും സംഗീതലോകത്തിന് അവര്‍ അന്യ.


ഒരു ഒറ്റമുറിയില്‍ തളച്ചിട്ട അവരിലെ പ്രതിഭയെ നുകരാനുള്ള ഭാഗ്യം നമുക്ക് ഉണ്ടായിട്ടില്ല. അത് നമ്മുടെ നിര്‍ഭാഗ്യമോ അതോ അന്നപൂര്‍ണ്ണദേവിയുടേതോ അതിന് ഉത്തരം തരേണ്ടത് കാലമാണ്. പ്രണയത്തിന് വേണ്ടി ജീവിതവും കരിയറും ഉപേക്ഷിച്ച അതുല്യപ്രതിഭ. ഒടുവില്‍ തന്‍റെ പ്രണയഭാജനമായ ഭര്‍ത്താവിനാല്‍ തന്നെ ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ഓജസും തേജസും നഷ്ടപ്പെട്ടുപോയ സ്ത്രീരത്നം അന്നപൂര്‍ണദേവി. എവിടെയാണ് അന്നപൂര്‍ണദേവിക്ക് പിഴച്ചത്. ശാസ്ത്രീയസംഗീതം അഭ്യസിക്കേ പരിചയപ്പെട്ട വ്യക്തിയെ ജീവനേക്കാള്‍ ഏറെ സ്നേഹിച്ചതോ. ഭര്‍ത്താവിനേക്കാള്‍ ഉയര്‍ന്നുപോകുമോ എന്നുപേടിച്ച് തന്നിലെ പ്രതിഭയെ അവര്‍തന്നെ തല്ലികെടുത്തിയതിനാലോ ….. അത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. അന്നപൂര്‍ണദേവിക്ക് സംഗീതലോകത്തില്‍ ഉള്ള വേരുകള്‍ ഒട്ടനവധിയാണ്. മൈഹാര്‍ ഘരാനയുടെ സ്ഥാപകനും സംഗീതപ്രതിഭയുമായ ഉസ്താദ് അലി ഖാന്‍റെ മകള്‍,സരോദ് വിദ്വാന്‍ അക്ബര്‍ അലിഖാന്‍റെ സഹോദരി, പണ്ഡിറ്റ് രവിശങ്കറിന്‍റെ ആദ്യ ഭാര്യ……സുര്‍ബഹാര്‍ സംഗീതഉപകരണത്തിലൂടെ അതുല്ല്യമായ തന്‍റെ കഴിവിനെ മാലോകര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയ കലാകാരി എന്നിങ്ങനെയാണ് അത്.


ഹിന്ദുസ്ഥാനി സംഗീതത്തിലെ ഉന്നതമായ പാരമ്പര്യമാണ് അന്നപൂർണ്ണദേവിയുടെ കുടുംബത്തിന് ഉള്ളത്. 1927 ഏപ്രിൽ 23 ന് ഉസ്താദ് അലാവുദ്ദീൻ ഖാന്‍റെയും ഭാര്യ മദീനബീഗത്തിന്‍റെ മകളായി മെയ്ഹാറിൽ ജനിച്ചു. . റോഷനാരാഖാൻ എന്നായിരുന്നു അന്നപൂര്‍ണദേവിയുടെ ആദ്യ പേര്. മൈഹാറിലെ മഹാരാജ ബ്രിജ്‌നാഥ് സിങ്ങാണ് അന്നപൂർണദേവി എന്നു വിളിച്ചത്. പിതാവ് തന്നെയായിരുന്നു ആദ്യ ഗുരുവും. ഉസ്താദിന്റെ മൂന്നു പെൺകുട്ടികളിൽ (ജഹനാര, ശാരിജ, റോഷനാരാ) ഏറ്റവും ഇളയവളായിരുന്നു അന്നപൂർണ. വിവാഹിതയായ ജഹനാരയ്ക്ക് ഭർത്തൃഗൃഹത്തിൽ സംഗീതത്തെ ചൊല്ലി ക്രൂര പീഡനങ്ങളേറ്റു വാങ്ങേണ്ടി വന്നു.ഭർത്തൃമാതാവ് ജഹനാരയുടെ തംബുരു കത്തിച്ചു കളഞ്ഞു. പീന്നിട് അവര്‍ സ്വവസതിയില്‍ എത്തി അമ്മയുടെ മടിയില്‍ കിടന്ന് മരിച്ചു. ഇത് ഉസ്താദിന്‍റെ ഹൃദയത്തെ കുറച്ചൊന്നും അല്ല വേദനിപ്പിച്ചത് ഇക്കാരണത്താലാകാം ഇളയവര്‍ രോഷനാരയ്ക്ക് സംഗീതം പഠനം അദ്ദേഹം നിഷേധിച്ചത്. തന്‍റെ മൂത്ത പുത്രിക്ക് ഉണ്ടായ ദുരനുഭവം ഇളയവള്‍ക്ക് ഉണ്ടാകരുതെന്ന്ആ സ്നേഹനിധിയായ പിതാവ് കരുതിയിരിക്കണം. എന്നാല്‍ റോഷനാരയില്‍ സംഗീതദേവതയുടെ കടാക്ഷം ആവോളമുണ്ടെന്ന് തൊട്ടറിഞ്ഞ അദ്ദേഹം തന്നെ തന്‍റെ തീരുമാനം തിരുത്തുകയായിരുന്നു.ഹിന്ദുസ്ഥാനിയിലും ശാസ്ത്രീയ സംഗീതത്തിലും സിത്താറിലും സുർബഹാറിലും പരിശീലനം നൽകി. സരോദ് മാന്ത്രികന്‍ എന്ന് വിളിപ്പേര് വീണ സഹോദരന്‍ അലി അക്ബറിനൊപ്പം സംഗീതമാകുന്ന പാലാഴി നിന്തിതുഴഞ്ഞു അന്നപൂര്‍ണ.


പിന്നിടാണ് പിതാവിന്‍റെ തന്നെ ശിഷ്യനായ പ്രശസ്തസംഗീതജ്ഞന്‍ പണ്ഡിറ്റ് രവിശങ്കറുമായി അടുക്കുന്നത്. ആ പ്രണയബന്ധം അവസാനിച്ചത് വിവാഹത്തിലായിരുന്നു. പതിനാലാം വയസ്സില്‍ അവര്‍ അമ്മയായി.ഒരേ വേദിയിൽ അന്നപൂർണ ദേവി സൂർബാഹറിലും രവിശങ്കർ സിതാറിലും മൽസരിച്ച് അവതരിപ്പിച്ച സംഗീത പരിപാടികൾ അന്ന് ശ്രദ്ധേയമായിരുന്നു. എന്നാല്‍ ആ സന്തോഷം അധികകാലം നീണ്ടുനിന്നില്ല. രവിശങ്കറിന് പലരില്‍ ഒരാള്‍മാത്രമാണ് താന്‍ എന്ന തിരിച്ചറിവ് അവരില്‍ വലിയ ഞെട്ടലുളവാക്കി. പീന്നിട് തന്നിലേക്ക് തന്നെ ഉള്‍വലിഞ്ഞ അവരിലെ കലാകാരി സംഗീതലോകത്തിന് അന്യമായിതീരുകായിരുന്നു. ഒടുവില്‍ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട് ജീവിതത്തിന്‍റെ മുഴുവന്‍ പ്രകാശവും കെട്ടുപോയ അന്നപൂര്‍ണയെയാണ് പീന്നിട് കാണാന്‍ കഴിഞ്ഞത്.

മാനേജ്മെന്‍റ് കണ്‍സള്‍ട്ടന്‍റായ റൂഷികുമാര്‍ പാണ്ഡ്യയെ പിന്നീട് അവര്‍ വിവാഹം ചെയ്തു . പാണ്ഡ‍്യയുടെ മരണത്തിനുശേഷം മുംബൈയില്‍ ഏകാന്ത വാസം നയിക്കുകയായിരുന്നു. ഒറ്റമുറിയില്‍ തന്നിലെ പ്രതിഭയെ തളച്ചിട്ട അവര്‍ തന്നോട് തന്നോട് തന്നെ പ്രതികാരം ചെയ്യുകയാണ് എന്നുവേണം കരുതാന്‍. 1977 ല്‍ രാജ്യം അവരെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. 2018 ല്‍ തന്‍റെ തൊണ്ണൂറ്റി ഒന്നാമത്തെ വയസ്സില്‍ അവര്‍ ലോകത്ത്നിന്ന് വിടവാങ്ങി.

….

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!