ഛയാഗ്രാഹകൻ പിഎസ് നിവാസ് അന്തരിച്ചു.
ഛയാഗ്രാഹകൻ പിഎസ് നിവാസ് അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിനടുത്തുള്ള പെയിൻ ആൻഡ് പാലിയേറ്റിവ് കെയറിൽ വെച്ചായിരുന്നു അന്ത്യം. തമിഴിൽ ഭാരതിരാജയുടെ സ്ഥിരം ക്യാമറാമാനായിരുന്നു അദ്ദേഹം.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 40ലധികം ചിതങ്ങൾക്കായി ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. നാലോളം സിനിമകൾ സംവിധാനവും ചെയ്തിട്ടുണ്ട്. 1977ൽ മികച്ച ഛായാഗ്രാഹകനുള്ള ദേശീയപുരസ്കാരം മലയാളചലച്ചിത്രമായ ‘മോഹിനിയാട്ടത്തിന്’ ലഭിച്ചു. ആ ചിത്രത്തിനു തന്നെ മികച്ച ഛായാഗ്രാഹകനുള്ള കേരള ഫിലിം അസോസിയേഷൻ പുരസ്കാരം ലഭിച്ചു. ആന്ധ്രാപ്രദേശ് സംസ്ഥാന സർക്കാരിന്റെ നന്ദി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയിൽ ജനിച്ച പിഎസ് നിവാസ്, പിഎൻ മേനോന്റെ ‘കുട്ടിയേട്ടത്തി’ എന്ന ചിത്രത്തിലെ ഓപ്പറേറ്റീവ് ക്യാമറാമാനായാണ് സിനിമയിലേക്ക് എത്തുന്നത്. ‘സത്യത്തിന്റെ നിഴൽ’ എന്ന മലയാളം ചിത്രത്തിലൂടെ സ്വതന്ത്ര ക്യാമറമാനായി. തുടർന്ന് ഭാരതിരാജയുടെ ’16 വയതിനിലെ’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്കുമെത്തി.
ലിസ, സർപ്പം, പദ്മതീർത്ഥം, മാന്യമഹാജനങ്ങളെ, വീണ്ടും ലിസ, ആയുഷ്മാൻ ഭവ തുടങ്ങിയ മലയാളം ചിത്രങ്ങളിലും പതിനാറു വയതിനിലേ, കിഴക്കേ പോകും റെയിൽ, സിഗപ്പു റോജാക്കൾ, ഇളമൈ ഊഞ്ചൽ ആടുകിറത്, നിറം മാറാത പൂക്കൾ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും ക്യാമറാമാനായി പ്രവർത്തിച്ചിട്ടുണ്ട്. രാജ രാജാതാൻ, സെവന്തി എന്നീ തമിഴ് ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു.