നരകത്തിലേക്കുള്ള കവാടം’ അത്ഭുതമരത്തെകുറിച്ചറിയാം
പ്രകൃതിയുടെ മായകാഴ്ചകള്‍ നമ്മെ പലപ്പോഴും ആശ്ചര്യപ്പെടുത്താറുണ്ട്. അത്തരത്തിലുള്ള കാഴ്ചയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.’ഇടിമിന്നലേറ്റതിനെ തുടർന്ന് ഒരു മരം അകത്തുനിന്നും കത്തുന്ന വീഡിയോയാണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
സാധാരണയായി ഇടിമിന്നലേറ്റാൽ (Lightning) മര(Tree)ത്തിന്റെ മുകൾ ഭാഗം കത്തിപ്പോവാറുണ്ട്. അതുപോലെ വേരിനെ ബാധിക്കുകയും മരം നശിച്ച് പോവുകയും ചെയ്യാറുമുണ്ട്. എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്തമായതാണ് ഈ മരത്തിന് സംഭവിച്ചത്. കാണുമ്പോൾ അത്ഭുതം എന്ന് തോന്നുന്ന കാഴ്ചയാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാവുന്നത്.
ഇടിമിന്നലുണ്ടാകുമ്പോൾ മരത്തിന് താഴെ നിൽക്കരുത് എന്ന് സാധാരണയായി പറയാറുണ്ട്. അതെത്രമാത്രം സത്യമാണ് എന്നും അതിന് എത്രത്തോളം പ്രാധാന്യമുണ്ട് എന്നും സൂചിപ്പിക്കുന്ന ഒരു വീഡിയോ ആണിത്.
ട്വിറ്ററിൽ പങ്കുവച്ച വീഡിയോയ്ക്ക് ‘ഇടിമിന്നലേറ്റതിനെ തുടർന്ന് ഒരു മരം അകത്തുനിന്നും കത്തുന്നു’ എന്ന് അടിക്കുറിപ്പ് നൽകിയിട്ടുണ്ട്. വീഡിയോയുടെ ആധികാരികതയെ പലരും ചോദ്യം ചെയ്യുന്നുണ്ട്. എന്നാൽ, ഇതിന് മുമ്പും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട് എന്നാണ് പറയുന്നത്. ഇത് ഫോട്ടോഷോപ്പ് ചെയ്തതാവാം എന്ന് അഭിപ്രായപ്പെട്ടവരുണ്ട് എങ്കിലും ഇത്തരം സംഭവങ്ങളുണ്ടാവുകയും അത് മുമ്പ് വാർത്തയാവുകയും ചെയ്തിട്ടുണ്ട് എന്ന് മറ്റ് പലരും ട്വീറ്റ് ചെയ്തു.
‘നരകത്തിലേക്കുള്ള വാതിൽ’ എന്നാണ് ഒരാൾ ഈ കാഴ്ചയെ വിശേഷിപ്പിച്ചത്. ‘അകത്ത് എന്തോ മാന്ത്രികത സംഭവിച്ചിരിക്കുന്നു’ എന്നാണ് മറ്റൊരാൾ പറഞ്ഞത്. എന്നാൽ, ‘ഏതോ ഭൂഗർഭഖനിയിൽ തീ പിടിച്ചതാവാം’ എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം.