അത്ഭുതങ്ങളുടെ കലവറയായ ബോർണിയോ ദ്വീപ്

ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ദ്വീപാണ്‌ ബോർണിയോ .ഏഷ്യയിലെ ഏറ്റവും വലിയ ഈ ദ്വീപിന്റെ 73 ശതമാനം ഇന്തോനേഷ്യയുടെയും 26 ശതമാനം മലേഷ്യയുടെയും ബാക്കി ഒരു ശതമാനം ലോകത്തെ ഏറ്റവും ചെറുരാഷ്ട്രങ്ങളിൽ ഒന്നായ ബ്രൂണോയുടെയും ഭാഗമാണ്‌.ഭൂമിയിൽ ആമസോണിന്റെ നേരെ എതിർവശത്തായാണ്‌ ഇതിന്റെ സ്ഥാനം.

ആമസോൺ പോലെതന്നെ വനം നിറഞ്ഞ ഇവിടം ലോകത്തെ ഏറ്റവും പഴയ മഴക്കാടുകളാണ്‌ / അല്ലെങ്കിൽ ആയിരുന്നു. 14 കോടി വർഷം പ്രായമുള്ള ഈ കാടുകൾ പരിണാമത്തിന്റെ പ്രമുഖസ്ഥാനത്താണ്‌ ഉള്ളത്‌.49000 വർഷങ്ങൾക്കു മുൻപ്‌ തന്നെ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നു.ഭൂമിശാസ്ത്രപരമായും ജീവശാസ്ത്രപരമായും അദ്ഭുതങ്ങളുടെ കലവറകളാണ്‌ ഇവിടം.നിറയെ വലിയ പുഴകൾ ,കാലങ്ങൾ കൊണ്ട്‌ രൂപപ്പെട്ട ലോകത്തിലെതന്നെ ഏറ്റവും നീളമുള്ള ഭൂഗര്‍ഭഗുഹകൾ ,അതില്‍ വസിക്കുന്ന 30 സ്പീഷിസുകളിലായി 30 ലക്ഷത്തോളം വവ്വാലുകൾ …. കാലങ്ങളായി അടിഞ്ഞ അവയുടെ കാഷ്ടങ്ങൾ നിറഞ്ഞ് ഉണ്ടായ നൂറുമീറ്ററോളം കനമുള്ള കാഷ്ട-മല….!

ലക്ഷക്കണക്കിന്‌ പാറ്റകൾ കാണപ്പെടുന്ന പാറ്റഗുഹകൾ ഇങ്ങനെ ആയിരക്കണക്കിനുവർഷങ്ങളിലെ പരിണാമത്തിനു സാക്ഷ്യം വഹിച്ച ഇടങ്ങളാണ്‌ ഈ ദ്വീപിൽ നിറയെ. ഏറ്റവും വലിയ പൂവായ റഫ്ലീസിയ ഉൾപ്പെടെ 15000 തരം സസ്യങ്ങൾ , അതിൽ 3000 ഇനം മരങ്ങൾ , അവയിൽ ത്തന്നെ 267 തരം ഡിപ്റ്റോകാർപസ്‌ ജനുസിലുള്ളവ, 1400 ഉഭയജീവികൾ , മനുഷ്യരേക്കാൾ വലിപ്പമുള്ള ചിമ്പാൻസികൾ , പിഗ്മി എലഫന്റ്സ് എന്നറിയപ്പെടുന്ന കുള്ളൻ ആനകൾ ,,639 ഇനം ഉറുമ്പുകൾ , 394 ഇനം ശുദ്ധജലമല്‍സ്യങ്ങൾ, 600 ൽ പരം തരം പക്ഷികൾ ,മല്‍സ്യങ്ങൾ , ഉരഗങ്ങൾ , പ്രാണികൾ എന്നിങ്ങനെ ജീവലോകത്തെവൈവിധ്യത്തിന്റെ സാന്ദ്രതയേറിയ ഇടമാണ്‌ ഈ ദ്വീപ്‌.ഇവിടത്തെ ജീവലോകത്തിന്റെ മുഴുവൻ കണക്കുകൾ ഇന്നും എടുത്തുകഴിഞ്ഞിട്ടില്ല. 2007 -നു ശേഷം ഇവിടെ നിന്ന് 123 തരം ജീവികളെയാണ്‌ പുതുതായി കണ്ടെത്തിയത്‌.ഈയിടെയാണ്‌ ശ്വാസകോശമില്ലാത്ത, പറക്കാൻ കഴിവുള്ള ഒരു തവളയെ ഇവിടുന്ന് കണ്ടുപിടിച്ചത്‌. അറിയപ്പെടുന്നതിൽ ശ്വാസകോശമില്ലാത്ത ഏക തവളയാണിത്‌.10 മീറ്ററോളം നീളം വയ്ക്കുന്ന ഏറ്റവും വലിയ പെരുമ്പാമ്പായ റെറ്റികുലേറ്റഡ്‌ പൈതൺ ഇവിടെയാണ്‌ കാണുന്നത്‌.

1300 വരെയുള്ളകാലത്ത്‌ ഇന്ത്യയും ചൈനയുമായി വ്യാപാരങ്ങളിൽ ഏർപ്പെട്ടിരുന്ന ഈ സ്ഥലത്തെ ഇന്ത്യക്കാർ ‘സുവർണ്ണഭൂമി ‘ എന്നും “കർപ്പൂരദ്വീപ്‌ “എന്നുമായിരുന്നു വിളിച്ചിരുന്നത്‌. നാലാം നൂറ്റാണ്ടിൽ ഇവിടെനിന്നും കിട്ടിയ പല്ലവലിപിയിൽ എഴുതിയ ലിഖിതങ്ങളാണ്‌ തെക്കുകിഴക്കേ ഏഷ്യയിലെ ഹൈന്ദവസ്വാധീങ്ങളെപ്പറ്റിയുള്ള ഏറ്റവും ആദ്യത്തെ തെളിവുകൾ.ഇങ്ങനെ ആയിരത്താണ്ടുകളായി ജൈവവൈവിധ്യത്തിന്റെയും ജീവന്റെ ഉൽപ്പത്തിയുടെയും ഭാഗമായി നിലനിന്നിരുന്ന ബോർണിയോയിൽ 1960 കളിൽ വ്യാപകമായ മരംവെട്ടുതുടങ്ങി. അതുമായി ബന്ധപ്പെട്ടു വലിയ വ്യവസായങ്ങൾ ആ നാടിന്റെ സാമ്പത്തികവളർച്ച അതിദ്രുതമാക്കി.

1980 -90 കാലത്ത്‌ നാടകീയമായ മാറ്റങ്ങളാണ്‌ അവിടെയുണ്ടായത്‌. മനുഷ്യചരിത്രത്തിൽ അതുവരെ കണ്ടിട്ടില്ലാത്തരീതിയിൽ കാടിനെ തകർത്തുതരിപ്പണമാക്കുന്ന പ്രവൃത്തികളാണ്‌ പിന്നീട്‌ അവിടെ നടന്നത്‌. കാട്‌ കത്തിച്ച്‌, മരങ്ങൾ മുഴുവനായി വെട്ടിനീക്കിവെളുപ്പിച്ചു. കാർഷികഭൂമിയാക്കിമാറ്റിയ അവിടെ എണ്ണപ്പനത്തോട്ടങ്ങൾ നിറഞ്ഞു.ഇതു തുടർന്നുകൊണ്ടിരിക്കുന്നു. ലോകത്താകമാനം ഉണ്ടാക്കുന്ന തടിവ്യവസായത്തിനാവശ്യമായ തടിയുടെ പകുതിയും ബോർണിയോയിൽ നിന്നുമാണ്‌ എത്തുന്നത്‌. അവശേഷിക്കുന്ന കാടുകളും വേഗത്തിൽ ത്തന്നെ തോട്ടങ്ങളായി പരിണമിച്ചുകൊണ്ടിരിക്കുകയാണ്‌.

വംശനാശഭീഷണിയിലുള്ള പലജീവികളുടെയും അവശേഷിക്കുന്ന ഏകസ്ഥലമായ കാലങ്ങളായി അന്തരീക്ഷത്തിലെ കാർബൺ വലിയതോതിൽ മണ്ണിനടിയിൽ സൂക്ഷിച്ചിരിക്കുന്ന ഈ കാടുകൾ ആ നാട്ടിലെ ആദിമനിവാസികളുടെ ജല-ഭക്ഷ്യസുരക്ഷയ്ക്ക്‌ അതീവപ്രധാനമാണ്‌. അവരോടൊന്നും യാതൊരു അനുമതിയും വാങ്ങാതെയാണ്‌ കൃഷിയുടെ പേരിൽ വനമാകെ വെളുപ്പിച്ചത്‌.

ലോകത്തെ ഏറ്റവും സാന്ദ്രതയിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടമാണ്‌ ഇന്തോനേഷ്യയിലെ ജാവ. അവിടുത്തെ ജനസംഖ്യ നിയന്ത്രിക്കാനായി സർക്കാർ 1970-80 കളിൽ പാവപ്പെട്ട കർഷകരെയും ഭൂമിയില്ലാത്തവരെയും ബോർണിയോവിൽ മരങ്ങൾ മുറിച്ചു നീക്കിയ ഇടങ്ങളിലേക്ക്‌ മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചു.മരങ്ങൾ മുറിച്ചതോടെ അവിടത്തെ ഫലഭൂയിഷ്ടത നഷ്ടമാവുകയും മഴയിൽ ബാക്കിയുള്ള മേൽമണ്ണ്‌ ഒഴുകിപ്പോവുകയും ചെയ്തതോടെ ഈ പരിപാടി വൻ പരാജയമായി. ഭക്ഷ്യസുരക്ഷയെ മുന്നിൽക്കണ്ട്‌ ദ്വീപിന്റെ തെക്കുഭാഗത്ത്‌ പീറ്റ്‌ വനങ്ങളെ നെൽവയലുകളായി പരിവർത്തനം ചെയ്ത്‌ നെൽ കൃഷി നടത്താൻ തയ്യാറാക്കിയ പദ്ധതിയും വൻ തോതിൽ കാശിറക്കി ജലസേചനമാർഗങ്ങൾ ഉണ്ടാക്കുകയും മരങ്ങൾ മുറിച്ചുമാറ്റുകയും ചെയ്തതിനുശേഷം പാരിസ്ഥിതികമായ ദുരന്തത്തിൽ കലാശിച്ച്‌ ഉപേക്ഷിക്കേണ്ടിവന്നു.

ആയിരക്കണക്കിനാണ്ടുകൾ നിലനിൽക്കുന്ന വനങ്ങളുടെ നിലം മരങ്ങളും ജൈവവസ്തുക്കളും വെള്ളവും അടിഞ്ഞടിഞ്ഞ്‌ വലിയൊരു കാർബൺ സംഭരണി ആയിട്ടുണ്ടാവും..ഇതിനെ പീറ്റ്‌ എന്നാണു പറയുന്നത്‌.(പിന്നെയും ആയിരത്താണ്ടുകൾ കഴിഞ്ഞാൽ ഇത്‌ കൽക്കരിയായി മാറും.) പീറ്റിന്‌ 10-12 മീറ്ററോളം കനം ഉണ്ടാവും.ഇവിടത്തെ മണ്ണിനു വലിയ പുഷ്ടിയൊന്നും ഉണ്ടാവില്ല.പീറ്റിന്‌ തീയിടുക എന്നുവച്ചാൽ ടൺ കണക്കിനു കാർബൺ അന്തരീക്ഷത്തിലേക്ക്‌ വ്യാപിക്കും എന്നാണ്‌ അർത്ഥം. നിയമവിധേയമായരീതിയിൽ മരംമുറിക്കുന്നതിനായി വികസിപ്പിച്ച ജലപാതകളും റെയിൽവേലൈനുകളും വഴി അനധികൃതമരംമുറിക്കാരും കടന്നുവന്നു.

1973 -2010 കാലത്ത്‌ മരംമുറിക്കാനായി മാത്രം ഉണ്ടാക്കിയത്‌ 270000 -ത്തിലേറെ കിലോമീറ്റർ റോഡുകളാണ്‌. സാമ്പത്തികമായി എന്തെങ്കിലും മൂല്യമുള്ള എല്ലാമരങ്ങളും ഇവിടെ നിന്നും മുറിച്ചുമാറ്റിക്കഴിഞ്ഞു.ജലസേചനത്തിന്‌ ഉണ്ടാക്കിയ കനാലുകൾ വഴി പീറ്റ്‌വനത്തിലെ ജലം പുറത്തേക്കുനഷ്ടപ്പെടുകയാണ്‌ ഉണ്ടായത്‌. പീറ്റിൽ നിന്നും ജലം നഷ്ടപ്പെട്ടാൽ കരി നിറഞ്ഞനിലത്തിന്‌ വളരെ വേഗം തീപിടിക്കും, അങ്ങനെ കാടുകൾ മുഴുവനും ഭീകരമായരീതിയിൽ കത്തുവാൻ തുടങ്ങി.2015 സെപ്തംബറിനും ഒക്ടോബറിനും ഇടയിൽ മാത്രം 120000 തീപിടുത്തങ്ങളാണ്‌ ഇന്തോനേഷ്യയിലെ കാടുകളിൽ ഉണ്ടായത്‌. ഓരോ തീപിടുത്തവും അന്തരീക്ഷം മുഴുവൻ പുകനിറയാൻ കാരണമായി. കാടിനു തീപിടിച്ചു, പുക നിറഞ്ഞു.ഈ പുകയും അതുമൂലമുള്ള മാലിന്യങ്ങളും തെക്കുകിഴക്കേഷ്യ മുഴുവൻ വ്യാപിച്ചു.

ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ , തായ്‌ലാന്റ്‌, വിയറ്റ്‌നാം, കംബോഡിയ, ഫിലിപ്പൈൻസ്‌ എന്നീ രാജ്യങ്ങളിൽ നിറഞ്ഞ ഈ പുകയും മാലിന്യവും ലക്ഷക്കണക്കിന്‌ ആൾക്കാരെ രോഗികളാക്കി, ധാരാളം ആൾക്കാർ നാടുവിട്ടു, വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിട്ടു.. ഒരു ലക്ഷത്തോളം ആളുകൾക്ക്‌ ജീവൻ നഷ്ടപ്പെട്ടു, രാജ്യങ്ങൾക്ക്‌ ഭീകരമായ സാമ്പത്തികനഷ്ടമുണ്ടാക്കി.

തീപിടിച്ച പീറ്റ്‌വനങ്ങളിൽ നിന്നും ഊറിവരുന്ന സൾഫ്യൂറിക്‌ ആസിഡ്‌ അടങ്ങിയ മലിനജലം കടലിൽ 150 കിലോമീറ്റർ ദൂരെവരെ എത്തുകയും മൽസ്യസമ്പത്തിന്‌ കാര്യമായ ഇടിവു വരുത്തുകയും ചെയ്തു.സൈനികമേധാവികളുമായി സഖ്യത്തിലാവാന്‍ പ്രസിഡണ്ട്‌ സുഹാർതോ ,,സൈനിക ഉദ്യോഗസ്ഥർക്ക്‌ കാടുകൾ തീറെഴുതിക്കൊടുത്തു. കൊടുംവനാന്തരങ്ങളുടെ ഉള്ളിലേക്കെത്തിയ റോഡുകൾ ബാക്കിയുള്ള കാടുകളെയും നാമാവശേഷമാക്കാൻ സഹായിച്ചു.

തുടർന്ന് 1980 കളിലും 90 കളിലും നടന്നത്‌ ലോകം ഇന്നേവരെ കണ്ടിട്ടുള്ളതിൽ വച്ച്‌ ഏറ്റവും ഭീകരമായ വനനശീകരണമാണ്‌.ആമസോണിലെ ഒരു ഹെക്ടർ പ്രദേശത്തുനിന്നും മുറിക്കുന്നത്‌ 23 ക്യുബിക്‌ മീറ്റർ മരമാവുമ്പോൾ ബോർണിയയിൽ അത്‌ 60 മുതൽ 240 ക്യുബിക്‌ മീറ്റർ വരെയായിരുന്നു. 80 ശതമാനം മരങ്ങളും മുറിക്കാൻ അനുവാദം കിട്ടിയപ്പോൾ മരങ്ങളോടൊപ്പം അവിടത്തെ കണ്ടൽകാടുകളും നാമാവശേഷമായി.ജൈവവൈവിധ്യമൂല്യത്താൽ ആയിരത്താണ്ടുകൾ നിലനിന്ന അപൂർവ്വവും വിലമതിക്കാനാവാത്തതുമായ മഴക്കാടുകൾ രണ്ടുമൂന്നു പതിറ്റാണ്ടുകൾ കൊണ്ട്‌ തീർത്തും ഇല്ലാതായി. ഇവിടെ വംശനാശഭീതിയിലുള്ള ധാരാളം ജീവികളുണ്ട്‌. മനുഷ്യനുമായി മെരുങ്ങുന്ന ഒറാങ്ങുട്ടാൻ,, വെരുക്‌, ഈനാംപേച്ചികൾ മുതലായവ അവയിൽ ചിലതാണ്.

ചൈനയിലെ നാട്ടുവൈദ്യത്തിനും ഇറച്ചിക്കും വേണ്ടി പതിനായിരക്കണക്കിന്‌ ഈനാമ്പേച്ചികളെയാണ്‌ നിയമവിരുദ്ധമായി ഇവിടുന്ന് കടത്തുന്നത്‌. ലക്ഷക്കണക്കിനു ഡോളർ വിലയുള്ള അപൂർവ്വമൽസ്യമായ അരോവാന തീർന്നുവെന്നുതന്നെ പറയാം. എല്ലായിടത്തും കല്‍ക്കരിപ്പാടങ്ങൾ , മലിനമായ നദികൾ ,നൂറുകണക്കിനു ജീവജാലങ്ങൾ എന്നിവ എന്നേക്കുമായി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. പീറ്റ്‌ കത്തി മണ്ണുമുഴുവൻ കരിഞ്ഞിരിക്കുന്നു, അതിൽ നിന്നും പുറപ്പെട്ട പലവിധരാസപദാര്‍ത്ഥങ്ങൾ ചിതറിക്കിടക്കുന്ന ഇടങ്ങളില്‍ക്കൂടി വലിയ യന്ത്രങ്ങള്‍ നിരങ്ങിനീങ്ങുന്നു, എങ്ങും മരങ്ങളുടെ കുറ്റികള്‍ മാത്രം. ഏതാനും പതിറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ ഭൂമിയിലെ ഏറ്റവും വലിപ്പമേറിയ മഴക്കാടുകളില്‍ ഒന്നായ, ഭൂമിയിലെ സ്വര്‍ഗം പോലെ ഉണ്ടായിരുന്ന ബോർണിയോ ഇന്ന് ഒരു ശവപ്പറമ്പിനെയാണ്‌ ഓര്‍മ്മിപ്പിക്കുന്നത്‌.

മറ്റാരെയും കടത്തിവിടാതെ കാവലേർപ്പെടുത്തിയിരിക്കുന്ന കല്‍ക്കരിഖനികൾ ,കുഴിച്ചെടുത്ത കൽക്കരിയുമായി നീങ്ങുന്ന വലിയ വാഹനങ്ങൾ ,,,എങ്ങും പൊടിയും പുകയും.ലോകത്തിലെ നാലാമത്തെ വലിയ ജനസംഖ്യയുള്ള രാജ്യത്ത്‌ കാലങ്ങളിലേക്ക്‌ കരുതിവയ്ക്കേണ്ട എല്ലാവിധവിഭവങ്ങളും താല്‍ക്കാലിക ലാഭത്തിനായി ദിനംപ്രതി തീര്‍ത്തുകൊണ്ടിരിക്കുന്നു. കാലങ്ങളോളം വിവിധയിനം സസ്തനികൾ ,പക്ഷികൾ ഉരഗങ്ങൾ ,പൂമ്പാറ്റകൾ എന്നിവ വിഹരിച്ചിരുന്ന സ്വർഗസമാനമായ ബോർണിയോ ഇന്ന് ജീവനറ്റ മരുപ്രദേശമായി മാറിക്കൊണ്ടിരിക്കുന്നു. കരിനിറത്തിൽ ഒഴുകുന്ന പുഴകളിലും തടാകങ്ങളിലും ജീവികളൊന്നും അവശേഷിച്ചിട്ടില്ല.

മനുഷ്യരുടെ ഡി എൻ എയുമായി 97 ശതമാനം സാമ്യമുള്ളതാണ്‌ ഒറാങ്ങുട്ടാന്റേത്‌. ആകെ ഒറാങ്ങുട്ടാൻ അവശേഷിച്ചിട്ടുള്ളത്‌ ജാവയിലും ബോർണിയോയിലുമാണ്‌.

വിവരങ്ങള്‍ക്ക് കടപ്പാട്: പ്രവീണ്‍ പ്രകാശ്

Leave a Reply

Your email address will not be published. Required fields are marked *