ഇത് ചരിത്രം ; ഹൈക്കോടതിക്ക് ഏഴ് വനിത ജഡ്ജിമാര്‍

കേരള ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായി ഏഴ് വനിത ജഡ്ജിമാര്‍. പുതിയ അഡീഷണല്‍ ജഡ്ജിയായി ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ ചുമതലയേറ്റതോടെയാണ് നേട്ടം. ജസ്റ്റിസ് അനു ശിവരാമന്‍, സോഫി തോമസ്, വി ഷിര്‍സി, ശോഭ അന്നാമ്മ ഈപ്പന്‍, എംആര്‍ അനിത, മേരി ജോസഫ്, സിഎസ് സുധ എന്നിവരാണ് നിലവിലെ വനിതാ ജഡ്ജിമാര്‍.

കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നടന്ന ചടങ്ങിലാണ് ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ ചുമതലയേറ്റത്. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ സത്യവാചകം ചൊല്ലികൊടുത്തു. ഹൈക്കോടതി ബാറില് നിന്ന് ജഡ്ജിയായി ഉയര്‍ത്തപ്പെടുന്ന നാലാമത്തെ വനിതയാണ് ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍. കഴിഞ്ഞ ഒക്ടോബറിലാണ് പേര് സുപ്രിംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തത്.

1991 ല്‍ എറണാകുളം ലോ കോളേജില് നിന്ന് നിയമബിരുദം നേടിയ ശേഷം കൊച്ചി ബാറില്‍ അഡ്വ.എ.ബി.പ്രഭുവിന്റെ കീഴിലാണ് പ്രാക്ടീസ് ആരംഭിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആയിരുന്നു. റാന്നി മണ്ഡലത്തേയും,പള്ളുരുത്തി മണ്ഡലത്തേയും പ്രതിനിധികരിച്ച അന്തരിച്ച മുന്‍ എംഎല്‍എ തോപ്പുപടി ഇടത്തില്‍ ഈപ്പന് വര്‍ഗീസിന്റെയും അന്നമ്മയുടെയും മകളാണ്. യൂണിയന്‍ ബാങ്ക്,എച്ച്ഡിഎഫ്‌സി,ആക്‌സിസ് ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ ലീഗല്‍ അഡൈ്വസറായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *