ഉഷ ഉതുപ്പ് @ 77

ഇന്ത്യന്‍ പോപ്പ് ഗായികയ്ക്ക് 77 ാം പിറന്നാള്‍

കഴിഞ്ഞ 50 വർഷത്തിലധികമായി ഇന്ത്യന്‍ ഭാഷകളിലും വിദേശഭാഷകളിലും പാടിപ്പാടി മുന്നേറിയ എന്റെ കേരളം… എത്ര സുന്ദരം… മലയാളികളുടെ സ്വന്തം ദീദി ഉഷ ഉതുപ്പിനെക്കുറിച്ച് പറയുമ്പോൾ ആദ്യം ഓർമവരുക ഈ പാട്ടായിരിക്കും. സാരിയുടുത്ത്, മുല്ലപ്പൂ ചൂടി, വലിയ പൊട്ട് തൊട്ട്, കയ്യില്‍ നിറയെ കുപ്പിവളകളണിഞ്ഞ് ഘനഗാംഭീര്യമുള്ള ശബ്ദത്തില്‍ പോപ് സംഗീതമാലപിക്കുന്ന ഉഷ അയ്യർ എന്ന് പുറമേ ദീതി എന്ന് അറിയപ്പെടുന്ന ഉഷ ഉതുപ്പ്. 1947 നവംബർ 8 ന് ചെന്നൈയിലെ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് ഉഷ അയ്യരുടെ ജനനം. പിതാവ് സാമി അയ്യർ ബോംബെയിൽ പോലീസ് കമ്മീഷണർ ആയിരുന്നു.

ബോംബേയിലാണ് ഉഷ തന്റെ സ്കൂൾ കാലഘട്ടം ചിലവഴിച്ചത്.പരുക്കൻ സ്വരം കാരണം സ്കൂൾ കാലഘട്ടത്തിൽ സംഗീത ക്ലാസ്സിൽ നിന്ന് പുറത്താക്കപ്പെട്ട അനുഭവമുണ്ട്. പക്ഷേ, സംഗീത അദ്ധ്യാപകൻ സംഗീതത്തോടുള്ള തന്റെ സമീപനം കണ്ടതുകൊണ്ട് ചില അവസരങ്ങൾ നൽകിയിരുന്നു. ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും സംഗീതമയമായ ഒരു അന്തരീക്ഷത്തിലാണ് ഉഷ വളർന്നു വന്നത്. ഒൻപതാം വയസ്സിലാണ് ഉഷ ആദ്യമായി പൊതുവേദിയിൽ പാടുന്നത്. തന്റെ സഹോദരിമാർ സംഗീതം ഒരു ജീവിതോപാധിയായി തിരഞ്ഞെടുത്ത സമയത്ത് സംഗീതഞ്ജനായ അമീൻ സയാനിയാണ് ഉഷയ്ക്ക് ഒരു റേഡിയോ ചാനലിൽ പാടാൻ സൗകര്യമൊരുക്കുന്നത്. അതിനു ശേഷം നിരവധി അവസരങ്ങൾ ഉഷയ്ക്ക് ലഭിച്ചു.

പിന്നീട് ചെന്നൈ മൌണ്ട് റോഡിലെ, നയൺ ജെംസ് എന്ന നിശാക്ലബ്ബിലെ പാട്ടുകാരിയായി. അവിടെ ധാരാളം അഭിനന്ദനങ്ങൾ അവർക്ക് ലഭിച്ചു. കൊൽക്കത്തയിലെ നിശാക്ലബ്ബുകളിലും ഉഷ പാട്ടുകാരിയായി. ഈ സമയത്താണ് ഉതുപ്പിനെ കണ്ടുമുട്ടിയത്. അതിൽ പിന്നെ ഡെൽഹിയിലെത്തി അവിടെ ഒബ്രോയി ഹോട്ടലിൽ ഗായികയായി തുടർന്നു. ആ സമയത്താണ്‌ ശശി കപൂർ അടങ്ങുന്ന ഒരു ചലച്ചിത്രസംഘം ഈ ഹോട്ടൽ സന്ദർശിക്കുന്നതും ഉഷയുടെ പാട്ട് കേൾക്കാനിടവരുന്നതും. ഉഷയുടെ ഗാനാലാപനം ഇഷ്ടപ്പെട്ട ഈ സംഘം, ഉഷയ്ക്ക് സിനിമയിൽ അവസരം നൽകുകയും ചെയ്തു. അങ്ങനെ തന്റെ ചലച്ചിത്രപിന്നണി സംഗീത ജീവിതം ബോളിവുഡിൽ ഹരേ രാമ ഹരേ കൃഷ്ണ എന്ന ചിത്രത്തിൽ പാടി തുടങ്ങി. ഈ ചിത്രത്തിലെ ദം മാറോ ദം… എന്ന ഗാനത്തിന്റെ ഇംഗ്ലീഷ് ഭാഗം ഉഷയാണ്‌ പാടിയത്.

1968 ൽ ഉഷ തന്റെ ഇംഗ്ലീഷ് ആൽബങ്ങൾ പുറത്തിറക്കി. ഈ ആൽബങ്ങൾക്ക് ഇന്ത്യയിൽ നല്ല ജനസമ്മതി ലഭിച്ചു. കൂടാതെ ഈ സമയത്ത് ഉഷ ലണ്ടനിലും ചില സന്ദർശനങ്ങൾ നടത്തുകയും അവിടെ ബി.ബി.സി. റേഡിയോവിൽ ചില അഭിമുഖങ്ങൾ നൽകുകയും ചെയ്തു. 1970 – 1980 കാലഘട്ടത്തിൽ സംഗീത സംവിധായകരായ ആ.ഡി. ബർമൻ , ബപ്പി ലഹരി എന്നിവർക്ക് വേണ്ടി ഉഷ ധാരാളം ഗാനങ്ങൾ ആലപിച്ചു. ഉഷയുടെ പല ഹിറ്റുകളും പിറക്കുന്നത് 1960, 1970, 1980-കാലഘട്ടങ്ങളിലാണ് 75-കാരിയായ ഉഷ മലയാളത്തിൽ പാടുകയും അഭിനയിക്കുകയും ചെയ്തു. ഹിന്ദി, ബംഗാളി, ഗുജറാത്തി, കൊങ്കിണി, തെലുഗു, ദോഗ്രി, ഖാസി, സിന്ധി, ഒഡിയ തുടങ്ങി 13 ഇന്ത്യൻ ഭാഷകളിലും സ്പാനിഷ്, ഫ്രഞ്ച്, ജർമൻ, സുലു, സ്വാഹിലി, സിംഹള, യുക്രൈനിയൻ, റഷ്യൻ, ഇംഗ്ലീഷ് തുടങ്ങിയ വിദേശഭാഷകളിലും ഇതിനകം ആലാപന മികവു തെളിയിച്ചു. 2012-ൽ മികച്ച പിന്നണി ഗായികയ്ക്കുള്ള ഫിലിംഫെയർ പുരസ്കാരവും ഉഷയെ തേടിയെത്തി. വിദേശത്താണെങ്കിലും ഇന്ത്യയിലാണെങ്കിലും കാഞ്ചീപുരം സാരിയും വലിയ പൊട്ടും സ്റ്റേജിൽ ഉഷയുടെ ട്രേഡ് മാർക്കാണ്.

ശാസ്ത്രീയ സംഗീതം വഴങ്ങില്ലെന്ന് ആക്ഷേപിച്ച് ഇറക്കിവിട്ടവർക്കു മുന്നിൽ ഇന്ത്യൻ പോപ് സംഗീതസാമ്രാജ്യത്തിന്റെ ഒഴിഞ്ഞുകിടന്ന സിംഹാസനത്തിൽ രാജ്ഞി കണക്കെ കയറിയിരുന്നു കൊണ്ടായിരുന്നു ഉഷ പകരംവീട്ടിയത്. നിശാ ക്ലബ്ബുകളിലെ സ്റ്റേജിൽ ഒരു പെൺകുട്ടിയെ സങ്കൽപിക്കാൻ കഴിയാതിരുന്ന കാലത്താണ്, ക്ലബ് നൈറ്റുകളിൽ പാടുന്നവരും ഗായികമാരാണ് എന്ന തുറന്ന പ്രഖ്യാപനത്തോടെ മെട്രോ നഗരങ്ങളിലെ നൃത്തശാലകൾക്ക് ഉഷ ചടുലതാളം പകർന്നത്. പ്രമുഖ താരങ്ങളായ ശശി കപൂർ, അമിതാഭ് ബച്ചൻ, കമലഹാസൻ, സംവിധായകൻ സത്യജിത് റേ എന്നിങ്ങനെ പലരും ഉഷയുടെ പാട്ടു കേൾക്കാൻ നൈറ്റ് ക്ലബ്ബിൽ വന്നിട്ടുണ്ട്. ഫാസ്റ്റ് നമ്പർ ശിൽപികളായ ആർ.ഡി. ബർമനും ബാപ്പി ലാഹിരിയും ഉഷയുടെ സ്റ്റൈലിനു ചേരുന്ന ഗാനങ്ങൾ നൽകി. ബാപ്പി ലാഹിരിയുടെ റമ്പാ ഹോ.. എന്ന ഗാനം ഉഷയ്ക്ക് കടലുകൾ കടന്നും ആരാധകരെ നേടിക്കൊടുത്ത ഗാനമായിരുന്നു. പിന്നീട് ഇളയരാജയുടെയും എ. ആർ റഹ്മാന്റെയും ഹിറ്റ് ഗാനങ്ങൾ പാടി. ബംഗാൾ മുഖ്യമന്ത്രിയും പോപ് സംഗീതപ്രിയനുമായിരുന്ന ജ്യോതി ബസു ഉഷയെ ദീദീ എന്നാണു വിളിച്ചിരുന്നത്. ആ വിളി പിന്നീട് ആരാധകരും ഏറ്റെടുക്കുകയായിരുന്നു. രാജ്യാന്തര തലത്തിൽ നിരവധി സ്റ്റേജുകളിൽ തന്റെ ഗാനാലാപന മികവ് തെളിയിച്ചിട്ടുണ്ട്. ചില ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. 1972 ലെ ബോംബെ ടു ഗോവ എന്ന ഹിന്ദി ചിത്രത്തിൽ അമിതാബ് ബച്ചൻ, ശത്രുഘ്നൻ സിൻ‌ഹ എന്നിവരോടൊപ്പവും അഭിനയിച്ച ഉഷ 2006 ൽ ഇറങ്ങിയ പോത്തൻവാവ എന്ന മലയാള ചലച്ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.


മലയാളത്തിലെ ഏഷ്യാനെറ്റ് ചാനലിലെ റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിൽ 2007, 2008 വർഷങ്ങളിൽ വിധികർത്താക്കളിൽ ഒരാളായിരുന്നു. മലയാളിയായ ജനി ചാക്കോ ഉതുപ്പാണ്‌ ഉഷയുടെ ഭർത്താവ് . സണ്ണി മകനും, അഞ്ജലി മകളുമാണ്‌. ഭർത്താവൊന്നിച്ച് ഇപ്പോൾ കൊൽക്കത്തയിലാണ്‌ താമസം .


കടപ്പാട് : വായനക്കൂട്ടം (കലാഗ്രാമം ബുക്ക്‌ ക്ലബ്ബ് )

Leave a Reply

Your email address will not be published. Required fields are marked *