മലയാള സിനിമയിലെ ആദ്യ സൂപ്പര്‍ഹിറ്റ് നായിക

മലയാള സിനിമയിലെ ആദ്യ സൂപ്പർ ഹിറ്റ് നായിക ത്രേസ്യാമ്മ എന്ന മിസ് കുമാരി വിട പറഞ്ഞിട്ട് 55 വർഷം.മുടിയനായ പുത്രന്‍, സ്നേഹദീപം, ശശിധരന്‍, നല്ലതങ്ക, ചേച്ചി, ആനവളര്‍ത്തിയ വാനമ്പാടി, ഹരി സ്നാപകയോഹന്നാന്‍, കൃസ്തുമസ്സ് രാത്രി, ഭക്തകുചേല, രണ്ടിടങ്ങഴി, ഹരിശ്ചന്ദ്രൻ, ജയിൽപ്പുള്ളി തുടങ്ങി നാൽപ്പതിലധികം മലയാള ചിത്രങ്ങളിലും ഏതാനും തമിഴ് ചിത്രങ്ങളിലും തിളങ്ങി .

ഭരണങ്ങാനത്ത് പുരാതന ക്രൈസ്തവ കുടുംബമായ കൊല്ലം പറമ്പിലെ തോമസ് – ഏലിക്കുട്ടി ദമ്പതികളുടെ മകളായി 1932 ജൂൺ 1ന്‌ ജനിച്ച ത്രേസ്യാമ്മ വെള്ളിത്തിരയിലെത്തി മലയാളം കീഴടക്കിയ മഹാനടിയായി, ‘മിസ് കുമാരി’യായി മാറിയതിനു പിന്നിൽ ഒരു സിനിമാക്കഥ പോലെ അവിശ്വസനീയതകളുണ്ട്, പരിശ്രമങ്ങളുണ്ട്. പഠിക്കാൻ മിടുക്കിയായിരുന്നു ത്രേസ്യാമ്മ. സ്കൂൾ ഫൈനൽ പാസായി നിൽക്കുന്ന കാലത്ത് അഭിനയിച്ചു പരിചയമൊന്നുമില്ലാതിരുന്ന തൻ്റെ 17-ാം വയസിൽ കന്യാസ്ത്രീയാകാൻ കൊതിച്ചിരുന്ന കാലത്ത് 1949-ൽ ഉദയായുടെ കന്നിച്ചിത്രമായ ‘വെള്ളിനക്ഷത്ര’ത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചു വീട്ടുകാർ ഒപ്പം നിന്നു. അങ്ങനെ ആ പെൺകുട്ടി സിനിമയുടെ വെള്ളിവെളിച്ചത്തേക്കു പറന്നു.

ചിത്രത്തിലെ ഗാന രംഗത്തിൽ വെറും മൂന്നു സീൻ മാത്രമേയുണ്ടായിരുന്നുള്ളൂ. പ്രതിഫലം 50 രൂപ. ‘വെള്ളിനക്ഷത്രം’ വിജയമായില്ലെങ്കിലും അതിലൂടെ മലയാള വെള്ളിത്തിരയിൽ പുതിയൊരു നായിക ഉദിച്ചു. ഉദയായുടെ രണ്ടാമത്തെചിത്രമായ നല്ലതങ്കയിൽ ത്രേസ്യാമ്മയായിരുന്നു നായിക. അതിന്റെ നിർമാതാക്കളിലൊരാളായ കെ.വി.കോശിയാണ് മിസ് കുമാരി എന്ന പേരു നൽകിയത്. നല്ലതങ്കയിലെ മികച്ച പ്രകടനം കുമാരിയെ ശ്രദ്ധേയയാക്കി. നല്ല തങ്ക’യിൽ നായികയായതോടെ ത്രേസ്യാമ്മ മിസ് കുമാരി ആയി, മലയാള സിനിമയുടെ സുവർണ കുമാരിയും പിതാവ് തോമസിന്റെ കലാരംഗത്തെ സൗഹൃദങ്ങളാണ് ത്രേസ്യാമ്മയ്ക്ക് കാമറയുടെ മുന്നിലേക്കുള്ള വഴികാട്ടിയായത് പിന്നീടങ്ങോട്ട് മലയാളത്തിലെ ആദ്യ സൂപ്പർഹിറ്റ് നായികയായി അവർ വളരുകയായിരുന്നു.1954 -ൽ പുറത്തിറങ്ങിയ നീലക്കുയിലിലെ നീലിയെന്ന കഥാപാത്രമാണ് അവരുടെ സിനിമാജീവിതം മാറ്റി മറിച്ചത്. നീലക്കുയിലിലെ നായികാവേഷത്തിലേക്ക് മറ്റു പലരെയും പരിഗണിച്ചിരുന്നെങ്കിലും മറ്റാർക്കും താൽപര്യമില്ലാത്തതിനാൽ റോസി നായികയായി. ആ സിനിമയ്ക്ക് അവർക്കു ലഭിച്ച പ്രതിഫലം 3000 രൂപയാണ്.

നീലക്കുയിലിലെ
🎸എല്ലാരും ചൊല്ലണ്….. 🎸 മാനെന്നും വിളിക്കില്ല മയിലെങ്ങും വിളിക്കില്ല….. എന്നീ പാട്ടുകൾ പഴയ തലമുറക്കൊപ്പം പുതിയ തലമുറയും പാടി നടക്കുന്നു.നീലക്കുയിലിലെ അഭിനയത്തിന് രാഷ്ട്രപതിയുടെ വെള്ളി മെഡൽ ലഭിച്ചിരുന്നു. അരക്കില്ലമാണ് അവസാനം അഭിനയിച്ച സിനിമ. ചില തമിഴ് സിനിമകളിലും വേഷമിട്ടിട്ടുണ്ട്. മുട്ടത്തു വർക്കിയുടെ പാടാത്ത പൈങ്കിളിയിൽ (1957) അഭിനയിക്കുമ്പോൾ കുമാരിക്ക് ടെൻഷനുണ്ടായിരുന്നു. വർക്കി എഴുതിവച്ച നായികയെ കുറവുകളില്ലാതെ അഭിനയിച്ചു ഫലിപ്പിക്കാനാവുമോ എന്നായിരുന്നു പേടി. ഒടുവിൽ പടം റിലീസായപ്പോൾ മുട്ടത്തു വർക്കി പറഞ്ഞു, എന്റെ ഏതു കഥയിലും ഇനി കുമാരി അഭിനയിച്ചാൽ മതി. തന്റെ സിനിമകളെ കുറിച്ചോ വ്യക്തിജീവിതത്തെക്കുറിച്ചോ ചോദ്യങ്ങൾ ഉന്നയിച്ചവരോട് ചിരിയോടെ അളന്നുമുറിച്ച മറുപടി നൽകുമായിരുന്നു. മെരിലാൻഡ് സുബ്രഹ്മണ്യം സംവിധാനം ചെയ്ത ആന വളർത്തിയ വാനമ്പാടി (1959) യുടെ ഷൂട്ടിനിടെ, തന്നെ കമന്റടിച്ചവരെക്കുറിച്ച് അവർ ഇങ്ങനെ പ്രതികരിച്ചു. ‘ഞാൻ ശ്രദ്ധിച്ചില്ല. ബോറൻമാർ‌ എന്തെങ്കിലും പറഞ്ഞിട്ടുപോകട്ടെ എന്നു കരുതി. വിവാഹത്തോടെ സിനിമ വിടുമെന്ന ആരാധകരുടെ ഉള്ളുലച്ച പ്രഖ്യാപനം നടത്തിയപ്പോഴും കുമാരിക്ക് കൃത്യമായ നിലപാടുണ്ടായിരുന്നു – ‘ചിലർ വിചാരിക്കുന്നതുപോലെ, കുടുംബിനികൾക്കു കടന്നുവരാൻ പറ്റാത്ത മേഖലയൊന്നുമല്ല സിനിമാരംഗം. പക്ഷേ, ബഹളങ്ങളിൽ നിന്നെല്ലാമൊഴിഞ്ഞ് സ്വസ്ഥമായിരിക്കാൻ ഞാനതു വേണ്ടെന്നുവയ്ക്കുന്നു എന്നേയുള്ളൂ’. 1963 ഫെബ്രുവരി 7ന് ആയിരുന്നു ഹോർമിസ് തളിയത്തുമായുള്ള കുമാരിയുടെ വിവാഹം. എറണാകുളം സ്വദേശിയായ ഹോർമിസ്, കെമിക്കൽ എൻജിനീയറായിരുന്നു. വിവാഹശേഷം കുറച്ചു കാലം സിനിമയിൽ നിന്നു വിട്ടു നിന്നു.


അടിയുറച്ച ദൈവ വിശ്വാസിയായിരുന്നു കുമാരി. എവിടെയാണെങ്കിലും ഞായറാഴ്ച കുർബാന മുടക്കില്ലായിരുന്നു. പരുപരുത്ത കോട്ടൻസാരി ചുറ്റി അതിന്റെ തലപ്പു തലയിലിട്ട് ചെരിപ്പിന്റെ പോലും ആഡംബരമില്ലാതെ പള്ളിയിൽ പോയിരുന്ന അവരെ പലരും തിരിച്ചറിഞ്ഞില്ല. തിരിച്ചറിഞ്ഞവർക്കു ഞെട്ടൽ – ഇങ്ങനെയും ഒരു സിനിമാതാരമോ? ബഹളങ്ങളില്ലാത്തതായിരുന്നു ആ ജീവിതം. വീട്ടിൽ നിന്നിറങ്ങി പള്ളിയിലേക്കു നടക്കുംമട്ടിൽ, തീർത്തും ശാന്തമായി ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോയി. 1969 ജൂൺ 9ന് മിസ് കുമാരിയുടെ ജീവിതത്തിന് തിരശ്ശീല വീഴുമ്പോൾ 37 വയസേ ആയിരുന്നുള്ളൂ.


മലയാളത്തില്‍ ദുരൂഹമരണം സംഭവിച്ച നടിമാരില്‍ ആദ്യമെത്തുന്നത് മിസ്സ് കുമാരിയുടെ പേരാണ്. പ്രശസ്തിയില്‍ നില്‍ക്കുമ്പോഴാണ് അവര്‍ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത പരക്കുന്നത്. ആത്മഹത്യ ചെയ്തുവെന്നും കാപ്പിയിൽ വിഷം ചേർത്ത് കൊന്നതാണെന്നും തുടങ്ങി പല ദുരൂഹകാരണങ്ങളും അക്കാലത്ത് സംശയിക്കപ്പെട്ടു. അവരുടെ ഭർത്താവിനെതിരെ പോലും സംശയം ഉയർന്നിരുന്നു. വയറുവേദനയെ തുടർന്നാണ് മിസ്‌.കുമാരിയുടെ മരണമെന്ന് അക്കാലത്തു പുറത്തു വന്ന മാധ്യമങ്ങളിൽ എഴുതിയിരുന്നു. മിസ് കുമാരിയുടെ മൃതദേഹം മരണശേഷം ഒരു വർഷത്തിനു കഴിഞ്ഞ് പുറത്തെടുത്ത് പരിശോധിച്ചിരുന്നു. മൃതദേഹം അഴുകിയിരുന്നില്ലെന്നും അതിനുള്ള കാരണമെന്തെന്നും ബി. ഉമാദത്തൻ എന്ന പോലീസ് സർജന്റെ ‘ഒരു പോലീസ് സർജന്റെ ഓർമക്കുറിപ്പുകൾ’ എന്ന പുസ്തകത്തിലുണ്ട്. മിസ് കുമാരിയുടെ മരണം കൊലപാതകമാണെന്ന ആരോപണം പോലീസിന്റെ അന്വേഷണത്തിൽ തെളിയിക്കാൻ സാധിച്ചില്ല. നീലക്കുയിലിലെ നീലി എന്ന ഹരിജന്‍ പെണ്ണിനെ തന്മയത്വത്തോടെ അവതരിപ്പിച്ച് മിസ് കുമാരിക്ക് അക്കലാത്ത് ഉര്‍വശി അവാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ അത് കിട്ടുമായിരുന്നു. പക്ഷെ അവര്‍ക്ക് ഭാഗ്യം ഉണ്ടായില്ല.കൂടുതല്‍ അവസരങ്ങള്‍ കൈവരും മുന്‍പേ അരങ്ങൊഴിയാനായിരുന്നു വിധി.


കടപ്പാട്. വിവിധ മാധ്യമങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *