വായനയെ ഇഷ്ടപ്പെടുന്നവര്‍ അറിഞ്ഞിരിക്കണം, പുസ്തക ടീച്ചറെക്കുറിച്ച്‌….

വായനയ്ക്കായി വിശാലമായ ഒരു ലോകം തുറന്നിട്ടിരിക്കുകയാണ് ആലപ്പുഴയിലെ പുസ്തക ടീച്ചര്‍ എന്നറിയപ്പെടുന്ന ലീന തെരേസ റൊസാരിയോ. ആലപ്പുഴ ത്രിവേണി ജംഗ്ഷനില്‍ ഷെറിന്‍ വില്ലയില്‍ ലീന തെരേസ റൊസാരിയോയുടെ വീട്ടില്‍ ലീനാസ് ലൈബ്രറി എണ്ണിയാലൊടുങ്ങാത്ത പുസ്തകങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പുന്നപ്ര സെന്റ ജോസഫ്‌സ് ഹൈസ് സ്‌ക്കൂളിലെ യു പി വിഭാഗം അധ്യാപികയാണ് ലീന. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ ലീന ടീച്ചറിന്റെ വീട്ടിലെ നിത്യ സന്ദര്‍ശകരാണ്. അതിനാലാണ് ലീന ടീച്ചര്‍ക്ക് പുസ്തക ടീച്ചര്‍ എന്ന പേര് നാട്ടുകാര്‍ തന്നെ സമ്മാനമായി നല്‍കിയത്. കഴിഞ്ഞ 14 വര്‍ഷമായി ലീനയും പുസ്തകങ്ങളുമായി കൂട്ടു കൂടിയിട്ട്. നിരവധിയാളുകള്‍ ഇവിടെ പുസ്തകം വായിക്കുവാനായി എത്താറുണ്ട്. പുസ്തക പ്രേമികളുടെ നിത്യ സന്ദര്‍ശന ഇടമായി ഇവിടം മാറിക്കഴിഞ്ഞു ലീന തെരേസ റൊസാരിയോയുടെ പുസ്തക വീട്.

വീട്ടില്‍ പുസ്തകത്തിനെത്തുന്നവര്‍ക്ക് എടുത്ത് കൊടുക്കുകയും ചെയ്യും. എട്ടാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന ഡാര്‍വിനും ഡെറിനുമാണ് മക്കള്‍. ക്രൈസ്തവ പ്രസിദ്ധീകരണങ്ങളായ മുഖരേഖ, ബഥേല്‍ എന്നീ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററും കൂടിയാണ് ഇവര്‍.

കുട്ടിക്കാലം മുതല്‍ വായനയോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ലീന അതത്ര കാര്യമായി എടുത്തില്ല. പിന്നീട് കയ്യിലുണ്ടായിരുന്ന കുറച്ച് പുസ്തകങ്ങളും അടുത്തുളള ലൈബ്രറിയില്‍ അംഗത്വം എടുത്ത് വായന ജീവിത ഭാഗമാക്കി മാറ്റി. അധ്യാപികയായി ജോലി കിട്ടിയ ശേഷമാണ് ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിനും കൂടി പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചത്. അതിന് തുടക്കമിടാന്‍ കാരണമായതും നാട്ടുകാരില്‍ നിന്നു തന്നെയായിരുന്നു. സ്‌കുളിലേക്ക് പോകുന്നതിനിടെ സ്‌കുട്ടറില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ വീട്ടമ്മയ്ക്ക് കൈവശം ഉണ്ടായിരുന്ന പുസ്തകം നല്‍കിയായിരുന്നു തുടക്കം. പിന്നീട് ഓരോരുത്തരായി പുസ്തകം ചോദിച്ചു വന്നു തുടങ്ങി. ആവശ്യക്കാരുടെ എണ്ണവും കൂടി. ഏവര്‍ക്കും തികച്ചും സൗജന്യമായാണ് പുസ്തകങ്ങള്‍ നല്‍കുന്നത്. എന്നാല്‍ വായിച്ചു കഴിഞ്ഞാല്‍ പുസ്തകം കേടുപാടുകളില്ലാതെ തിരികെ നല്‍കണമെന്ന വ്യവസ്ഥ മാത്രമാണ് ലീന മുന്നോട്ടു വെച്ചത്. നാട്ടുകാരുടെ പിന്തുണ വര്‍ധിച്ചതോടെ ബാലസാഹിത്യം, രാഷ്ട്രീയം, കലാ, സാംസ്‌ക്കാരികം, സാമ്പത്തികം, ശാസ്ത്രം തുടങ്ങിയ വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍പ്പെട്ട 3000 അധികം പുസ്തകങ്ങള്‍ ഉള്‍പ്പെടുന്ന വിശാല ലൈബ്രറി ഇവര്‍ വീട്ടിലൊരുക്കി. വായനക്കാര്‍ കൂടിയതോടെ പുസ്തകങ്ങള്‍ പോരാതെ വന്നു. പുറത്തുനിന്ന് വാങ്ങിയും റോട്ടറി ക്ലബ്ബ്, ലയണ്‍സ് ക്ലബ്ബ് പോലുള്ള സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ പുസ്തകങ്ങള്‍ സംഭാവന ലഭിച്ചതും ലൈബ്രറിയുടെ വളര്‍ച്ചക്ക് സഹായകമായി. വീട്ടമ്മമാര്‍ മുതല്‍ കിടപ്പു രോഗികള്‍ക്ക് വരെ ലീന പുസ്തകങ്ങള്‍ എത്തിച്ചു നല്‍കുന്നുണ്ട്. നഗരത്തിന് വെളിയില്‍ നിന്നും പോലും പുസ്തകങ്ങള്‍ക്ക് ആവശ്യക്കാരേറി തുടങ്ങിയെന്ന് ലീന പറയുന്നു.

ആലപ്പുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാരുടെയും സ്ഥിരം യാത്രക്കാരുടെയും സഹായത്തോടെയാണ് പുസ്തകങ്ങള്‍ മറ്റുള്ളവര്‍ക്ക് എത്തിച്ച് കൊടുക്കുന്നത്. ഡിജിറ്റല്‍ കാലഘട്ടത്തിലും പുസ്തക വായനയുടെ വ്യത്യസ്ത അനുഭവങ്ങള്‍ പകരുകയാണ് 37-ാം വയസിലും ഈ അധ്യാപിക. തുടക്കത്തില്‍ പുസ്തകങ്ങള്‍ ആവശ്യപ്പെടുന്ന വ്യക്തികളുടെ പേരുകള്‍ സുക്ഷിക്കാന്‍ രജിസ്റ്റര്‍ തയ്യാറാക്കി സുക്ഷിച്ചിരുന്നെങ്കിലും തിരക്ക് വര്‍ധിച്ചതോടെ അത് സാധിക്കാതെ വന്നു. പലരും ചിരപരിചിതരായതോടെ പുസ്തകങ്ങള്‍ ആരുടെ കൈകളിലുണ്ടെന്ന് വരെ അറിയാം. തന്റെ ശേഖരത്തിലുള്ള മുഴുവന്‍ പുസ്തകങ്ങളും പൂര്‍ണ്ണമായി വായിച്ച് തീര്‍ക്കാന്‍ ലീനയ്ക്ക് കഴിഞ്ഞിട്ടില്ല. ആവശ്യക്കാരെ നിരാശപ്പെടുത്താതെ പുസ്തകങ്ങള്‍ നല്‍കി മടക്കി അയക്കുന്ന ശീലമാണ് അതിന് കാരണം.

സ്‌കുളില്‍ നിന്ന് മടങ്ങുമ്പോഴും അവധി ദിവസങ്ങളിലും പുസ്തക വിതരണം തുടരും. തന്റെ വിദ്യാര്‍ഥികളും മികച്ച വായനാശീലമുള്ളവരാക്കാന്‍ ലീന പ്രത്യേകം ശ്രദ്ധപുലര്‍ത്തുന്നുണ്ട്. സ്‌കുള്‍ ലൈബ്രറി പ്രയോജനപ്പെടുത്തുന്നതിനൊപ്പം ക്ലാസിലും തന്റെ പുസ്തകങ്ങളും കൊണ്ടുപോകും. വൈകുന്നേരം മുന്ന് മണി മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇവ വായിക്കാന്‍ നല്‍കും. ബാലസാഹിത്യ കഥകളും ശാസ്ത്ര ഗ്രന്ഥങ്ങളുമണ് കുടുതലായും നല്‍കുക. അതിന് ഒരിക്കലും മുടക്കം വരുത്തിയിട്ടില്ല. വിദ്യാര്‍ത്ഥികള്‍കളും ലീനയുടെ കടുത്ത ആരാധകരാണ്. പുസ്തകങ്ങള്‍ ആവശ്യപ്പെട്ട് നിലക്കാത്ത ഫോണ്‍കോളുകളും വാട്‌സ് ആപ്പ് സന്ദേശങ്ങളുമാണ് ലീനയ്ക്ക് ലഭിക്കാറുണ്ട്. ഇത് കാണുമ്പോള്‍ നിറഞ്ഞ സന്തോഷമാണ് തോന്നുന്നത്. പുസ്തകങ്ങള്‍ ആവശ്യപ്പെട്ട് വാട്‌സ് ആപ്പില്‍ ലൊക്കേഷന്‍ മാപ്പ് വരെ ആയച്ച് നല്‍കി കാത്തിരിക്കുന്നവരും നിരവധിയാണ്. ഇവരെ നിരാശരാക്കില്ലെന്ന് ലീന പറഞ്ഞുവെക്കുന്നു.

പുസ്തകങ്ങള്‍ സുക്ഷിക്കാനുള്ള സ്ഥലപരിമിതിയാണ് അധ്യാപികയെ ഇപ്പോള്‍ വിഷമത്തിലാക്കുന്നത്. ചെറിയ മുറിയായതിനാല്‍ ഇതില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികം പുസ്തകങ്ങള്‍ ലൈബ്രറിയിലുണ്ട്. അലമാരിയില്‍ സുക്ഷിക്കാന്‍ കഴിയുന്നതിലും അധികം പുസ്തകങ്ങള്‍ ലൈബ്രറിയില്‍ എത്തുന്നത് കാരണം പലതും നിലത്താണ് സുക്ഷിച്ചിരിക്കുന്നത്. വീട്ടില്‍ ലുള്ള പുസ്തകങ്ങളേക്കാള്‍ കൂടുതല്‍ ഇവ വായാനക്കാരിലുമുണ്ട്. ഇത് തിരിച്ചെത്തിയാല്‍ സുക്ഷിക്കാന്‍ സ്ഥലപരിമിതി പ്രശ്‌നമാകും. ചിട്ടയോടെ അടുക്കി സുക്ഷിക്കാന്‍ കഴിയുന്ന ഷെല്‍ഫ് വാങ്ങാനിരിക്കുകയാണ് ഇവര്‍. ഓരോ വര്‍ഷവും ഹിറ്റായ പുസ്തകങ്ങള്‍ വാങ്ങി വെക്കുന്നതും പതിവാണ്. പുസ്തകം വാങ്ങുന്നതിന് പണം തന്ന് സഹായിക്കാറുണ്ടെങ്കിലും അതെല്ലാം സ്‌നേഹത്തോടെ നിരസിക്കുകയാണ് അധ്യാപിക ചെയ്യുന്നത്. പണത്തിന് പകരം പുസ്തകം തന്നാല്‍ മതിയെന്ന നിലപാടില്‍ ഒരിക്കലും മാറ്റം വന്നിട്ടില്ല. ഉറൂബ്, എം മുകുന്ദന്‍, ബെന്യാമിന്‍, എം ടി തുടങ്ങിയ പ്രമുഖ എഴുത്തുകാരന്‍മാരുടെ ആരാധിക കൂടിയാണ് ഇവര്‍. ആട് ജീവിതം എന്ന കൃതിയുടെ ഏഴ് കോപ്പികളാണ് ലീന വാങ്ങി സുക്ഷിച്ചിരിക്കുന്നത്. ഭര്‍ത്താവ് ബോണിയും ഭര്‍തൃമാതാവ് ബേബിയും ലീനയുടെ കൂടെയുണ്ട്. ബേബിയും വായനക്കാരിയാണ്..

Leave a Reply

Your email address will not be published. Required fields are marked *