താള്‍ അത്ര നിസാരക്കാരനല്ല.. താളിന്‍റെ ഗുണങ്ങള്‍ അറിഞ്ഞിരിക്കാം

ചേമ്പിന്‍റെ തളിരിലയും തണ്ടിനേയുമാണ് താള്‍ എന്ന് പറയുന്നത്. തോടിന്‍റെ വക്കിലും പറമ്പിലുമൊക്കെ ധാരാളം ചേമ്പ് തഴച്ചുവളര്‍ന്ന് നില്ക്കാറുണ്ട്.

പണ്ടൊക്കെ ആഴ്ചയില്‍ ഒരുദിവസമെങ്കിലും തീന്‍മേശയില്‍ താളുകറി ഇടം പിടിക്കാറുണ്ടായിരുന്നു. വറുത്തരച്ചും ഒഴിച്ചുകറിയായും തോരന്‍ വച്ചും ഒക്കെ പല രൂപത്തിലും ഭാവത്തിലുമായിരിക്കും ആശാന്‍റെ വരവ്. ഇന്നാകാട്ടെ ജഗ് ഫുഡ് ന്‍റെ പുറകെ പോകുന്ന നമ്മള്‍ പഴയ താളുകറിയെ മറന്നിരിക്കുന്നു.

താളുകറിയെ കുറിച്ച് രസകരമായ ഒരു കഥയും നിലനിന്നിരുന്നു. എന്നും താളുകറി വീട്ടില്‍ കൂട്ടി മടുത്ത കാര്‍ന്നോര് മകളുടെ വീട്ടില്‍ സുഭിഷ്ടമായ സദ്യകിട്ടുമെന്നോര്‍ത്ത് വിരുന്നുണ്ണാന്‍ പോയി. കൈയ്യും കഴുകി ഇലയുടെ മുന്നില്‍ ഇരുന്ന കാര്‍ന്നോരുടെ മുന്നില്‍ ചോറിനൊപ്പം മകള്‍ താളുകറി വിളമ്പി. അച്ഛന്‍റെ മുഖം വാടിയത് കണ്ട മകള്‍ താളിന്‍റെ ഗുണഗണങ്ങള്‍ വര്‍ണിക്കാന്‍ തുടങ്ങി. ഇത് കേട്ട കാര്‍ന്നോര് ‘എന്തൊക്കെ യായലും താളല്ലേ കറിയെന്ന്’.. ചോദിച്ചത്ര.. ഇത് പ്രയോഗമായി ഇന്നും നാട്ടിന്‍പുറങ്ങളില്‍ നിലനില്‍ക്കുന്നു.എന്നാല്‍ കാര്‍ന്നോര് പറയുന്ന പോലെ താള്‍ അത്ര നിസാരക്കാരന്‍ അല്ല.

സ്വാദു മാത്രമല്ല, ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുണ്ട്. പ്രോട്ടീന്‍, ഡയറ്റെറി ഫൈബര്‍, ആസ്‌കോര്‍ബിക് ആസിഡ്, അയേണ്‍, റൈബോഫ്‌ളേവിന്‍, തയാമിന്‍, ഫോസ്ഫറസ്, വൈറ്റമിന്‍ ബി 6, വൈറ്റമിന്‍ സി, പൊട്ടാസ്യം, നിയാസിന്‍, മാംഗനീസ്, കോപ്പര്‍ തുടങ്ങിയ ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒന്നാണിത്.


ദഹനം എളുപ്പമാക്കാനും കുടലിന്റെ ആരോഗ്യത്തിനും താള് സഹായിക്കുന്നുണ്ട്. ഇത് മലബന്ധം നീക്കാനും ഇറിട്ടബില്‍ ബൗള്‍ സിന്‍ഡ്രോം അകറ്റാനും കുടല്‍ ക്യാന്‍സര്‍ തടയാനുമെല്ലാം കാരണമാകാറുണ്ട്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു എന്നതാണ് മറ്റൊരു ​ഗുണം ഇതിനൊപ്പം ഇതിലുള്ള പൊട്ടാസ്യം ബിപി നിയന്ത്രണത്തിനും ഏറെ സഹായകമാണ്. ശരീരത്തിന് ഇലക്ട്രോളൈറ്റ് ബാലന്‍സ് നല്‍കുന്ന ഒന്നാണിത്. ഇതിലെ പൊട്ടാസ്യമാണ് ഈ ഗുണം നല്‍കുന്നത്.
ഇത് കഴിയ്ക്കുന്നത് ശരീരത്തിന് ആവശ്യമായ പൊട്ടാസ്യം തോതു നല്‍കും. ഇതിലെ വൈറ്റമിന്‍ സി നല്ലൊരു ആന്റിഓക്‌സിഡന്റ് ഗുണം നല്‍കുന്നതാണ് കാരണം. വൈറ്റമിന്‍ സി കാരണം ശരീരത്തിന്റെ പ്രതിരോധ ശേഷിയും മെച്ചപ്പെടുന്നു. അയേണ്‍ സമ്പുഷ്ടമായ ഇത് ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തിനു സഹായിക്കുന്നു. ഇതു കൊണ്ടു തന്നെ ശരീരത്തിലുണ്ടാകുന്ന തളര്‍ച്ചയും ക്ഷീണവുമെല്ലാം പരിഹരിയ്ക്കുന്നു. അയേണ്‍ കുറവിലൂടെ ഓക്‌സിജന്‍ രക്തത്തിലൂടെ ശരീര ഭാഗങ്ങള്‍ക്കു ലഭ്യമാകാതിരിയ്ക്കുന്നത് ക്ഷീണത്തിനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്. ഇത് താള് ഒരു പരിഹാരമാണ്. .


കണ്ടോ താള് അത്ര നിസാരക്കാരനല്ലെന്ന് മനസ്സിലായില്ലെ. വേഗം താളുകറി ഉണ്ടാക്കാന്‍ തയ്യാറായിക്കോളൂ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!