ഗൗരവമുഖമുള്ള തമാശക്കാരൻ പറവൂർ ഭരതന്‍

മന്ദബുദ്ധിയായ വില്ലനും വീട്ടുകാര്യസ്ഥനും കാര്യശേഷിയില്ലാത്ത ഗുണ്ടയുമായി മലയാളികളെ ചിരിപ്പിച്ച പറവൂർ ഭരതൻ. മലയാളത്തില്‍ മികച്ചവില്ലന്മാരായി അരങ്ങേറിയ താരങ്ങള്‍ പിന്നീട് ഹാസ്യതാരങ്ങളായി മാറിയ ചരിത്രമുണ്ട്. ഹാസ്യതാരമായി മാറിയ വില്ലന്മാരും പില്‍ക്കാലത്ത് നായകന്മാരായിട്ടുണ്ട്. എന്നാല്‍ ചില കൊടുംവില്ലന്മാര്‍ ഹാസ്യതാരമായി തന്നെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച് നിലനിന്നു. ഇതില്‍ വില്ലനില്‍ നിന്നും ഹാസ്യത്തിലേക്ക് ചേക്കേറിയ ആദ്യതാരം ഒരുപക്ഷേ, പറവൂര്‍ ഭരതനായിരിക്കും. ഓളവും തീരവും പോലുള്ള സിനിമകളില്‍ ‘ കണ്ണൂര്‍ ജയില്‍ ആണുങ്ങള്‍ക്കുളളതാ’ എന്നു പറഞ്ഞ് മീശപിരിച്ചുനടന്ന ഭരതന്‍ പില്‍ക്കാലത്ത് കിന്നാരം പോലുള്ള പടങ്ങളില്‍ നേരിയ ഹാസ്യഭാവമണിഞ്ഞ് ഒടുവില്‍ മീശയില്ലാ വാസുവായി മഴവില്‍ക്കാവടിയിലൂടെ അത്യുഗ്രന്‍ പൊട്ടിച്ചിരിയായി മാറി. പിന്നെ എത്രയോ സിനിമകളില്‍ ആ രൂപവും ഭാവവും ആളുകളെ പൊട്ടിച്ചിരിപ്പിച്ചു.

മഴവിൽക്കാവടി, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, തൂവൽ സ്പർശം ഇന്‍ ഹരിഹര്‍ നഗര്‍, മേലെപ്പറമ്പില്‍ ആണ്‍വീട്, അമ്മയാണേ സത്യം, ജൂനിയര്‍ മാന്‍ഡ്രേക്, കുസൃതികുറുപ്പ്, അരമന വീടും അഞ്ഞൂറേക്കറും, കുടുംബവിശേഷം തുടങ്ങി നിരവധി ചിത്രങ്ങളില്‍ പൊട്ടിച്ചിരിയുടെ മാലപ്പടക്കവുമായി മലയാളികള്‍ക്ക് മുന്നിലെത്തി. പ്രേം നസീറിന്റെ ആദ്യചിത്രം മരുമകൾ ഇദ്ദേഹത്തിന്റെ മൂന്നാമത് ചിത്രമായിരുന്നു. തിക്കുറിശ്ശിയുടെ മരണത്തിനു ശേഷം മലയാള സിനിമയുടെ ഏറ്റവും മുതിർന്ന വ്യക്തിയായിരുന്നു. മലയാള താര സംഘടനയായ അമ്മയുടെ പ്രഥമ അംഗമായിരുന്ന അദ്ദേഹത്തിന്റെ അംഗത്വ ഫീസായ 10,000 രൂപ സ്വീകരിച്ചു കൊണ്ടായിരുന്നു അമ്മയുടെ തുടക്കം.

നോർത്ത് പറവൂരിലുള്ള വടക്കേക്കര പഞ്ചായത്തിലെ വാവക്കാട് എന്ന ഗ്രാമത്തിൽ കൊച്ചണ്ണൻ കോരൻ-കുറുമ്പ കുട്ടി ദമ്പതികളുടെ മകനായി1929 ജനുവരി 16ന് ജനിച്ചു. വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ കലാരംഗത്ത് മികവുകാട്ടിയിരുന്നു. ഏകാഭിനയത്തിൽ വൈദഗ്ദ്ധ്യം പ്രകടിപ്പിച്ചിരുന്ന അദ്ദേഹം സ്‌കൂളിൽ മോണോആക്‌ടിൽ ഒരു തെങ്ങുകയറ്റ തൊഴിലാളിയെ അവതരിപ്പിച്ചാണ്‌ കലാരംഗത്ത്‌ എത്തിയത്‌. പക്ഷേ അച്ഛന്റെ മരണത്തോടു കൂടി പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. പിന്നീടാണ് ചലച്ചിത്രാഭിനയം ഒരു ജീവിതോപാധിയായി തിരഞ്ഞെടുത്തത്.

ഒരിക്കൽ ഭരതന്റെ അഭിനയം കണ്ട കാഥികൻ കെടാമംഗലം സദാനന്ദൻ‍ ‘പുഷ്പിത’ എന്ന നാടകസംഘത്തിൽ ചേർക്കുകയും ചെയ്തു. പിന്നീട് പറവൂരും പരിസര പ്രദേശങ്ങളിലുള്ള നാടക വേദികളിൽ ഒരു സജീവ സാന്നിദ്ധ്യമായി ഭരതൻ മാറി. ഇങ്ങനെ നാടകസംഘങ്ങളുമായുള്ള പരിചയമാണ് പിൽക്കാലത്ത് ഭരതന് ചലച്ചിത്രത്തിലേക്കുള്ള വഴി തുറന്ന് കൊടുത്തത്. പുഷ്‌പിണി എന്ന നാടകത്തിൽ ജന്മി വേഷം കെട്ടിയാണ്‌ നാടകത്തിന്റെ അരങ്ങിലെത്തിയത്‌.

ഉദയ കേരള നാടകസമിതിയുടെ രക്തബന്ധം എന്ന സംഗീത നാടകമാണു സിനിമയിലേക്കു വഴി തുറന്നത്. ആ നാടകം അതേ പേരിൽ 1951ൽ സിനിമയായപ്പോൾ ഭരതനും ക്യാമറയ്ക്കു മുന്നിലെത്തുകയായിരുന്നു. 1950 ൽ ആലുവ സ്വദേശി കരുണാകര പിള്ള നിർമിച്ച ‘രക്തബന്ധം’ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. പിന്നീട് കേരള കേസരി, ഭക്തകുചേല, ഉണ്ണിയാര്‍ച്ച, സ്‌നേഹദീപം, അള്‍ത്താര, ഭൂമിയിലെ മാലാഖ, കടത്തുകാരന്‍, ചെമ്മീന്‍, തുലാഭാരം, പഠിച്ചകള്ളന്‍, കള്ളിചെല്ലമ്മ, അടിമകള്‍, മൂലധനം, വാഴ്‌വേ മായം, ത്രിവേണി, നിഴലാട്ടം, ഓളവും തീരവും, അനുഭവങ്ങള്‍ പാളിച്ചകള്‍, പൊന്നാപുരം കോട്ട, ലേഡീസ് ഹോസ്റ്റല്‍, കാപാലിക തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.1961ൽ പുറത്തിറങ്ങിയ ‘ഭക്ത കുചേല’യാണ് ഏറെ ശ്രദ്ധ നേടിക്കൊടുത്തത്.1964 ൽ എം.കൃഷ്ണൻ നായർ സംവിധാനം ചെയ്ത കറുത്തകൈയിലെ മുഴുനീള വില്ലൻ വേഷമായിരുന്നു പറവൂർ ഭരതനെന്ന നടന്റെ സിനിമാജീവിതത്തിലെ വഴിത്തിരിവായത്. പഞ്ചവർണ തത്തപോലെ എന്ന പ്രശസ്തമായ ഖവാലി ഗാനം പാടി അഭിനയിച്ചത് അദ്ദേഹമായിരുന്നു.

മാറ്റൊലി എന്ന സംഗീത നാടകത്തിലും നീലക്കുയിൽ സിനിമയിലും ഒപ്പം അഭിനയിച്ച നടി തങ്കമണിയാണ് ഭാര്യ. 2015 ഓഗസ്റ്റ് 19 ന് അന്തരിച്ചു 2009 ൽ പുറത്തിറങ്ങിയ ചങ്ങാതിക്കൂട്ടമാണ് അവസാനമായി അഭിനയിച്ച സിനിമ. 2013 ൽ നടൻ സലിംകുമാർ സംവിധാനം ചെയ്ത ‘പരേതന്റെ പരിഭവങ്ങൾ’ എന്ന ഹ്രസ്വചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. പറവൂർ ഭരതൻ അഭിനയിച്ച ചെമ്മീൻ 50-ാം വാർഷികം ആഘോഷിച്ച അതേ ദിവസമാണ് മരണം.


courtesy sajiabhiramam

Leave a Reply

Your email address will not be published. Required fields are marked *