മലയാളത്തിന്‍റെ’ചാര്‍ളി ചാപ്ലിന്‍’എസ്.പി.പിള്ളയുടെ സ്മൃതിദിനം

മലയാളത്തിന്റെ ചാർളി ചാപ്ലിൻ എന്നറിയപ്പെട്ടിരുന്ന എസ്.പി.പിള്ള എന്ന ശങ്കരപിള്ള പങ്കജാക്ഷൻപിള്ള അടൂര്‍ഭാസിയുടേയും മുതുകുളം രാഘവന്‍പിള്ളയുടേയും സമകാലീനയായിരുന്നു.

ഹരിപ്പാട് മുട്ടത്ത് പോലീസ്‌ കോൺസ്റ്റബിൾ ശങ്കരപ്പിള്ളയുടെ മകനായി 1913 നവംബർ 28 ന് ജനനം. ബാല്യത്തില്‍ മാതാപിതാക്കള്‍ മരിച്ചതുമൂലം കാര്യമായ വിദ്യാഭ്യാസം ലഭിച്ചില്ല. പത്രവില്പനക്കാരനായി ജീവിതം ആരംഭിച്ചു. 14-ാം വയസിൽ കലാരംഗത്തെത്തി. പകരക്കാരനായി തീര്‍ത്തും യാദൃശ്ചികമായാണ് നാടക ലോകത്തെത്തിയത്.

അഭിനയത്തിന് പുറമെ മോണോ ആക്ടും മിമിക്രിയും കൊണ്ട് ഉത്സവപ്പറമ്പുകളിലെ ഇടവേളകളിൽ സദസ്യരെ പൊട്ടിച്ചിരിപ്പിച്ചു. ഏറ്റുമാനൂരിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയ മഹാകവി വള്ളത്തോളിനെ അതേ ചടങ്ങിൽ അനുകരിച്ചത് വഴിത്തിരിവായി. വള്ളത്തോള്‍ കലാമണ്ഡലത്തിലേക്ക് കൂട്ടികൊണ്ടുപോയി. അവിടെ നിന്ന് ഓട്ടൻ തുള്ളൽ അഭ്യസിച്ച അദ്ദേഹം തിരിച്ച് വന്ന് പ്രൊഫഷണൽ നാടകത്തിൽ സജീവമായതോടെ സിനിമയിലേക്ക് വഴി തുറന്നു. 40 വർഷം കലാരംഗത്ത് നിറഞ്ഞുനിന്ന എസ്.പി പിള്ള അഞ്ഞൂറിലേറെ നാടകങ്ങളിലായി അയ്യായിരത്തിലധികം വേദികളിൽ അഭിനയിച്ചിട്ടുണ്ട്.

അല്ലി റാണിയായിരുന്നു ആദ്യ നാടകം. ഭൂതരായൻ ആദ്യ സിനിമയും. ഈ സിനിമ റിലീസ് ചെയ്തില്ല. സി. മാധവൻ പിള്ളയുടെ ജ്ഞാനാംബിക (1940) ആണ്‌ ആദ്യം പുറത്തിറങ്ങിയ ചിത്രം. 1950-ൽ വി.വി. കൃഷ്ണയ്യർ (കെ & കെ പ്രൊഡക്ഷൻസ്‌) സംവിധാനം ചെയ്ത നല്ലതങ്കയിലെ അഭിനയം നല്ലൊരു ഹാസ്യനടനെ മലയാളത്തിനു നൽകി. തിക്കുറിശ്ശി, ടി.എൻ. ഗോപിനാഥൻ നായർ എന്നിവരും ചേർന്നു കലാകേന്ദ്രം തുടങ്ങി. ‌ഭൂതരായർ, സ്നേഹസീമ, നായരു പിടിച്ചപുലിവാല്, ചെമ്മൻ, ഭാര്യ, വിടരുന്ന മൊട്ടുകൾ, സഞ്ചാരി തുടങ്ങി അവസാന ചിത്രമായ കാഥികൻ വി. സാംബ ശിവൻ നായകനായി അഭിനയിച്ച പുല്ലാങ്കുഴൽ വരെ 300-ലധികം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

1957-ൽ പുറത്തിറങ്ങിയ തസ്‌കരവീരൻ എന്ന ചിത്രത്തിന് വേണ്ടി വയറനു നമുക്കു ദൈവം…. എന്ന ഗാനം പാടിയിട്ടുണ്ട്. ഭക്തകുചേലയിലൂടെ സംസ്ഥാന അവാർഡും തുടര്‍ന്ന് ചെമ്മീനിലെ അഭിനയത്തിന് ദേശീയ അവാർഡും തേടിയെത്തി.
1978- ല്‍ മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കലാരത്നം അവാര്‍ഡ്, മയൂര അവാര്‍ഡ് ഇവ ലഭിച്ചു. അവശ ചലച്ചിത്രകലാകാര യൂണിയന്‍റെ സ്ഥാപക പ്രസിഡന്‍റായിരുന്നു.


ഏറ്റുമാനൂർ ദേവന്റെ വലിയ ഭക്തനായിരുന്ന അദ്ദേഹം ക്ഷേത്രത്തിനു സമീപത്തായിരുന്നു താമസിച്ചിരുന്നത്. ഏറ്റുമാനൂർ ക്ഷേത്രത്തിലെ വിഗ്രഹമോഷണക്കേസിലെ പ്രതിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് എസ്.പി പിള്ളയുടെ നേതൃത്വത്തിൽ നടത്തിയ നിരാഹാര സമരം കേരളത്തിൽ ഏറെ ശ്രദ്ധനേടി. 1985 ജൂൺ 12 ന്‌ അന്തരിച്ചു. ഒരു കാലത്ത് എസ്.പി – അടൂര്‍ പങ്കജം കൂട്ടുകെട്ട് മലയാള സിനിമയില്‍ ചിരിയുടെ വരപ്രസാദമായിരുന്നു. ചിരിയുടെ ജനിതക പ്രതിഭ ഏറ്റുവാങ്ങിയ പൗത്രി മഞ്ജു പിള്ളയിലൂടെ എസ്.പി. ആശാന്‍ ഇന്നും മലയാളിയുടെ ഹൃദയത്തില്‍ ജീവിക്കുന്നു.

വിവരങ്ങള്‍ക്ക് കടപ്പാട്: വിവിധ മാധ്യമങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *