നാലുകെട്ടിന്‍റെ കഥാകാരന് ജന്മദിനാശംസകൾ
ഫൈസി
പുറത്ത് മാനം കരിമ്പടംപുതച്ചു, മഴ തിമിർത്തു പെയ്യുകയാണ്. ആ മഴയെ മനസ്സിലൊളിപ്പിച്ചു മലയാളി പേരു ചൊല്ലി വിളിച്ച പഞ്ഞകർക്കിടകം, മലയാളിക്ക് ഏകിയ വരദാനം. 1933 ജൂലായ് 15 ന്, കർക്കിടകത്തിലെ ഉത്രട്ടാതിയിൽ ലഭിച്ച വരപ്രസാദം. എം.ടി.വാസുദേവൻ നായർ.
പുന്നയൂർക്കുളം ടി.നാരായണൻ നായരുടേയും മാടത്ത് തെക്കേപ്പാട്ട് അമ്മാളു അമ്മയുടേയും മുജ്ജന്മ സുകൃതം.
കാച്ചെണ്ണയുടെ സുഗന്ധവും, കൈതപ്പൂവിന്‍റെ നിറവുമുള്ള സുന്ദരിമാരായ നായികമാരെ, എം ടി. മലയാളത്തിന് തന്നു. സർപ്പപ്പാട്ടിലെ ഭക്തിയും കളമെഴുത്തു പാട്ടിലെ കടുംചായങ്ങളും ഞാൻ കണ്ടതും, ആസ്വദിച്ചതും, വേറെ എങ്ങും നിന്നല്ല. മുറപ്പെണ്ണിന്‍റെ കവിളിൽ വിടരുന്ന നാണത്തിനാണോ ആതിര നിലാവിന്‍റെ പുഞ്ചിരിക്കാണോ കൂടുതൽ ഭംഗി എന്നു നിനച്ച് നാലുകെട്ടിന്‍റെ കോലായിൽ മാനത്തേക്ക് നോക്കി കിടന്ന കൗമാരം തൊട്ടറിഞ്ഞത്, സർപ്പക്കാവിന്‍റെ നിഗൂഢതകളിൽ നിന്നും രാപ്പക്ഷികളുടെ കരച്ചിൽ കേട്ടത് ഒക്കെ ഈ വള്ളുവനാട്ടുകാരന്‍റെ അക്ഷരങ്ങളിൽ നിന്നല്ലേ. മലയാളത്തിന് ഇത്രമേൽ സൗന്ദര്യമുണ്ടെന്നറിഞ്ഞത്, അതിൽ കണ്ണാന്തളിപ്പൂക്കളും, കാട്ടുകുറിഞ്ഞിയും ഓണപ്പൂക്കളം തീർത്തതും അടുത്തറിഞ്ഞത്, ഞാവൽക്കൂട്ടങ്ങളും, കുന്നിൻചെരുവുകളുമുള്ള നാട്ടിൽ, കുടുക്കു പൊട്ടിയ ട്രൗസറിനെ അരഞ്ഞാൺ ചരടിൽ തിരുകി വച്ച്, കുന്തിപ്പുഴയുടെ തീരത്തൂടെ ഓടി നടന്ന ആ ബാലനിലൂടെയല്ലേ. പുന്നോക്കാവിലെ ഉത്സവം കഴിഞ്ഞ് മടങ്ങുമ്പോൾ തെങ്ങോലത്തലപ്പുകളുടെ നിഴലുകളെ നാണിപ്പിച്ച് ചിരിച്ചു മയങ്ങിക്കിടക്കുന്ന ധനുമാസനിലാവിന്‍റെ ചിത്രം മനസ്സിൽ കോറിയിട്ട ആ കൗമാരക്കാരനിലൂടെയല്ലേ. നിലാവത്ത് യാത്ര തുടരുന്ന പാലപ്പറമ്പിലെ യക്ഷിയോടും, ഇല്ലപ്പറമ്പിലെ ബ്രഹ്മരക്ഷസിനോടും, മേലേപ്പറമ്പിലെ കരിനീലിയോടും ഞാൻ സംവാദം നടത്തിയതും നിഗൂഢ ഗർഭങ്ങൾ പതിയിരിക്കുന്ന മഹാസമുദ്രങ്ങളേക്കാളും എനിക്കിഷ്ടം, ഞാനറിയുന്ന എന്നെ അറിയുന്ന എന്‍റെ നിളയെയാണ് എന്ന് ലോകത്തോട് മുഴുവനും ഞാൻ ഏറ്റു ചൊല്ലിയതും, ഒടുവിൽ സ്വരം താഴ്ത്തി സേതുവിന് എന്നും സേതുവിനോട് മാത്രമായിരുന്നു ഇഷ്ടം എന്ന് മൊഴിഞ്ഞതും എല്ലാം ആ കൃതികളെ മാറോടണച്ചിട്ടല്ലേ, അവ അത്രമേൽ എന്നിൽ പതിഞ്ഞിട്ടല്ലേ.
ഗഹനമായ ഭാഷയോ,കഠിനമായ പദവിന്യാസങ്ങളോ ഒന്നും വേണ്ട വായനക്കാരെ കീഴടക്കാൻ എന്ന് ലളിതമോഹന പദങ്ങളാൽ പറഞ്ഞു തന്ന എം.ടി.അനുഭവങ്ങളുടെ കൊടും ചൂളയിൽ നിന്നും ഉയിർത്തെഴുന്നേൽക്കുന്ന പൊള്ളുന്ന അക്ഷരങ്ങൾ കോർത്തിണക്കിയ പദങ്ങൾ മാത്രം മതി,മനുഷ്യ മനസ്സിനെ കീഴടക്കാൻ എന്ന് തന്‍റെ കൃതികളിലൂടെ പറയാതെ പറഞ്ഞു തന്ന എം.ടി. പൊള്ളുന്ന അനുഭവങ്ങളുടെ ചൂടിൽ പിടഞ്ഞ ആത്മാവ്, കത്തുന്ന താളുകളിൽ രക്തം കിനിയുന്ന അക്ഷരങ്ങളായി പുനർജനിച്ചപ്പോൾ അവ അനുപമ കാവ്യങ്ങളായി.
വള്ളുവനാടൻ ഭാഷയും, മുടിഞ്ഞ നായർ തറവാടും, മുറപ്പെണ്ണും, കേട്ടു പഴകിയ പ്രാരാബ്ധങ്ങളും ഇല്ല എങ്കിൽ എം.ടി.ഇല്ല എന്ന് പറഞ്ഞ നാവുകൾക്കുള്ള മറുപടി മഞ്ഞായും, രണ്ടാമൂഴമായും മറ്റും മലയാളിയുടെ മുന്നിൽ എത്തി. മഞ്ഞിലെ വിമലയുടെ ദുഃഖവും,ഏകാന്തതയും നെഞ്ചോടു ചേർത്ത എത്രെയോ കൗമാര രാവുകൾ. കിനാവുകളില്‍ ജീവിതത്തിന്‍റെ മഞ്ഞുരുക്കിയ വിമല. കാത്തിരിപ്പിന്‍റെ, ഏകാന്തതയുടെ മലയാളത്തിലെ എക്കാലത്തേയും മികച്ച പ്രണയ ഗദ്യകാവ്യം.
എഴുത്തുകാരന്‍റെ സംതൃപ്തി, സ്വന്തം സ്വാതന്ത്ര്യം തന്നെയാണ് എന്ന് എം.ടി പലവട്ടം പറഞ്ഞിട്ടുണ്ട്. അതിനുള്ള ഉത്തമോദാഹരണമാണ് രണ്ടാമൂഴം. .മഹാഭാരതത്തിലെ അധികം പ്രാധാന്യമില്ലാത്ത ഭീമൻ എന്ന കഥാപാത്രത്തെ കേന്ദ്രപാത്രമാക്കി രചിച്ച, 1985 ലെ വയലാർ അവാർഡ് നേടിയ നോവലാണ് രണ്ടാമൂഴം.
എം.ടിയുടെ സിനിമാജീവിതം അദ്ദേഹത്തിന്റെ സാഹിത്യജീവിതം പോലെ തന്നെ പ്രാധാന്യം അർഹിക്കുന്നു. വിശ്വേത്തര ക്ലാസ്സിക്കുകളോട് കിടപിടിക്കുന്ന കാലാതിവർത്തിയായ പല ചെറുകഥകളും, നോവലുകളും, അഭ്രപാളിയിലെ വിസ്മയങ്ങളായി. ഓളവും തീരവും, മുറപ്പെണ്ണു്, നഗരമേ നന്ദി, അസുരവിത്തു്, പകൽക്കിനാവു്, ഇരുട്ടിന്റെ ആത്മാവു്, കുട്ട്യേടത്തി, നിർമ്മാല്യം, ബന്ധനം, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, മഞ്ഞു്, വാരിക്കുഴി, എവിടെയോ ഒരു ശത്രു, വെള്ളം, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, അമൃതം ഗമയ, ആരൂഢം, ആൾക്കൂട്ടത്തിൽ തനിയെ, അടിയൊഴുക്കുകൾ, ഉയരങ്ങളിൽ, ഋതുഭേദം, വൈശാലി, ഒരു വടക്കൻ വീരഗാഥ, പെരുന്തച്ചൻ, താഴ്വാരം, സുകൃതം, പരിണയം, എന്നു സ്വന്തം ജാനകിക്കുട്ടി, ഒരു ചെറുപുഞ്ചിരി, തീർത്ഥാടനം, കടവു്, പഴശ്ശിരാജ തുടങ്ങിയവ അവയിൽ ചിലതു മാത്രം. ‘പള്ളിവാളും കാൽച്ചിലമ്പും’ എന്ന സ്വന്തം കൃതിയെ മുൻനിർത്തി തിരക്കഥ എഴുതി. അദ്ദേഹം ആദ്യം സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘നിർമ്മാല്യം, സ്വന്തം വിശ്വാസത്തിന്‍റെ കുരുതിത്തറയിലേക്ക് രക്തം പകർന്ന് ആത്മബലി നടത്തിയ കോമരത്തിന്‍റെ കഥക്ക്, മലയാള സിനിമാ ചരിത്രത്തിൽ വഴിത്തിരിവുകൾ സൃഷ്ടിക്കാൻ കഴിഞ്ഞു.
സാഹിത്യരംഗത്തും ചലച്ചിത്രരംഗത്തും ഉള്ള എം.ടിയുടെ സമുന്നതവും ഉൽകൃഷ്ടവുമായ പ്രവർത്തനങ്ങൾ മുൻനിർത്തി അദ്ദേഹത്തിനു ലഭിച്ചിട്ടുള്ള പുരസ്കാരങ്ങൾ നിരവധിയാണ്. സാഹിത്യരംഗത്തു് ഭാരതത്തിൽ നൽകപ്പെടുന്ന ഏറ്റവും ഉയർന്ന പുരസ്കാരമായ ജ്ഞാനപീഠം നല്കി, 1995 ൽ ഭാരതം അദ്ദേഹത്തെ ആദരിച്ചു.
വടക്കൻ പാട്ടിലൂടെ, പാണനാരുടെ നാവിലൂടെ നാം പലവട്ടം കേട്ടതാണ്, കുത്തു വിളക്കുകൊണ്ട് ആരോമലെ കുത്തിക്കൊന്ന ചന്തുവിന്‍റെ കഥകൾ. ചന്തുവിലെ നന്മകൾ ചികഞ്ഞെടുത്ത് പുതിയൊരു ചന്തുവിനെ വടക്കൻ വീരഗാഥയിലൂടെ അരങ്ങത്തെത്തിച്ചപ്പോൾ, എഴുത്തുകാരന്‍റെ സംതൃപ്തി സ്വന്തം സ്വാതന്ത്യം എന്ന തന്‍റെ വിശ്വാസത്തിന് എം.ടി. ഒന്നു കൂടി അടിവരയിട്ടു.
വേദനയിലും, അതൃപ്തിയിലും ഏകാന്തതയിലും നിന്നാണ് സുന്ദരമായ കാവ്യങ്ങൾ ഉടലെടുക്കുന്നത് എന്ന് എം.ടി.കുത്തിക്കുറിച്ചതിന്‍റെ ബാക്കി പത്രമാണ് അദ്ദേഹത്തിന്‍റെ മിക്ക രചനകളും. നാലുകെട്ടിൽ തുടങ്ങി അതേ നാലുകെട്ടിന്‍റെ നെരിപ്പോടിൽ എരിഞ്ഞടങ്ങുന്ന കഥാപാത്രങ്ങൾ. സ്വയം സ്നേഹിക്കാനും, സ്വയം ശപിക്കാനും, സ്വയം എരിഞ്ഞടങ്ങാനും പഠിപ്പിക്കുന്ന കഥാപാത്രങ്ങൾ. അവർ അപ്പുണ്ണിയായി, കാലത്തിന്‍റെ കുത്തൊഴുക്കിൽ സേതുവായി, മുറപ്പെണ്ണിനെ നെഞ്ചോടു ചേർത്ത ബാലനായി, ആത്മാവിൽ ഇരുട്ടു ബാധിച്ച വേലായുധനായി.. അങ്ങനെ അവർ പല പേരുകളിൽ പ്രത്യക്ഷപ്പെട്ടു. പക്ഷേ, അവരുടെ മനസ്സുകൾ ഒന്നായിരുന്നു. പകയും, പ്രതികാരവും, മോഹഭംഗവും എല്ലാം പേറി നടന്ന ആത്മാക്കൾ. പകലും ഇരുട്ട് പതിയിരിക്കുന്ന കോണി മുറിയിലും, മച്ചിൻ ചുവട്ടിലും, പാഴ് പറമ്പിലും, അന്ധ വിശ്വാസം കുടി കൊള്ളുന്ന പൊട്ടിയ ഭിത്തികളും,നനവ് കിളരുന്ന നിലവുമുള്ള നാലുകെട്ടിലും,അനക്കമില്ലാത്ത ശാന്തതയുടെ സമുദ്രമായ തറവാടിനു ചുറ്റും, നിലാവിൽ സർപ്പങ്ങൾ ഫണം വിടർത്തിയാടുന്ന സർപ്പക്കാവിലും തങ്ങളുടെ ജീവിതം ഹോമിക്കണമല്ലോ എന്ന് വ്യസനിക്കുന്ന അത്മശാപം പേറുന്ന കഥാപാത്രങ്ങൾ. എം.ടി തന്‍റെ നായകന്മാരിലൂടെ രോഷാകുലരായി നടന്നു. ആത്മശാപം പേറുന്ന മനസ്സുകളിലൂടെ നടന്ന് …ഒടുവിൽ, തന്നെ മാത്രം സ്നേഹിക്കാൻ പഠിപ്പിക്കുന്ന കാലത്തിന്‍റെ കുത്തൊഴുക്കിൽ എല്ലാം വെട്ടിപ്പിടിച്ച് ഏറെ ദൂരം മുൻപോട്ടു കുതിച്ച്, പിന്നീട് തിരിഞ്ഞു നോക്കുമ്പോൾ വാശി പിടിച്ച് നേടിയതെല്ലാം നേട്ടങ്ങളല്ല എന്ന് തിരിച്ചറിയുന്ന, സ്വയം ശപിക്കുന്ന ആത്മാവിന്‍റെ ഉടമകൾ. ആത്മശാപം പേറുന്ന കഥാപാത്രങ്ങളെയാണ് എം.ടി പരിചയപ്പെടുത്തിത്തന്നത്. അതാണ് ആത്യന്തമായ സത്യവും.
എം.ടി.യുടെ ‘മാസ്റ്റർ പീസ് ‘ ആയ ‘നാലുകെട്ട്. മലയാളികൾ തലമുറകളിലേക്ക് കൈമാറിയ ഇഷ്ടകഥ. പ്രതികാരവും, കാല്പനികതയുടെ പട്ടു ഞൊറികളും ഇട കലർന്ന, വളർന്നു വലിയ ആളാവാൻ കാത്തിരുന്ന അപ്പുണ്ണിയുടെ കഥയാകുന്നു, 1959ലെ കേരളസാഹിത്യഅക്കാദമി പുരസ്കാരം നേടിയ നാലുകെട്ട്. തകരുന്ന നായർത്തറവാടുകളിലെ നെടുവീർപ്പുകളും കണ്ണീരും വൈകാരികപ്രതിസന്ധികളും മരുമക്കത്തായത്തിനെതിരെ ചൂണ്ടുവിരലുകളുയർത്തുന്ന ക്ഷുഭിതയൌവ്വനങ്ങളും ഒക്കെ ചേർന്ന് ആയിരക്കണക്കിനു് വായനക്കാരുടെ ഹൃദയത്തിൽ അലയൊലികൾ ഉയർത്തി ആ കൃതി.
‘നാലുകെട്ടിലെ അപ്പുണ്ണി എന്നും ഏകാകിയായിരുന്നു.അഭിമാനത്തോടെ താൻ വടക്കേപ്പാട്ടെ യാണെന്ന് പറയുന്നതിനോടൊപ്പം തന്നെ കോന്തുണ്ണി നായരുടെ മകനാണ് താൻ എന്നും അപ്പുണ്ണി അഭിമാനിക്കുന്നു.
നമ്പൂതിരിയോ,ക്ഷത്രിയനോ സംബന്ധമായാൽ വളരെ നല്ലത് എന്ന് ഗർവു കൊള്ളുന്ന തന്റെ ആ തറവാട്ടിൽ വല്യമ്മ വയസ്സനായ ഒരു നമ്പൂതിരിയിൽ നിന്നും പുടവ വാങ്ങുന്നു. വല്ല്യമ്മയുടെ ‘ശുക്ര ദശ’ അന്ന് തുടങ്ങുന്നു.വല്ല്യമ്മയുടെ മക്കൾ ഭാസ്ക്കരനും, കൃഷ്ണൻകുട്ടിയും വണ്ടിയിൽ പള്ളിക്കൂടത്തിൽ പോകുമ്പോൾ,ഒറ്റയ്ക്ക് ആരും കൂട്ടില്ലാതെ വിങ്ങുന്ന മനസ്സുമായി നീങ്ങുന്ന അപ്പുണ്ണിയുടെ ദുഃഖം വായനക്കാരുടെ മനസ്സിന്റെ കോണിൽ ഒരു വിങ്ങൽ എല്പ്പിച്ച എം.ടി.യുടെ മാന്ത്രിക തൂലിക.തന്റെ തറവാടായ വടക്കേപ്പാട്ട് സന്ധ്യക്ക് , സർപ്പം തുള്ളൽ കൌതുകപൂർവ്വം കാണാൻ ചെന്ന അപ്പുണ്ണിയിൽ, പാതി അടഞ്ഞ കണ്ണുകളോടും, മറയ്ക്കാത്ത മാറോടും കൂടി കൈയിൽ പൂക്കുലയുമായിരിക്കുന്ന സർപ്പ സുന്ദരി,തന്റെ മുറപ്പെണ്ണാണെന്നുള്ള അഭിമാനവും ,അവൾ അന്ന് തന്റെ മനസ്സിൽ ഉണർത്തിയ അനുഭൂതിയും, അടുത്ത ദിവസം പുഴുത്തു നാറിയ നായയെപ്പോലെ ആ തറവാട്ടിൽ നിന്നും ആട്ടിയിറക്കിപ്പെട്ടതിനെ തുടർന്ന് ആ നാലുകെട്ടിനോടും, അവിടത്തെ അന്തേവാസികളോടും ഉണ്ടായ വെറുപ്പും ആ ഇളം മനസ്സിന്റെ തുലാസ്സിൽ രണ്ടു തട്ടുകളിലായി അങ്ങനെ തൂങ്ങി നില്ക്കുന്നത് കാണാൻ കൌതുകം. നായർ തറവാടിന്റെ തകർച്ചക്ക് കാരണം എന്നും ‘നാല് കെട്ടുകളാണ് ‘.താലികെട്ട്,കേസ് .കെട്ട് ,വെടി കെട്ട്, കാള കെട്ട്. തന്റെ തറവാടിന്റെ മാനം ഉയർത്തി കാണിക്കാൻ വേണ്ടി മരുമക്കളുടെ താലി ക്കെട്ടു കല്യാണം കെങ്കേമമായി നടത്തി നശിച്ചു പോയ പല നായർ തറവാടുകളുമുണ്ട്. അത് പോലെ തന്നെ മറ്റു മൂന്നു ‘കെട്ട്’ കളും നായർ തറവാടിന്റെ ‘നാശ കെട്ട് ‘കളായിരുന്നു. ഇതിനൊക്കെ എതിരെയായിയാണ് എം.ടി.തന്റെ തൂലിക ചലിപ്പിച്ച അദ്ദേഹം വാസ്തവത്തിൽ ഒരു സമുദായ ഉദ്ധാരകനും കൂടിയാണ്. എം.ടി.സൃഷ്ടിച്ച കഥാപാത്രങ്ങൾക്ക്, സ്വാനുഭവത്തിൽ നിന്നുതിർന്ന അവയ്ക്ക് ആത്മാവുണ്ടായിരുന്നു,അമരത്വമുണ്ടായിരുന്നു. പഠിച്ചു വലിയ ആളായി,ഒരിക്കൽ തന്നെ തള്ളി പ്പറഞ്ഞ ആ ‘നാലുകെട്ട്’ വിലയ്ക്ക് വാങ്ങിയ അപ്പുണ്ണി, ആ നാലുകെട്ട് നാമാവശേഷമാക്കുന്നതിലൂടെ , ഒരു പുതിയ കാലത്തിലേക്കുള്ള പടിവാതിൽ തുറക്കുകയായിരുന്നു. മോഹങ്ങളെല്ലാം കെട്ടടങ്ങുമ്പോൾ പണ്ടെങ്ങോ മോഹിച്ചത് കിട്ടുന്ന എം.ടി.യുടെ മറ്റൊരു ആത്മശാപം പേറുന്ന കഥാപാത്രമായി അപ്പുണ്ണി, ഇന്നും വായനക്കാരുടെ മനസ്സിൽ നഷ്ടബോധത്തിന്റെ, വേദനയുടെ, വിങ്ങുന്ന ആത്മാവിന്റെ പ്രതീകമായി നിലകൊള്ളുന്നു. അപ്പുണ്ണി ഒരു പ്രതീകം മാത്രമാണ്, പ്രതി രൂപം. അവ അനുഭവിച്ച ഓരോരുത്തരുടേയും അത്മരൂപം. എം.ടി ഒരുക്കുന്ന കഥാഗതികളും, ചിരസ്മരണീയമായ കഥാപാത്രങ്ങളും മലയാള സാഹിത്യത്തിലെ സ്ഥലകാല പരിമിതികളെ ഭേദിക്കുന്നു.
ജീവിതത്തിന്‍റെ വഴികളിൽ മുറിവേറ്റു വീഴുന്ന മനുഷ്യരുടെ കഥയാണ് കാലം. സേതുവിന്‍റെ നീറിപ്പിടയുന്ന മനസ്സിന്‍റെ ചിത്രീകരണത്തിലൂടെ മാനുഷിക വികാരങ്ങളുടെ സത്യസന്ധമായ പ്രകാശനം നിർവ്വഹിക്കുകയാണ് എം.ടി.ഈ നോവലിൽ. അനുവാചക ഹൃദയങ്ങളിൽ നിലക്കാത്ത പ്രതിധ്വനികൾ ഉണർത്തി വിടുന്ന ഉദാത്തമായ നോവൽ.
ഒരു എഴുത്തുകാരൻ തന്‍റെ ജീവിതത്തിൽ ഒരേയൊരു കൃതി മാത്രമേ എഴുതുന്നുള്ളൂ. തുടർന്നെഴുതുന്നതെല്ലാം അതിന്‍റെ ആവർത്തനങ്ങൾ മാത്രം എന്ന് പറയപ്പെടുന്ന പോലെ, വേദനയുടെ നീറ്റലിലും, പകയുടെ ചൂടിലും, ഏകാന്തതയുടെ എരിതീയിലും പിടയുന്ന ഒരുകൂട്ടം ആത്മാക്കൾ. അവർക്കായി, എം.ടി.എഴുതി. ആ കണ്ണീരിന്‍റെ നനവ് തന്‍റേതാണെന്ന് ഓരോരുത്തരേയും ഓർമ്മിപ്പിക്കുന്ന, ആ വേദന തന്‍റേതും കൂടിയാണ് എന്ന് അറിയിക്കുന്ന, ആ പക തന്നിലും ഒളിഞ്ഞിരിപ്പുണ്ട് എന്ന് മനസ്സിലാക്കിപ്പിക്കുന്ന, ആ മോഹങ്ങൾ തന്‍റേതും കൂടിയായിരുന്നു എന്ന് തിരിച്ചറിയിക്കുന്ന അക്ഷരങ്ങൾ എം.ടിയെ ഓരോരുത്തരുടേയും പ്രിയങ്കരനാക്കി.
‘കവികളോട് തനിക്ക് എന്നും അസൂയയാണ് എന്ന് എം.ടി.ഒരിക്കൽ പറഞ്ഞപ്പോൾ ,ഓ.എൻ .വി.അതിനു മറുപടിയായി പറയുകയുണ്ടായി, ഗദ്യത്തിൽ പോലും കവിത സൃഷ്ടിക്കാൻ കഴിയുന്ന എം.ടി.യോടാണ് ഞങ്ങൾക്ക് അസൂയ എന്ന്”.. എത്ര വാസ്തവം.. വൃത്തങ്ങളുടെയോ, അലങ്കാരങ്ങളുടെയോ അകമ്പടി ഒന്നും അദ്ദേഹത്തിന്റെ സൃഷ്ടികൾക്ക് വേണ്ട,അതിനപ്പുറമുള്ള ഒരു മനോഹാരിത,ആർക്കും അവകാശപ്പെടാൻ അർഹതയില്ലാത്ത ചാരുത എം.ടി.ക്ക് മാത്രം സ്വന്തം.
പകയാണ് എം.ടി.യുടെ കണ്ണിലെ സ്ഥായീഭാവം..ആരോടാണ്,എന്തിനോടാണ് ? പതിയെ കഥകളിലൂടെ മനസ്സിലാക്കി. ജീർണ്ണതക്കിടയിൽ,ജീർണ്ണ രൂപത്തിൽ നിലനില്ക്കുന്ന പഴയ നായർ തറവാടിനോട്, കേസ് നടത്തി മുടിഞ്ഞ് ഉമ്മറത്തെ മുഷിഞ്ഞ ചാരുകസേരയിൽ ഇരിക്കുന്ന അമ്മാവന്മാരോട്, മോഹങ്ങൾ എല്ലാം കെട്ടടങ്ങി ,സ്വയം ശപിച്ച് നീറി നീറി ക്കഴിയുന്ന ഓപ്പോൾ മാരുടെ കണ്ണീരിറ്റു വീഴുന്ന വടക്കിനിയോട്.
എവിടെ ചുറ്റിത്തിരിഞ്ഞാലും, സന്ധ്യക്ക് സ്വന്തം കൂട്ടിൽ തിരിച്ചെത്തുന്ന പക്ഷികളെപ്പോലെയാണ് എം.ടി. എവിടെ കറങ്ങിത്തിരിഞ്ഞാലും, അവസാനം തന്നെ താനാക്കിയ ആ കൂടല്ലൂരിൽ അദ്ദേഹം എത്തുന്നു. സങ്കടങ്ങളിൽ തന്‍റെയൊപ്പം കരഞ്ഞിരുന്ന, സന്തോഷങ്ങളിൽ തന്‍റെയൊപ്പം ചിരിച്ചിരുന്ന ആ നിളയുടെ തീരമാണ്, അതാണ് തന്‍റെ സ്വർഗ്ഗം എന്നോർമ്മിപ്പിച്ചുക്കൊണ്ട് നിള, ഒരു നിത്യ കഥാപാത്രമായി ആ രചനകളിൽ നിറയുമ്പോൾ, മലയാളി താൻ പോലും അറിയാതെ ആ നിളയെ പ്രണയിച്ചു തുടങ്ങി, കാഥികനോടൊപ്പം.
ഒരു നിമിഷം വൃഥാ മിഴികൾ അടക്കവേ… കാണുന്നു… നിളയുടെ നിത്യകാമുകൻ അതാ അവിടെ… തന്റെ സ്വന്തം പ്രിയപ്പെട്ട നിളയുടെ തീരത്ത്..ആ മിഴികളിലൂടെ ഉതിർന്നു വീഴുന്ന കണ്ണീർ മറ്റൊരു നിളയായി ആ ചാരത്ത്.. ഒരുപാട് ഓർമ്മകളുടെ വേലിയേറ്റവും വേലിയിറക്കവും അതിലൂടെ… അപ്പുണ്ണിയും, വേലായുധനും, ബാലനും, സേതുവും… അങ്ങനെ അനേകമനേകം കഥാപാത്രങ്ങൾ ആ ഓർമ്മകളിലൂടെ… അവരുടെ കണ്ണുനീരും,വാശിയും,നഷ്ടബോധവും അങ്ങനെ എല്ലാ വികാരവും തന്റേതായിരുന്നു, തന്റേതു മാത്രമായിരുന്നു എന്ന് ഊട്ടി ഉറപ്പിക്കുന്ന പോലെ… ആ മനസ്സിന്‍റെ ഇരുണ്ട നാലുകെട്ടിൽ, ഒരുപാട് ശാപങ്ങൾ പേറുന്ന ആ ഇടനാഴിയിൽ, അത്മശാപങ്ങളുടെ പൊള്ളുന്ന കണ്ണീരിറ്റു വീണിരുന്ന പൊട്ടിപ്പൊളിഞ്ഞ നിലമുള്ള ആ നാലുകെട്ടിന്റെ അന്ധകാരത്തിൽ ..അവിടെ അമ്മുക്കുട്ടിമാർ ഇപ്പോഴും തേങ്ങുന്നുണ്ടോ… ഭ്രാന്തൻ വേലായുധൻമാർ ചങ്ങലക്കെട്ടിൽ കിടന്നു അലറുന്നുണ്ടോ… അപ്പുണ്ണിമാർ എന്ത് ചെയ്യണം എന്നറിയാതെ ഏകരായി ആ മുടിഞ്ഞ തറവാടുകളിലെ നെരിപ്പോടിൽ കിടന്ന് പിടയുന്നുണ്ടോ..
ഞാൻ എന്‍റെ ഹൃദയത്തിലേക്ക് ആ നാലുകെട്ടിന്‍റെ വാതായനങ്ങൾ തുറക്കട്ടെ. അവിടെ അനേകമനേകം അപ്പുണ്ണിമാരും, വേലായുധന്മാരും, ബാലൻമാരും, അമ്മുക്കുട്ടിമാരും നിറയട്ടെ. ഞങ്ങൾ ആത്മസംവാദം നടത്തട്ടെ, അനാഥത്വത്തിന്‍റെ , നഷ്ടബോധത്തിന്‍റെ , മോഹഭംഗത്തിന്‍റെ പുകയ്ക്കുള്ളില്‍ വീര്‍പ്പുമുട്ടുന്ന ആത്മാക്കളുടെ സംവാദം.
അറിയാത്ത അത്ഭുതങ്ങളെ ഗര്‍ഭത്തില്‍ ധരിക്കുന്ന മഹാസമുദ്രങ്ങളേക്കാള്‍ നീര്‍ച്ചാലായി ഒഴുകുന്ന ഭാരതപ്പുഴയെയാണ് എനിക്കിഷ്ടം എന്ന് പ്രഖ്യാപിച്ച എം.ടി കൂടല്ലൂര്‍ എന്ന ഗ്രാമത്തില്‍ നിന്ന് പുറപ്പെട്ട സാഹിത്യ ജൈത്രയാത്ര ഇന്നും തുടരുകയാണ്. ആ ജൈത്രയാത്ര അടുത്ത തലമുറയോടൊപ്പവും തുടരാൻ സാധിക്കട്ടെ അതിന് ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്തിച്ചു കൊണ്ട് പിറന്നാൾ ആശംസിക്കുന്നു.
(ഇതിലെ ചിലഭാഗങ്ങൾ ഞാൻ കടമെടുത്തതാണ്. ആരുടെയാണ് എന്നറിയില്ല. എഴുതിയ ആളുടെ പേര് ഇല്ലായിരുന്നു. വാട്സാപ്പിൾ വന്നതാണ്. അനുവാദം ചോദിക്കാതെ ഞാൻ എടുത്ത പ്രശംസ അർഹിക്കുന്ന ആ നല്ല ഭാഗങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് നൽകി കടപ്പാട് വെക്കുന്നു. കടപ്പാട്)