ആമിയില്ലാത്ത 12 വര്‍ഷങ്ങള്‍
പെണ്ണെഴുത്തിന്റെ സാഹിത്യ ധാരയിൽ സർവപ്രതാപിയായ് നിറഞ്ഞു നിന്ന കേരളത്തിന്റെ പ്രിയ കവയത്രി. തന്റെ തൂലികയിലൂടെ സദാചാര തടവറയുടെ മുഖംമൂടികളെ പിച്ചിച്ചീന്തിയ മലയാളത്തിന്റെ മാധവിക്കുട്ടി, ആണധികാരത്തിന്റെ കോട്ടകൊത്തളങ്ങളിലേക്ക് ഇടവേളകളില്ലാതെ ചോദ്യ ശരങ്ങൾ ഉയർത്തിയ ശക്തമായ സ്ത്രീ സാന്നിധ്യം, പ്രണയത്തിന്റെ അനശ്വരമായ അന്വേഷണങ്ങൾക്കായി സ്വജീവിതം തന്നെ സമർപ്പിച്ച, ആമിയെന്ന മാധവിക്കുട്ടിയെന്ന കമല ദാസെന്ന കമല സുരയ്യ.
സ്ത്രീകൾ വീടിന്റെ പിന്നാമ്പുറങ്ങളിൽ തളച്ചിടപ്പെട്ട കാലഘട്ടത്തിൽ ….മറയൊന്നുമില്ലാതെ തന്റെ അനുഭവങ്ങളും വികാര വിചാരങ്ങളും ലോകത്തിലെ ഏറ്റവും ശക്തമായ മാധ്യമമായ എഴുത്തിലൂടെ തുറന്നു പറഞ്ഞ അതിശക്ത …..ആസ്വാദകനെ തന്റെ അക്ഷരങ്ങൾക്കുള്ളിൽ തളച്ചിട്ടവൾ ….തനിക്കു ലഭിച്ച പ്രശംസകൾ സ്വീകരിച്ച പോലെ തന്നെ വിമർശനങ്ങളെയും സ്വീകരിച്ചവർ
സ്നേഹത്തിന്റെ പ്രണയത്തിന്റെ ഭാഷയിലൂടെ കഥാപാത്രങ്ങളെ പുതിയൊരു ലോകത്തേക്ക് എത്തിക്കുകയും ആ ലോകത്ത് പുതിയ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുകയും ചെയ്ത എഴുത്തുകാരിയാണ് മാധവിക്കുട്ടി.അനശ്വരങ്ങളായ അക്ഷരങ്ങളെ കൂട്ടു പിടിച്ച് മായികസ്വപ്നങ്ങൾ കണ്ട്, തനി വള്ളുവനാടൻ ശൈലിയിൽ മലയാളികളുടെ മനസ്സിലേക്ക് പച്ചയായ ജീവിതങ്ങളെ കോറിയിട്ട മാധവിക്കുട്ടി വിടവാങ്ങിയിട്ട് 12 വർഷങ്ങൾ പിന്നിടുകയാണ്.
1932 മാര്‍ച്ച് 31ന് തൃശൂർ ജില്ലയിലെ പുന്നയൂര്‍ക്കുളത്ത് നാലപ്പാട്ട് തറവാട്ടില്‍ പ്രശസ്ത കവയിത്രി നാലപ്പാട്ട് ബാലാമണിയമ്മയുടേയും വി എം നായരുടേയും മകളായാണ് മാധവിക്കുട്ടി ജനിച്ചത്. കമല എന്നാണ് യഥാര്‍ത്ഥ നാമധേയം. പതിമൂന്നാം വയസ്സില്‍ വിവാഹിതയായി. മാധവിക്കുട്ടി എന്നത് തൂലികാ നാമമാണ്. എന്നാല്‍ യഥാര്‍ത്ഥപേരായ കമലാദാസ് എന്ന പേരിലാണ് ഇംഗ്ലീഷില്‍ കവിതകളെഴുതിയിരുന്നത്. പില്‍ക്കാലത്ത് ഇസ്ലാം മതത്തില്‍ ചേരുകയും കമലാസുരയ്യ എന്ന എന്ന പേര് സ്വീകരിക്കുകയും ചെയ്തു. 10-ാം വയസില്‍ മാതൃഭൂമിയില്‍ ആഴ്ചപ്പതിപ്പില്‍ വന്ന കുഷ്ഠരോഗിയാണ് ആദ്യ കഥ. 1955ല്‍ ആദ്യ കഥാസമാഹാരമായ മതിലുകള്‍ പുറത്തിറക്കി. ചെറുകഥകളായിരുന്നു കമലയുടെ ഇഷ്‌ടമേഖല. ഇടയ്ക്ക് നോവലുകളില്‍ കൈവെച്ചെങ്കിലും തനിക്ക് പറ്റുന്നിടം ചെറുകഥയുടെ വലിയ ലോകമാണെന്ന് അവര്‍ മനസ്സിലാക്കി. ജീവിതഗന്ധിയുള്ള രചനകള്‍ അവരുടെ തൂലികയില്‍ നിന്നു വിടര്‍ന്നപ്പോഴൊക്കെ കപട സദാചാരത്തിന്‍റെ മലയാളിക്കണ്ണ് അവിടെയെല്ലാം എത്തിനോക്കി.
പറയാനുള്ളത് ആരെയും ഭയക്കാതെ, പുരുഷനേക്കാള്‍ ധൈര്യത്തോടെ കമല പറഞ്ഞു. പലരും പറയാന്‍ കൊതിച്ചതും, എന്നാല്‍ പറയാന്‍ ഭയന്നതുമായ കാര്യങ്ങള്‍ തന്‍റെ രചനകളില്‍ സുന്ദരമായ ചിത്രം പോലെ കോറിയിട്ടപ്പോള്‍ ഉണ്ടായ വിവാദങ്ങള്‍ ചെറുതല്ലായിരുന്നു. മലയാളി ‘എന്‍റെ കഥ’ ആവര്‍ത്തിച്ചു വായിച്ചതും, ഇപ്പോഴും വിമര്‍ശനങ്ങളുയര്‍ത്തുന്നതും പറയാനുള്ളത് പച്ചയായി പറഞ്ഞ അവരുടെ ധൈര്യത്തോടുള്ള അസൂയ മൂലമാണ്.
ലോകസാഹിത്യ തറവാട്ടില്‍ തന്‍റേതായ പങ്ക് നല്‍കിയിട്ടാണ് അവര്‍ ജീവിതത്തില്‍ നിന്ന് നടന്നകന്നത്. മലയാളത്തില്‍, മതിലുകള്‍, തരിശുനിലം, നരിച്ചീറുകള്‍ പറക്കുമ്പോള്‍, എന്‍റെ സ്‌നേഹിത അരുണ, ചുവന്ന പാവാട, പക്ഷിയുടെ മണം, നഷ്‌ടപ്പെട്ട നീലാംബരി, തണുപ്പ്, മാനസി, തിരഞ്ഞെടുത്ത കഥകള്‍, എന്‍റെ കഥ, വര്‍ഷങ്ങള്‍ക്കു മുന്‍പ്, ചന്ദനമരങ്ങള്‍, മനോമി, ഡയറിക്കുറിപ്പുകള്‍, ബാല്യകാലസ്‌മരണകള്‍, നീര്‍മാതളം പൂത്തകാലം, വണ്ടിക്കാളകള്‍ എന്നിവയും ഇംഗ്ലീഷില്‍, സമ്മര്‍ ഇന്‍ കല്‍ക്കത്ത, ആല്‍ഫബറ്റ് ഓഫ് ലസ്റ്റ്, ദ് ഡിസന്റന്‍സ്, ഓള്‍ഡ് പ്ലേ ഹൗസ്, കളക്‌റ്റഡ് പോയംസ് എന്നീ കവിതാസമാഹാരങ്ങളും അവരുടെ പ്രശസ്തങ്ങളായ കൃതികളാണ്. ഇവയില്‍ ചിലത് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം,കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, ഏഷ്യന്‍ വേള്‍ഡ് പ്രൈസ്, ഏഷ്യന്‍ പൊയട്രി പ്രൈസ്, കെന്റ് അവാര്‍ഡ്, ആശാന്‍ വേള്‍ഡ് പ്രൈസ് തുടങ്ങി കഥയ്ക്കും കവിതയ്ക്കുമായി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. 1984 ല്‍ വേള്‍ഡ് അക്കാദമി ഓഫ് ആര്‍ട്ട് ആന്റ് കള്‍ച്ചര്‍ ഡി.ലിറ്റ് ബിരുദം നല്‍കി ആദരിച്ചു.1984 സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് മാധവിക്കുട്ടിയുടെ പേരി നിര്‍ദേശിക്കപ്പെട്ടു. പോയറ്റ് മാസികയുടെ ഓറിയന്റ് എഡിറ്റര്‍, ബഹുതന്ത്രികയുടെ ഫൗണ്ടര്‍ എന്നിങ്ങനെ ഒട്ടേറെ പ്രസ്ഥാനങ്ങളുടെ തലപ്പത്തിരുന്നിട്ടുണ്ട്. പൊതുതെരഞ്ഞടുപ്പില്‍ ലോകസഭയിലേക്ക് മത്സരിച്ചു. 2009 മെയ് 31ന് മാധവിക്കുട്ടി എന്ന അനുഗ്രഹീത കലാകാരി ഈ ലോകത്തോട് വിടപറഞ്ഞു.മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടി വിടവാങ്ങിയിട്ട് 12 വർഷങ്ങൾ പൂർത്തിയാകുന്നു.