ഇന്നും ജനമനസ്സില്‍ നിന്നും മായാതെ മാന്ത്രികസംഗീതം
‘കൗസല്യാ സുപ്രജാ രാമാ പൂര്‍വാ സന്ധ്യാ പ്രവര്‍ത്തതേ, ഉത്തിഷ്ഠ നരശാര്‍ദൂല! കര്‍ത്തവ്യം ദൈവമാഹ്നിതം……’ ശ്രീ വെങ്കടേശ സുപ്രഭാതത്തിലൂടെ അന്നും ഇന്നും ലോകത്തിന്റെ പ്രഭാതങ്ങളെ ഉണര്‍ത്തിക്കൊണ്ടേയിരിക്കുന്ന ഒരു ജനതയുടെ ഉണർത്തു പാട്ടായി മാറിയ എം. എസ്. സുബ്ബലക്ഷ്മിയുടെ മധുരമായ നാദത്തിൽ ഈ ഗാനം പലരെയും ഉറക്കമുണർത്താൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. ഇന്ത്യൻ ജനതയെ സംഗീതത്തിലൂടെ അത്ഭുതപ്പെടുത്തിയ വ്യക്തിത്വം എന്നതിലുപരി സ്ത്രീ സൗന്ദര്യത്തിന്റെ മറുപേരു കൂടിയായിരുന്നു മധുര ഷൺമുഖവടിവ് സുബ്ബുലക്ഷ്മി എന്ന എം. എസ് സുബ്ബലക്ഷ്മി.
സേവാസദന്‍, ശകുന്തള, സാവിത്രി, മീര എന്നീ മൂന്നു ചിത്രങ്ങളിൽ ഗായികയായും അഭിനയിച്ചു. കര്‍ണ്ണാടക സംഗീതത്തിന് അന്തര്‍ദേശീയ തലത്തില്‍ പെരുമ നേടിക്കൊടുത്തതിലൂടെ ഭാരതീയ സംസ്കാരത്തിന്റെ പൈതൃക തേജസ്സിനെ പ്രകാശിപ്പിച്ച സംഗീതജ്ഞ, കര്‍ണ്ണാടക സംഗീതത്തിന്റെ ഉയരങ്ങള്‍ താണ്ടിയ അത്ഭുത പ്രതിഭ. പുരുഷന്‍മാര്‍ ആധിപത്യം സ്ഥാപിച്ചിരുന്ന കര്‍ണ്ണാടക സംഗീത രംഗത്തേക്ക് സധൈര്യം കടന്നുവന്ന് സംഗീതശുദ്ധി കൊണ്ടുമാത്രം നേട്ടങ്ങള്‍ കൊയ്‌തെടുത്ത ഇതിഹാസമായിരുന്നു. ‘വൃന്ദാവനത്തിലെ തുളസി’ എന്നായിരുന്നു മഹാത്മാഗാന്ധി അവരെ വിശേഷിപ്പിച്ചത്.
സംഗീതജ്ഞയായിരുന്ന ഷണ്‍മുഖവടിവ് അമ്മാളിന്റേയും വക്കീലായിരുന്ന സുബ്രഹ്മണ്യ അയ്യരുടേയും മകളായി 1916 സെപ്തംബര്‍ 16ന് മധുരയിലെ ഹനുമന്തരായന്‍ തെരുവിലാണ് ജനനം. മധുരൈ ഷണ്‍മുഖവടിവ്, ശ്രീനിവാസ അയ്യങ്കാര്‍, ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ എന്നിവരുടെ കീഴിലായിരുന്നു ശിക്ഷണം. പതിനേഴാം വയസ്സില്‍ മദ്രാസ് സംഗീത അക്കാദമിയിലെ കച്ചേരിയോടെയാണ് സുബ്ബലക്ഷ്മി പൊതുരംഗത്ത് അറിയപ്പെടാന്‍ തുടങ്ങിയത്.
ഒട്ടേറെ ദേശീയ-അന്താരാഷ്ട്ര വേദികള്‍ പാടാനുള്ള അവസരം സുബ്ബലക്ഷ്മിക്ക് ലഭിച്ചിരുന്നു. 1966-ലെ ഐക്യരാഷ്ട്ര സഭാ ദിനത്തില്‍ പൊതുസഭയ്ക്ക് മുന്നില്‍ പാടാനും അവര്‍ക്ക് സാധിച്ചു. രാജ്യാന്തര വേദികളില്‍ ഇന്ത്യയുടെ സാംസ്‌കാരിക അംബാസഡറായി സുബ്ബലക്ഷ്മി അറിയപ്പെട്ടു. 1998-ല്‍ പരമോന്നത ബഹുമതിയായ ഭാരതരത്‌നം നല്‍കി രാഷ്ട്രം എം.എസ് സുബ്ബലക്ഷ്മിയെ ആദരിച്ചു. 2004 ഡിസംബര്‍ 11-ന് അന്തരിച്ചു.
കടപ്പാട് വായനക്കൂട്ടം (കലാഗ്രാമം ബുക്ക് ക്ലബ്ബ് )