ആരോഗ്യരംഗത്ത് പുതുജീവൻ നൽകി ട്രാൻസ് ദമ്പതികൾ

ഭാവന ഉത്തമന്‍

അവയവം മാറ്റിവയ്ക്കാന്‍ കഴിഞ്ഞാല്‍ പുതുജീവിതം ലഭിക്കുന്ന ധാരാളംപേര്‍ നമുക്കിടയിലുണ്ട്. അപ്രതീക്ഷിതമായെത്തുന്ന രോഗങ്ങളാണ് ഇവരെ പ്രതിസന്ധി ഘട്ടത്തിലേക്ക് എടുത്തെറിയുന്നത്. ഇക്കൂട്ടരെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റാന്‍ കഴിഞ്ഞാല്‍ അതുതന്ന യല്ലേ ജീവിതത്തിലെ പുണ്യപ്രവര്‍ത്തി. അവയവദാനത്തിന്‍റെ മഹത്തരവും പ്രസക്തിയും മനസ്സിലാക്കി തങ്ങളുടെ അവയവം ദാനം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് ട്രാന്‍സ് ദമ്പതികളായ ഹൃത്വിക്കും തൃപ്തി ഷെട്ടിയും.

ഈ ഭൂമിയിൽ നാം ജനിച്ചു മരിച്ചു എന്നതിലല്ല. മരണശേഷവും നമ്മുടെ അവയവങ്ങൾ മറ്റൊരാൾക്ക് ഉപകാരപ്പെടുമെങ്കിൽ അതാണ് ഏറ്റവും വലിയ പുണ്യം. ജനിച്ചാൽ ഒരിക്കൽ മരിക്കുമെന്ന് ഉറപ്പാണ്. മരണശേഷം നമ്മുടെ അവയവങ്ങൾ ഉപയോഗശൂന്യമാണ്. അത് ഒന്നുകിൽ മണ്ണിനോട് ചേരുന്നു അല്ലെങ്കിൽ എരിഞ്ഞില്ലാതെയാകുന്നു.
അത് മറ്റൊരാൾക്ക് ഉപകാരപ്പെടുമെങ്കിൽ എന്തുകൊണ്ട് അവ ദാനം ചെയ്തുകൂടാ. നാം കണ്ടും കേട്ടും അറിഞ്ഞ ഈ ലോകത്തെ അതിനു ഭാഗ്യം ലഭിച്ചിട്ടില്ലാത്ത ഒരാൾക്ക് നമ്മളിലൂടെ അവസരം ലഭിക്കുകയാണെങ്കിൽ അതിൽപരം വേറെ പുണ്യമില്ലമെന്ന് തൃപ്തിയും ഹൃത്വിക്കും പറയുന്നു. അവയവദാനം കണ്ണുകളിൽ മാത്രം ഒതുങ്ങുന്നതല്ല. ഹൃദയം, കിഡ്നികൾ, പാൻക്രിയാസ് തുടങ്ങി നമ്മുടെ ശരീരത്തിലെ പല അവയവങ്ങളും ദാനം ചെയ്യുവാൻ കഴിയും. ഈ ഒരു തീരുമാനം കുറഞ്ഞത് എട്ട് പേർക്കെങ്കിലും ഗുണം ചെയ്യും. അതുകൊണ്ട് ആരും മടിച്ചുനിൽക്കാതെ സർക്കാർ സംവിധാനത്തിലൂടെ മരണാനന്തരം തന്റെ അവയവങ്ങൾ ദാനം ചെയ്യുവാനുള്ള ഉദ്യമത്തിൽ പങ്കാളിയാകണം. ജാതി, മത, ലിംഗ വ്യത്യാസങ്ങളൊന്നും ഈ തീരുമാനത്തിന് തടസ്സമാകരുതെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത് .

ഞങ്ങൾ രണ്ടുപേരുടെയും സംസാരത്തിനിടയിൽ കയറിവന്ന ആശയമാണ് മരണാനന്തരം അവയവങ്ങൾ ദാനം ചെയ്യുക എന്നുള്ളത്. മെഡിക്കൽ രംഗത്തിന് ട്രാൻസ് വിഭാഗത്തെക്കുറിച്ച് കൂടുതൽ പഠിക്കുവാനും ഗവേഷണങ്ങൾ നടത്തുവാനും ഇതിലൂടെ കഴിയും. ഒരു ട്രാൻസ്മെൻന്റെയും ട്രാൻസ് വുമണിന്റെയും ശരീരം ഒരുപോലെ ലഭിക്കുകയാണ്. ഇതുവരെ ആരുംതന്നെ ട്രാൻസ് വിഭാഗത്തിൽ ശരീരം വിട്ടു നൽകിയിട്ടില്ല. ഇതൊരു ചുവടുവെപ്പാണ് ഇനിയും ഈ പാത പിന്തുടർന്ന് ആളുകൾ എത്തുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഒപ്പം മെഡിക്കൽ കോളേജിലെ വിദ്യാർഥികൾക്ക് ഇത് ഉപകാരപ്പെടുമെന്നും തൃപ്തി പറയുന്നു.

ഞങ്ങൾക്കിടയിൽ ഈ ആശയം രൂപപ്പെട്ടതിനു ശേഷം, ഈ ആഗ്രഹം ആദ്യം അറിയിച്ചത് അന്നത്തെ ആരോഗ്യമന്ത്രി ആയിരുന്ന കെ.കെ ശൈലജ ടീച്ചറിനെയാണ്. തുടർന്ന് മൃതസഞ്ജീവനിയുമായി ബന്ധപ്പെടുകയും ഓണ്‍ലൈനായി അപേക്ഷിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അപേക്ഷ കോളത്തിൽ സ്ത്രീ-പുരുഷ കോളങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ തന്നെ അവയവം ദാനം ചെയ്യണം എന്നതുകൊണ്ട്, ഞങ്ങൾക്ക് ഈ ഐഡന്റിറ്റിയിൽ തന്നെ രജിസ്റ്റർ ചെയ്യുവാനുള്ള സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗവൺമെന്റ് തലത്തിൽ ഒരു അപേക്ഷ സമർപ്പിച്ചു. കോവിഡ് കാലഘട്ടമായിരുന്നതിനാൽ ഏകദേശം നാലഞ്ച് മാസത്തിനുശേഷമാണ് ഞങ്ങൾക്കായി സൈറ്റ് ശരിയാക്കി നൽകിയത്. അങ്ങനെ മൃതസഞ്ജീവനിയിൽ രജിസ്ട്രേഷൻ പൂർത്തീകരിച്ച് ഡോണർ കാർഡ് ലഭിച്ചു. 2020 ലാണ് അവയവദാന സമ്മതപത്രം ഞങ്ങൾ സമർപ്പിക്കുന്നത്. എറണാകുളം മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗം ഡോ. സാന്റോസ് ജോസഫിനാണ് സമ്മതപത്രം നൽകിയത്. ഇതിലൂടെ വാക്കിൻമേൽ ഞങ്ങൾ ഉറപ്പുനൽകുകയും ചെയ്തു. ഇനി എല്ലാ ട്രാൻസ് കമ്മ്യൂണിറ്റിക്കും അവരുടെ ഐഡന്റിറ്റി യിൽ തന്നെ അവയവദാന പ്രക്രിയയിൽ പങ്കാളിയാകാൻ ഞങ്ങളിലൂടെ അവസരം ലഭിച്ചതിൽ വളരെ സന്തോഷിക്കുന്നു.

ചെറുപ്പം മുതലേ മരണാനന്തരം എന്റെ അവയവങ്ങൾ ദാനം ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. അതിന് നിമിത്തമായത് എന്റെ അധ്യാപകനാണ്. അന്ന് ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുകയാണ്. നല്ല പ്രായമുള്ള ഒരു വ്യക്തിയായിരുന്നു അദ്ദേഹം. അന്നെന്റെ അധ്യാപകൻ സ്കൂളിൽ സമർപ്പിച്ച ഒരു കത്തിൽ ഇങ്ങനെ എഴുതിയിരുന്നു ” എന്റെ മരണസമയത്ത് സ്കൂളിന് അവധി കൊടുക്കരുത്. മരണശേഷം എന്റെ ശരീരം മെഡിക്കൽ കോളേജിന് വിട്ടുനൽകണം “. അത് എന്റെ മനസ്സിൽ ചലനം സൃഷ്ടിച്ചു. അങ്ങനെ ഒരു ഉറച്ച തീരുമാനത്തിൽ ഞാൻ എത്തി മരണാനന്തരം എന്റെ അവയവങ്ങൾ ദാനം ചെയ്യുമെന്നും തൃപ്തി.

ചുരുക്കം ചില ആളുകൾ മാത്രമാണ് അവയവദാനം എന്ന ഉദ്യാമത്തിലേക്ക് കടന്നുവരുന്നത്. അതിനുള്ള പ്രധാന കാരണം അത്തരക്കാർക്ക് അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കൃത്യമായ ധാരണ ഇല്ലാത്തതാണ്. പലരും എനിക്ക് വാട്സ്ആപ്പ് മുഖേനയും ഫേസ്ബുക്ക് വഴിയും മെസ്സേജുകൾ അയച്ചിട്ടുണ്ട്. ഇങ്ങനെ അവയവങ്ങൾ ദാനം ചെയ്യുവാൻ കഴിയുമോ. അതിനെ നടപടിക്രമങ്ങൾ എങ്ങനെയാണ് അങ്ങനെയൊക്കെ. അതിനാൽ ഗവൺമെന്റ് തലത്തിൽ നിന്ന് ഒരു ബോധവൽക്കരണം ജനങ്ങൾക്ക് നൽകേണ്ടതുണ്ട്. അവയവദാനം മഹത്തരമാണ്. അപ്പോൾ അതിന്റെ പ്രാധാന്യവും അതിൽ അവയവ ദാതാവിനുള്ള പങ്കും എത്രത്തോളമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. അതിന് സർക്കാർ സംവിധാനമൊരുക്കണം .

ഞങ്ങളുടെ ഒരു പ്രണയവിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു സ്ത്രീയും പുരുഷനും എങ്ങനെയാണോ ജീവിക്കുന്നത് അങ്ങനെയാണ് ഞങ്ങളും ജീവിക്കുന്നത്. നിയമപരമായി ആഡംബരങ്ങൾ ഒന്നും ഇല്ലാതെയായിരുന്നു വിവാഹം. രണ്ടുപേരും ആഗ്രഹിച്ചതും അതാണ്. അദ്ദേഹമാണ് എന്നെ എല്ലാ രീതിയിലും പ്രോത്സാഹിപ്പിക്കുന്നത്. ഒരു പെണ്ണിന് ആണിൽ നിന്ന് കിട്ടേണ്ട എല്ലാ കരുതലും സംരക്ഷണവും എനിക്ക് നൽകുന്നുണ്ട്. വളരെ സന്തോഷത്തോടെ ജീവിതം മുന്നോട്ട് നയിക്കുന്നു. ഞാൻ ചെയ്യുന്ന സംരംഭം വളരെ മികച്ച രീതിയിൽ കൊണ്ടുപോകണമെന്നാണ് ആഗ്രഹിക്കുന്നത്.

തൃപ്തി കാസർഗോഡ് മഞ്ചേശ്വരം സ്വദേശിനിയാണ്. ഭർത്താവ് ഹൃത്വിക്ക് തിരുവനന്തപുരം സ്വദേശിയും. ഇപ്പോൾ എറണാകുളം ആലുവയിൽ താമസിക്കുന്നു.അവയവദാനം എന്ന മഹത്തരമായ ഉദ്യമത്തിൽ പങ്കാളികളായി കൊണ്ട് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഈ ട്രാൻസ് ദമ്പതികൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!