ചിങ്ങമെത്തി ; ആരവങ്ങള്‍ കാത്ത് വസ്ത്രവിപണി

ശിവ തീര്‍ത്ഥ

ഉത്സവനാളുകള്‍ പലതും കൊറോണക്കാലത്ത് വലിയ ആര്‍ഭാടങ്ങളും ആരവങ്ങളുമില്ലാതെ കടന്നുപോയി. എന്നാല്‍ ചിങ്ങമാസമെത്തുമ്പോള്‍ വീണ്ടും നല്ലനാള്‍ വരുമെന്ന പ്രതീക്ഷയിലായിരുന്നു വസ്ത്രവിപണി. എന്നാല്‍ ചിങ്ങമെത്തിയിട്ടും വിപണിയിലെ മാന്ദ്യത്തിന് വലിയ മാറ്റമൊന്നുമില്ല.

ലോക്ഡൗണ്‍ കാരണം കെട്ടിക്കിടക്കുന്ന സ്റ്റോക്കുകള്‍ വിറ്റഴിക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടുകയാണ് ചെറുകിടവ്യാപാരികള്‍. അന്യസംസ്ഥാനങ്ങളിലെ വസ്ത്രവ്യാപാര കേന്ദ്രങ്ങളില്‍ നിന്ന് വാങ്ങുന്ന തുണിത്തരങ്ങളാണ് കേരളത്തിലെ ഭൂരിഭാഗം ചെറുകിട വ്യാപാരസ്ഥാപനങ്ങളിലുമെത്തുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ യാത്രകള്‍ നടത്താനാവത്തതിനാല്‍ നേരിട്ട് സ്റ്റോക്കെടുക്കാനാകുന്നില്ല. പ്രധാനമായും ബംഗളുരു, തിരുപ്പൂര്‍, സൂററ്റ്, ഈറോഡ് എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് തുണിത്തരങ്ങള്‍ എത്തുന്നത്.  

അത്യാവശ്യ വസ്ത്രങ്ങളെല്ലാം നിലവില്‍ ഓണ്‍ലൈന്‍ വഴിയാണ് കടകളിലെത്തിക്കുന്നത്. വസ്ത്രത്തിന്റെ ഫോട്ടോയും വിലയും സ്മാര്‍ട്ട് ഫോണില്‍ നേരിട്ടു കണ്ടാണ് ഉറപ്പിക്കുന്നത്. എന്നാല്‍ ഇത്തരത്തിലെത്തുന്ന തുണിത്തരങ്ങളുടെ നിലവാരം ഉറപ്പിക്കാനാവില്ലെന്നതാണ് പ്രധാന വെല്ലുവിളിയെന്ന് വ്യാപാരികള്‍ പറയുന്നു. കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ള കടകളിലുളള തുണിത്തരങ്ങള്‍ പൂപ്പലടിച്ച് നാശമാകാനുള്ള സാദ്ധ്യതയുണ്ട്.

ഓരോ സീസണിലും പുത്തന്‍ ട്രെന്‍ഡിലും പാറ്റേണിലുമുള്ള വസ്ത്രങ്ങള്‍ പുറത്തിറങ്ങും. അതോടെ പഴയ സ്റ്റോക്കുകള്‍ക്ക് ആവശ്യക്കാര്‍ കുറയും. ഉത്പാദനം കുറഞ്ഞതോടെ തുണിത്തരങ്ങള്‍ക്ക് 10 മുതല്‍ 15 ശതമാനം വരെ കൂടുതല്‍ തുക നല്‍കി വാങ്ങേണ്ട സ്ഥിതിയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.

കേരളത്തില്‍ വസ്ത്രവിപണിയുടെ മികച്ച സീസണ്‍ ചിങ്ങമാണ്. കല്യാണങ്ങളും ഓണവും ഒരുമിച്ചെത്തുന്നതിനാല്‍ കച്ചവടക്കാര്‍ക്ക് ഇത് ആശ്വാസത്തിന്റെ കാലമായിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രളയം ആശങ്ക പരത്തിയെങ്കിലും കച്ചവടത്തെ സാരമായി ബാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ സ്ഥിതി വ്യത്യസ്ഥമാണ്.  ചടങ്ങുകളില്ലാത്തതിനാല്‍ പുതുവസ്ത്രത്തിന് ആവശ്യക്കാരില്ല. മുതിര്‍ന്നവര്‍ വീട്ടിലുപയോഗിക്കുന്ന വസ്ത്രങ്ങളും കുട്ടികളുടെ വസ്ത്രങ്ങളും മാത്രമാണ് പേരിനെങ്കിലും ചെലവാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *