പഴമയുടെ പെരുമ വിളിച്ചോതി ഹംപിയിലെ കാഴ്ചകള്‍

ചരിത്രവും കെട്ടുകഥകളും പിണഞ്ഞുകിടക്കുന്ന മനോഹരസ്ഥലമാണ് ഹംപി. വായ്മൊഴികളിലൂടെ തലമുറകള്‍ കൈമാറിവന്ന നിറം പിടിച്ച കഥകളാണ് ഭൂപ്രദേശത്തെ കുറിച്ച് അധികവും പറഞ്ഞ് കേള്‍ക്കുന്നത്.വിജയനഗരസാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന ഒരു പുരാതനപട്ടണത്തിന്‍റെ കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന ഈ അവശിഷ്ടങ്ങൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പരിരക്ഷയിലാണ്.


കർണ്ണാടകയിലെ ബെല്ലാരി ജില്ലയിലെ തുംഗഭദ്ര നദിക്കരയിലാണ് ഹംപി സ്ഥിതിചെയ്യുന്നത്. വിജയനഗര സാമ്രാജ്യത്തിന്‍റെ തലസ്ഥാനമെന്ന നിലയിൽ യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഹംപി സ്ഥാനം പിടിച്ചിട്ടുണ്ട്.


പ്രതാപകാലം


1336-ലാണ്‌ ഹംപി നഗരം സ്ഥാപിക്കപ്പെടുന്നത്. കൊട്ടാരസമുച്ചയത്തിൽ നിരവധി കമാനങ്ങളും താഴികക്കുടങ്ങളും തൂണുകളിൽ താങ്ങി നിർത്തിയ മണ്ഡപങ്ങളും ഉണ്ടായിരുന്നു. രൂപകൽപ്പന ചെയ്ത് നിർമ്മിച്ച പഴത്തോട്ടങ്ങളും പൂന്തോട്ടങ്ങളും നഗരത്തിന്‍റെ പ്രത്യേകതയായിരുന്നു. ചുണ്ണാമ്പുകല്ലുകള്‍ കോട്ടമതില്‍ പണിയാന്‍ ഉപയോഗിച്ചിരുന്നില്ലെന്നും പൂളുകൾ ഉപയോഗിച്ചാണ്‌ കല്ലുകൾ പരസ്പരം ബന്ധിപ്പിച്ചിരുന്നതെന്നും പോര്‍ച്ചുഗീസ് സഞ്ചാരി ഗോമീംസ് പയസ് രേഖപ്പെടുത്തിയിട്ടുണ്ട്.


ലോകോത്തര നിലവാരം പുലര്‍‌ത്തുന്നതും പരന്ന മേല്‍ക്കൂരകളോടുകൂടിയതുംമായ മനോഹരമായ കെട്ടിങ്ങളായിരുന്നു ഹംപി നഗരത്തിന്‍റെ ഹൈലൈറ്റെന്ന് ആദ്ദേഹം തന്‍റെ സഞ്ചാരകുറിപ്പില്‍ വ്യക്തമാക്കുന്നു.

ഹംപിയിലെ സുന്ദരകാഴ്ചകള്‍


1509 – 1529 കാലഘട്ടത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ കച്ചവടകേന്ദ്രങ്ങളിലൊന്നായിരുന്നു ഹംപി. കച്ചവടത്തിനായി ഇന്ത്യയ്ക്കകത്തു നിന്നും വിദേശത്തു നിന്നും ഒട്ടേറെ പേർ ഇവിടെയെത്തിയിരിന്നു. ഹംപി വ്യാപാര സാംസ്കാരികപ്രവർത്തനങ്ങളാൽ മുഖരിതമായിരുന്നു. അറബ് കച്ചവടക്കാർ, യുറോപ്യൻ കച്ചവടപ്രതിനിധികൾ തുടങ്ങിയവർ ഹംപിയിലെ ചന്തകളിൽ വ്യാപാരം നടത്തിയിരുന്നു.


സാംസ്കാരികപ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നു ഹംപിയിലെ ക്ഷേത്രങ്ങൾ. 1565-ൽ ഗോൽക്കൊണ്ട, ബീജാപ്പൂർ, അഹ്മദ്നഗർ, ബെരാർ, ബിദാർ എന്നിവരുടെ ഭരണകർത്താക്കളായിരുന്ന ഡെക്കാൻ സുൽത്താന്മാർ വിജയനഗരത്തെ പരാജയപ്പെടുത്തിയതോടെ ഹംപിയുടെ പ്രതാപകാലവും അവസാനിച്ചു.


ഹംപിയിലെ ക്ഷേത്രങ്ങള്‍

വിരൂപക്ഷേത്രം


ഹംപി ധാരാളം ക്ഷേത്രങ്ങളാൽ സമൃദ്ധമാണ്. ദ്രാവിഡിയൻ വാസ്തുശില്പചാരുതയാലും, കൊത്തുപണികളാലും അലംകൃതമാണ് ക്ഷേത്രങ്ങൾ .

ആക്രമണത്തിൽ അധികം കേടുപാടുകൾ ഏല്‍ക്കാത്ത പ്രസിദ്ധ ശിവക്ഷേത്രമായ വിരൂപാക്ഷേത്രം ഹംപിയിലേക്ക് ഒട്ടേറെപ്പേരെ ആകർഷിക്കുന്നു. പൂജാകർമ്മങ്ങളും , വിഗ്രഹാരാധനയും ഇന്നും മുടങ്ങാതെ നടക്കുന്ന ചുരുക്കം ചിലക്ഷേത്രങ്ങളിലൊന്നാണിത്. ക്ഷേത്രത്തിനു മുന്നിലേ 165 അടി ഉയരമുള്ള ബിസ്തപ്പയ്യ കൂറ്റൻ ഗോപുരം പ്രശസ്തമാണ്. വിശാലമായ അകത്തളം , രംഗമണ്ഡപം, ഭക്ഷണശാല, കുടിവെള്ളസംഭരണി തുടങ്ങിയവ ഉൾക്കൊള്ളുന്ന ഒരു വലിയ ക്ഷേത്രമാണിത്.


ക്ഷേത്രത്തിന്‍റെ പുഴയോടു മുഖം തിരിഞ്ഞിരിക്കുന്ന ചുമരിലുള്ള ഒരു ചെറിയ ദ്വാരത്തിൽ കൂടി കടന്നുവരുന്ന സൂര്യരശ്മി എതിർ ഭാഗത്തെ ചുമരിൽ പതിയ്ക്കുന്നിടത്ത് , പുറത്തെ മുഖ്യഗോപുരത്തിന്‍റെ തലകീഴായ നിഴൽ കാണാൻ കഴിയും. കല്ലിൽ കൊത്തിയുണ്ടാക്കിയ ഒരു പിൻ ഹോൾ ക്യാമറ എഫക്റ്റ്


കൃഷ്ണ ക്ഷേത്രത്തിനു മുന്നിലുള്ള കച്ചവടകേന്ദ്രം കേവലം മുപ്പത് വർഷത്തിനിപ്പുറo കണ്ടെടുത്തതാണ്. അതുവരെ ഇത് മണ്ണിനടിയിലായിരിന്നു. രാമായണക്കഥ മുഴുവന്‍കൊത്തിയിട്ടുള്ള ഹസാര രാമക്ഷേത്രം ഹംപിയുടെ പെരുമ വര്‍ധിപ്പിച്ചിരുന്നു.
15-ആം നൂറ്റാണ്ടിലാണിത് പണികഴിപ്പിച്ചത്. ദ്രാവിഡകലാവിരുതിന്‍റെ മൂർത്തരൂപമാണ് ഈ ക്ഷേത്രം എന്നു പറയാം. ഇപ്പോൾ ഇവിടെപൂജാദികൾ ഒന്നും തന്നെ

ചെയ്യുന്നില്ല.കൊത്തുപണികളില്ലാത്ത ഒരു കല്ലുപോലും ഈ ക്ഷേത്രത്തിൽ കണ്ടെത്താനാവില്ല. രാമായണകഥ മൊത്തമായി, രാമജനനം മുതൽ സ്വർഗാരോഹണം വരെ, ഇവിട കൊത്തിവെച്ചിരിക്കുന്നു

വിറ്റല ക്ഷേത്രത്തിലെ തൂണുകള്‍


മനോഹരമായ വാസ്തുവിദ്യയുടേയും , ശില്പകലയുടേയും സംഗമ സ്ഥലമായ വിറ്റല ക്ഷേത്രം ഹംപിയുടെ മുഖശ്രീ കൂട്ടിയിരുന്നു.വിറ്റലക്ഷേത്രത്തിലെ സംഗീതത്തൂണുകളും , അലങ്കാരരഥവും. വിറ്റലക്ഷേത്രത്തിലെ സരിഗമ തൂണുകൾ അലങ്കാരരഥവും അത്ഭുതങ്ങളാണ്.


കോദണ്ഡരാമ ക്ഷേത്രം ചക്ര തീർത്ഥ നദിക്കരയിലാണ് സ്ഥിതിചെയ്യുന്നത് . ബാലി സുഗ്രീവയുദ്ധത്തിൽ വിജയിച്ച സുഗ്രീവനെ രാമൻ കിരീടം അണിയിച്ചത് ഇവിടെ വച്ചാണെന്നാണ് വിശ്വാസം. ഈ നദിയിൽ മുങ്ങിക്കുളിച്ച് പൂജ നടത്തുന്നത് പുണ്യമായി കരുതുന്നു. ഇന്നും പൂജയുള്ളൊരുക്ഷേത്രമാണിത്.


ഉഗ്രനരസിംഹമൂർത്തി,ചണ്ഡികേശ്വര ക്ഷേത്രം,ഭൂഗർഭ ശിവക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളും ഹംപിയില്‍ ഉണ്ടായിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.


ഹിപ്പി ഐലന്‍റ് അഥവാ വിരാപപൂർ ഗഡേ,ആജ്ഞനേയ കുന്ന് ഹംപിയുടെ മാത്രം പ്രത്യേകതകളാണ്. 500 പടികള്‍ ചവിട്ടിവേണം ആജ്ഞനേയ ഹില്ലില്‍ എത്താന്‍. അവിടെ നിന്നുള്ള ആകാശകാഴ്ച നയനാന്ദകരമാണ്.

രാജകുടുംബാംഗങ്ങളുടെ കൊട്ടാരങ്ങള്‍ , അന്തപുരങ്ങള്‍, രാജകുമാരിമാർക്കുള്ള ലോട്ടസ് മഹൽ , ആനപ്പന്തി, പടവു കിണർ രാജ്ഞിയുടെ കുളിപ്പുര (ക്യൂൻസ് ബാത്ത്.) മഹാനവമി ആഘോഷങ്ങൾ കാണുവാനായി രാജാവ് ഇരുന്നിരുന്ന മഹാനവമി ഡിബ്ബ ഇവയെല്ലാം നമ്മെ ഭൂതകാല പ്രൗഢിയുടെ തിരുശേഷിപ്പുകളിലേയ്ക്ക് കൊണ്ടുപോകും.

Leave a Reply

Your email address will not be published. Required fields are marked *