കുട്ടികളുടെ ദന്തസംരക്ഷണം ആയുര്‍വേദത്തില്‍

ഡോ. അനുപ്രീയ ലതീഷ്

കുഞ്ഞുങ്ങളുടെ ദന്താരോഗ്യ സംരക്ഷണത്തില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം പല്ലും വായ്ക്കകവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. പല്ലിന്റെ ശുചിത്വത്തിലെ ശ്രദ്ധ മുലയൂട്ടുന്ന കാലം മുതല്‍ തുടങ്ങണം. വായില്‍ തളം കെട്ടി നില്‍ക്കുന്ന പാലിന്റെ അംശം, കുറുക്കുകളുടെ അവശിഷ്ടം ഇവ വൃത്തിയാക്കുവാന്‍ തിളപ്പിച്ചാറ്റിയ വെള്ളം ആഹാരശേഷം കൊടുക്കുകയും, മൃദുവായ തുണി വെള്ളത്തില്‍ മുക്കി തുടച്ചെടുക്കുകയും വേണം.

ഒട്ടിപ്പിടിക്കുന്ന മധുരമുള്ള ഭക്ഷണസാധനങ്ങള്‍ കഴിവതും ഒഴിവാക്കണം. കുഞ്ഞുങ്ങള്‍ തനിയെ വായ്‌ കഴുകാന്‍ പ്രായമായാല്‍, ഭക്ഷണം കഴിച്ചാല്‍ വായ്‌ കഴികുന്നതും, ശരിയായ രീതിയിലുള്ള ടൂത്ത്‌ ബ്രഷിന്റെ ഉപയോഗവും ശീലിപ്പിക്കാം.

കുട്ടികളുടെ ടൂത്ത്‌ ബ്രഷ് മൃദുവായതും, മോണകളെ സംരക്ഷിക്കുന്നതും ആയിരിക്കണം. ആരോഗ്യമുള്ള പല്ലുകള്‍ക്ക്‌ മോണകളുടെ ആരോഗ്യം അത്യന്താപേക്ഷിതമാണ്. പല്ല്തേയ്ക്കുമ്പോള്‍ വിരലുകള്‍കൊണ്ട് മോണകള്‍ മസ്സാജ് ചെയ്യുന്നത് രക്തചംക്രമണം വര്‍ദ്ധിപ്പിച്ച് മോണകളെ ബലപ്പെടുത്തുവാനും, പല്ലിന്റെ നിര തെറ്റി വന്ന് പൊങ്ങി അഭംഗി ഉണ്ടാകുന്നത് തടയുവാനും, മോണകളെ ശുചിയാക്കുവാനും സഹായിക്കും.

പല്ല് തേയ്ക്കാന്‍ ദശനകാന്തി ചൂര്‍ണ്ണം, പഴുത്ത മാവില ഇവ നല്ലതാണ്. പല്ലിന് ബലക്കുറവ്, ഇളക്കം, അണുബാധ ഇവ തടയാന്‍ ഉപ്പുവെള്ളം, പഴുത്ത മാവില കഷായം, അരിമേദണ്ഡ തൈലം ഇവ കവിള്‍ കൊള്ളുന്നത് നല്ലതാണ്. കറുത്ത എള്ള് ചവച്ചരച്ച് കഴിക്കുന്നത് പല്ലിനെ ബലപ്പെടുത്തും.

ദന്താരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം പോഷകസമ്പുഷ്ടമായ ആഹാരമാണ്. ഗര്‍ഭകാലത്തും മുലയൂട്ടുമ്പോഴും അമ്മയുടേയും കുഞ്ഞിന്റേയും ആഹാരത്തില്‍ കാത്സ്യം, ഫോസ്ഫറസ്, സിങ്ക് എന്നീ ധാതുക്കള്‍ ശരിയായ അളവില്‍ ഉള്‍പ്പെടുത്തണം. ശരിയായ സമയത്തും ആരോഗ്യത്തോടെയും ഉള്ള ദാന്തോത്പത്തിക്കും വളര്‍ച്ചയ്ക്കും ഇതാത്യാവശ്യമാണ്.

ഏത്തപ്പഴം, പാല്‍, പാലുത്പന്നങ്ങള്‍, മുട്ട, ഇലക്കറികള്‍ എന്നിവ ധാരാളം ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. കുട്ടികള്‍ വ്യായാമം ലഭിക്കുന്ന കളികളില്‍ ഏര്‍പ്പെടുകയും വേണം. ഇത് ശരീരത്തിന് വിറ്റാമിന്‍ ഡി ആവശ്യത്തിന് ലഭിക്കാനും, ആഗിരണം ചെയ്ത കാത്സ്യം എല്ലിന്റെയും പല്ലിന്റെയും വളര്‍ച്ചയ്ക്ക് ഉപയോഗപ്പെടുത്തുവാനും ശരീരത്തെ സഹായിക്കും. കേടുവന്ന പല്ലുകള്‍ ഉടനടി ചികിത്സിക്കുന്നത് കേട് മറ്റുപല്ലുകളിലേക്ക് വ്യാപിക്കുന്നത് തടയും.

മോണ പഴുപ്പ് പല്ലിന് ബലക്ഷയവും, പോടുകള്‍ ഉണ്ടാവാനും കാരണമാകും. കൂടാതെ മേല്‍പ്പറഞ്ഞ രോഗങ്ങള്‍ അവഗണിച്ചാല്‍ വായില്‍ പെരുകുന്ന ബാക്ടീരിയ തൊണ്ടയിലേക്ക്‌ കടന്ന് ടോണ്‍സലൈറ്റിസ് മുതലായ രോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഇത്തരം സ്ട്രേപ്റ്റോകോക്കൈ അണുബാധകള്‍ അപൂര്‍വ്വമായെങ്കിലും റുമാറ്റിക് ഫീവര്‍ ഉണ്ടാക്കാം. ഇടയ്ക്കിടെ പണിയും സന്ധിവേദനയും ഇതിന്റെ ലക്ഷണമാവാം. ഇത് ശരിയായി ചികിത്സിക്കാതിരുന്നാല്‍ റുമാറ്റിക് ഹാര്‍ട്ട് ഡിസീസ്‌ എന്ന അവസ്ഥയിലേക്ക് നയിക്കാം. തുടക്കത്തിലേ രോഗം നിര്‍ണ്ണയിച്ച് ആവശ്യമുള്ള ചികിത്സകള്‍ ചെയ്യുക. വായ്ക്കകത്ത് ശുചിത്വം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക ഇതാണ് പരിഹാരം. രണ്ടുനേരം പല്ല് തേപ്പിക്കുക, ഉപ്പുവെള്ളം കവിള്‍ കൊള്ളുക, പല്ലിലെ പോടുകള്‍ മോണപഴുപ്പ്‌ ഇവ ഉടന്‍ ചികിത്സിച്ച് മാറ്റുക എന്നതാണ് പ്രധാനം. നേര്‍ത്ത പനിയുള്ളപ്പോള്‍ മരുന്നുകള്‍ വൈദ്യനിര്‍ദ്ദേശപ്രകാരം നല്‍കാം.

രാജന്യാദി ചൂര്‍ണ്ണം തേന്‍ ചേര്‍ത്ത്‌ ഈ കാലയളവില്‍ സ്ഥിരമായി കൊടുക്കുന്നത് വളരെ ഫലപ്രദമാണ്. കഫം കുറയുകയും വിശപ്പും ശോധനയും ശരിയാവുകയും ചെയ്യും. പനി, ശ്വാസം മുട്ടല്‍, ചുമ ഇവ അധികമുണ്ടെങ്കില്‍ അരി, ഗുളികകള്‍ എന്നിവ ഫലപ്രദമാണ്. ദഹനസംബന്ധമായ അസ്വസ്ഥതകള്‍ക്ക് ലേഹ്യം, ചൂര്‍ണ്ണം, അരിഷ്ടം ഇവ വൈദ്യ നിര്‍ദ്ദേശപ്രകാരം സേവിക്കാം.

Leave a Reply

Your email address will not be published. Required fields are marked *