സത്രീകളെ നിങ്ങളുടെ ആരോഗ്യകാര്യത്തിലും അല്‍പം ശ്രദ്ധവേണം

ഉന്മേഷക്കുറവ്, എപ്പോഴും ക്ഷീണം, തലചുറ്റല്‍, കിതപ്പ്, വിശപ്പില്ലായ്മ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ അത്ര നിസ്സാരമായി അവഗണിക്കേണ്ടവയല്ല. ഭക്ഷണത്തില്‍ അയണിന്റെ കുറവുകൊണ്ടുണ്ടാവുന്ന അനീമിയയുടെ തുടക്കമാവാമിത്. നമ്മുടെ വീട്ടിലെ പാചകക്കാരിയും വിളമ്പുകാരിയുമായ വീട്ടമ്മമാര്‍ക്ക് പോഷക ദാരിദ്ര്യത്തില്‍ കഴിയേണ്ട ഗതികേടുണ്ടെന്നു പറഞ്ഞാല്‍ വിശ്വസിച്ചേ പറ്റൂ.

ഭക്ഷണച്ചിട്ടയിലെ അപാകം കൊണ്ടുണ്ടാവുന്ന പല രോഗങ്ങളെക്കുറിച്ചും സ്ത്രീകള്‍ ബോധവതികളല്ലെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നു. ”എല്ലാമാസവും ആര്‍ത്തവ സമയത്ത് ധാരാളം രക്തനഷ്ടം ഉണ്ടാവുന്നുണ്ട്. അതിന് ആനുപാതികമായുള്ള ഭക്ഷണം ഉള്ളിലെത്തുന്നുമില്ല. 20-50 വയസ്സിനിടയില്‍ കാണുന്ന അനീമിയയുടെ പ്രധാന കാരണമാണിത്. ഈ വിളര്‍ച്ചയെ അശ്രദ്ധമായി വിട്ടാല്‍ തലകറക്കവും ബോധക്ഷയവുമൊക്കെയുണ്ടാവാം. ഹൃദയാരോഗ്യത്തെവരെ ബാധിക്കാവുന്ന അവസ്ഥയിലെത്താനും ഇതിടയാക്കാം.

ആധുനീകലോകത്ത് ജോലിക്ക് പുറത്തുപോവുന്ന സ്ത്രീകളുടെ എണ്ണം കൂടി. ഒപ്പം അനീമിയ രോഗികളുടെയും. രാവിലെ വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെ ബാക്കിയെന്തെങ്കിലുമുണ്ടെങ്കില്‍ പൊതിഞ്ഞെടുക്കും. അതാണ് ഉച്ച ഭക്ഷണം. രണ്ട് ഇഡ്ഡലിയോ ഒരു ദോശയോ ഒക്കെയാവും പാത്രത്തിലുണ്ടാവുക. ഇതൊക്കെ കഴിച്ച് എങ്ങനെ സ്ത്രീകള്‍ക്ക് ആരോഗ്യം നിലനിര്‍ത്താനാകും എന്ന ധാരണ വളരെ തെറ്റാതണെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

‘പണ്ട് പെണ്‍കുട്ടികളുടെ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധയുണ്ടായിരുന്നു. ആഴ്ചയില്‍ അഞ്ചുദിവസമെങ്കിലും എള്ള് നിര്‍ബന്ധിച്ച് കഴിപ്പിക്കും. ആര്‍ത്തവകാലത്ത് തവിട് കഴിക്കാന്‍ നല്‍കും. അതേപോലെ നെല്ലിക്കയും കൂവരകുമൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ടായിരുന്നു. ഇതെല്ലാം ആവശ്യത്തിന് പ്രോട്ടീനും അയണുമെല്ലാം സ്ത്രീകള്‍ക്ക് നല്‍കി. അയണ്‍ കുറവെന്ന പ്രശ്‌നമൊന്നും അന്ന്് ആരെയും ബാധിച്ചിരുന്നില്ല- 75 വയസ്സിലെ ആരോഗ്യം നിശ്ചയിക്കുന്നത് 35 വയസ്സിലെ ഭക്ഷണമാണെന്നും മറക്കണ്ട.

പ്രോട്ടീന്‍ ഭക്ഷണം കഴിക്കാം

”മുള്ളുള്ള മീന്‍, മുളപ്പിച്ച ധാന്യങ്ങള്‍ എന്നിവ നിത്യഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തുക. മുട്ട, പാല്‍ എന്നിവയും ആവശ്യത്തിന് കഴിക്കണം. പച്ചക്കറി മാത്രം കഴിക്കുന്നവര്‍ ഏത്തപ്പഴം, ആപ്പിള്‍ എന്നിവ കഴിക്കാന്‍ ശ്രദ്ധിക്കണം. ചീര, മുരിങ്ങയില എന്നീ ഇലക്കറികളും അയണിന്റെ കലവറയാണ്.”


ദിവസം 1000-1500 മില്ലിഗ്രാം കാല്‍സ്യം അടങ്ങിയ ഭക്ഷണം സ്ത്രീ ശരീരത്തിന് ആവശ്യമുണ്ട്. പാലും പാല്‍ ഉത്പന്നങ്ങളും ഇതിന് നല്ലതാണ്. ഈസ്ട്രജന്‍ അടങ്ങിയ പയറുവര്‍ഗങ്ങള്‍, ചേന, കാച്ചില്‍ തുടങ്ങിയവയും ഭക്ഷണത്തിലുള്‍പ്പെടുത്തണം. സോയാബീനിലാണ് കൂടുതല്‍ ഈസ്ട്രജന്‍ അടങ്ങിയിട്ടുള്ളത്. ആര്‍ത്തവ വിരാമശേഷമുള്ള പല പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഭക്ഷണത്തിലെ ചിട്ട സഹായിക്കും. 60 ഗ്രാം സോയാബീന്‍സ് ദിവസവും കഴിച്ചാല്‍ ആര്‍ത്തവവിരാമശേഷമുള്ള അമിതചൂടിന് ആശ്വാസം കിട്ടുമെന്ന് പഠനങ്ങളുണ്ട്. ദിവസവും ഓരോ കാരറ്റ് കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *