അനശ്വര സംഗീതജ്ഞന്‍ ജോബ് മാസ്റ്ററുടെ മകനും അച്ഛന്‍റെ പാതയില്‍

ജോബ് മാസ്റ്ററുടെ മകന്‍ അജയ് ജോസഫ് പുതുചിത്രം കല്‍ക്കണ്ട”ത്തിലൂടെസിനിമാ സംഗീത സംവിധാന
രംഗത്തേക്ക്…


പി ആര്‍ സുമേരന്‍മലയാളികളുടെ ഹൃദയരാഗമായി മാറിയ “അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം” എന്ന ഗാനം ഒരുക്കി നമ്മെ വിസ്മയിപ്പിച്ച അനശ്വര സംഗീതജ്ഞന്‍ ജോബ് മാസ്റ്ററുടെ മകനും ശ്രദ്ധേയനായ സംഗീത സംവിധായകനുമായ അജയ് ജോസഫ് സിനിമാ സംഗീത രംഗത്തേക്ക്. അജയ് ജോസഫ് സിനിമയ്ക്ക് വേണ്ടി ആദ്യമായി ഒരുക്കിയ ‘കല്‍ക്കണ്ടം’ എന്ന ചിത്രത്തിലെ രണ്ട് ഗാനങ്ങളുടെ റെക്കോര്‍ഡിംഗ് കഴിഞ്ഞു.ഗാനങ്ങളുടെ റിലീസ് ഉടനെ നടക്കും.


ഫുള്‍മാര്‍ക്ക് സിനിമയുടെ ബാനറില്‍ നവാഗതനായ പ്രദീപ് നാരായണന്‍ (വ്യത്യസ്തമായ ജീവിതാനുഭവങ്ങളുളള മനുഷ്യരെക്കുറിച്ചുള്ള ശ്രദ്ധേയ ഡോക്യുമെന്‍ററി ‘വേറിട്ട കാഴ്ച’കളുടെ സഹസംവിധായകന്‍) സംവിധാനം ചെയ്യുന്ന ‘കല്‍ക്കണ്ടത്തിലെ’ ഗാനരചയിതാവ് റഫീക്ക് അഹമ്മദ് എഴുതിയ “ആലിന്‍കൊമ്പില്‍ കുടമണി കെട്ടിയ നാടോടിക്കാറ്റേ” എന്ന ഗാനം ആലപിച്ചത് ഗായകനും മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം നേടിയ നജീം അര്‍ഷാദാണ്. പത്രപ്രവര്‍ത്തകനും നവാഗത ഗാനരചയിതാവുമായ ഷംസുദ്ദീന്‍ കുട്ടോത്ത് എഴുതിയ “പായുന്നു മേഘം മേലേ ഓര്‍മ്മകള്‍ പോലെ” എന്ന ഗാനം ആലപിച്ചത് ഗായകന്‍ അഭിജിത്ത് കൊല്ലവുമാണ് . ഈ ഗാനങ്ങളാണ് അജയ് ജോസഫ് ‘കല്‍ക്കണ്ടത്തി’നു വേണ്ടി ഒരുക്കിയത്. ഇതോടെ അജയ് ജോസഫ് മലയാള സിനിമാ സംഗീത സംവിധാന രംഗത്തേക്ക് ചുവട് വെയ്ക്കുകയാണ്.


സംഗീത സംവിധായകന്‍റെ മകനായിട്ടും സിനിമയിലേക്ക് പ്രവേശിക്കാന്‍ കഴിയാതിരുന്നത് ആ മേഖലയിലേക്ക് ഇതുവരെ വഴി തുറന്നുകിട്ടാതിരുന്നതുകൊണ്ടാണെന്ന് അജയ് ജോസഫ് .ഇപ്പോള്‍ മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളറും എഴുത്തുകാരനുമായ ഷാജി പട്ടിക്കരയാണ് ആദ്യമായി സിനിമയില്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കാന്‍ അവസരം നല്‍കിയത്. അതില്‍ ഒത്തിരി സന്തോഷമുണ്ട്. അജയ് പറഞ്ഞു.

‘നൂറ് കണക്കിന് സംഗീത ആല്‍ബങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ച എനിക്ക് ആദ്യമായി സിനിമയില്‍ സംഗീതം ഒരുക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. സിനിമയ്ക്ക് വേണ്ടി മനോഹരങ്ങളായ രണ്ട് ഗാനങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. എന്‍റെ ഡാഡി ഒരുക്കിയ “അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം” അത്തരമൊരു ഗാനമാണ് എന്‍റെ സ്വപ്നമെന്നും അജയ് ജോസഫ് കൂട്ടിച്ചേര്‍ക്കുന്നു.

ചിത്രീകരണം പൂര്‍ത്തിയായ കല്‍ക്കണ്ടത്തിലെ ഗാനങ്ങള്‍ ഉടനെ റിലീസ് ചെയ്യും.രാജാമണി, രമേഷ് പിഷാരടി, നോബി, ഉല്ലാസ് പന്തളം, ടോഷ് ക്രിസ്റ്റി, സുന്ദര്‍ പാണ്ഡ്യന്‍, ഗൗരവ് മേനോന്‍, മാസ്റ്റര്‍ ആദിഷ് പ്രവീണ്‍, മിനോണ്‍, അശോക് കുമാര്‍, സൈമണ്‍ പാവറട്ടി, സുരഭി ലക്ഷ്മി, സ്നേഹാ ശ്രീകുമാര്‍, അക്ഷര കിഷോര്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍ .

ബാനര്‍- ഫുള്‍മാര്‍ക്ക് സിനിമ, സംവിധാനം – പ്രദീപ് നാരായണന്‍, കഥ- ആന്‍സണ്‍ ആന്‍റണി, ഷാനു സമദ്, തിരക്കഥ/ സംഭാഷണം – ഷാനു സമദ്, ഛായാഗ്രഹണം – കനകരാജ്, ഗാനരചന – റഫീക്ക് അഹമ്മദ്, ഷംസുദ്ദീന്‍ കുട്ടോത്ത്, സംഗീതം- അജയ് ജോസഫ്, കലാസംവിധാനം – ഷെബീറലി, വസ്ത്രാലങ്കാരം – രാധാകൃഷ്ണന്‍ മങ്ങാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഷാജി പട്ടിക്കര, എഡിറ്റിംഗ് – വി ടി ശ്രീജിത്ത്, സംഘട്ടനം- അഷ്റഫ് ഗുരുക്കള്‍, മേക്കപ്പ് – മണികണ്ഠന്‍ മരത്താക്കര,
പി ആര്‍ ഒ – പി ആര്‍ സുമേരന്‍ എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.

Leave a Reply

Your email address will not be published. Required fields are marked *