ഗുഡ്ബൈ പറയാ൦, ബോഡി ഷെയിമിങ്ങിനോട്

ഇന്ന് ഏറെ പരിചിതമായികഴിഞ്ഞ വാക്കാണ് ബോഡി ഷെയിംമിംഗ്. ബോഡിഷെയിമിംഗിന് ഒരിക്കലെങ്കിലും ഇരയാകേണ്ടി വന്നിട്ടില്ലാത്തവര്‍ വിരളമായിരിക്കും.

ഒരു ഉദാഹരണം നോക്കാം. നമുക്ക് ആ പെണ്‍കുട്ടിയെ എക്സ് എന്ന് വിശേഷിപ്പിക്കാം. അവളുടെ കൂട്ടുകാരെ അപേക്ഷിച്ച് അല്‍പം ഉയരക്കൂടുതല്‍ അവള്‍ക്കുണ്ടായിരുന്നു. . അവളുടെ ഉയരം കൂടുതല്‍ നിമിത്തം ചില കുട്ടികള്‍ അവളെ ജിറാഫ് എന്ന് വിളിച്ചു തുടങ്ങി.
വല്ലാത്ത അപകര്‍ഷതാബോധം അവളില്‍ നിറയാന്‍ തുടങ്ങി. വാ തോരാതെ സംസാരിച്ചിരുന്ന അവള്‍ പെട്ടന്ന് മൌനിയായി മാറി.

എക്സിന്‍റെ മാറ്റം വീട്ടുകാരെ അമ്പരിപ്പിച്ചുകളഞ്ഞു. ആദ്യമൊന്നും അവരോട് കാര്യങ്ങള്‍ തുറന്നുപറയാന്‍‌ അവള്‍ കൂട്ടാക്കിയില്ല. വീട്ടുകാരുടെ സ്നേഹത്തോടെയുള്ള നിര്‍ബന്ധത്താല്‍ അവള്‍
കൂട്ടുകാരുടെ കളിയാക്കലുകളെ കുറിച്ചും തന്നില്‍ ഉറഞ്ഞുകൂടിയ അപകര്‍ഷതാബോധത്തെയും വീട്ടുകാര്‍ മനസ്സിലാക്കി. അത് അവളുടെ തെറ്റല്ലെന്നും ഉയരം കൂടിയ പ്രതിഭകളെകുറിച്ചുമൊക്കെ ലേഖനങ്ങള്‍ കാണിച്ചു അവളെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി. വീട്ടുകാരുടെ സ്നേഹനിര്‍ഭരമായ പെരുമാറ്റത്തെ തുടര്‍ന്ന് അവള്‍ ആത്മവിശ്വാസമുള്ളവളായി മാറി അവള്‍ പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നു. ഇത് ഒരു എക്സിന്‍റെ കഥമാത്രമാല്ല ഇത്തരത്തില്‍ കളിയാക്കലുകള്‍ക്ക് വിധേയമാകുന്ന ധാരളം എക്സ്മാര്‍ നമുക്കിടയിലുണ്ട്.


ഒരാളെ കാണുമ്പോഴേ അയാളുടെ നെഗറ്റീവ് കാര്യങ്ങളെ കുറിച്ച് പറയുന്നത് ചിലരുടെ ശീലമാണ്. തന്‍റെ നെഗറ്റീവ് പരാമര്‍ശങ്ങള്‍ ആ വ്യക്തിയില്‍ എന്തുമാത്രം വേദനസൃഷ്ടിക്കുമെന്നും ഇക്കൂട്ടര്‍ ശ്രദ്ധിക്കാറില്ല. ആത്മമിത്രങ്ങളോ ബന്ധുക്കളോ തമാശരൂപേണ പറയുന്ന പലകാര്യങ്ങളും വലിയ മുറിവ്കള്‍ മനസ്സില്‍ സൃഷ്ടിച്ചേക്കാം. മനസ്സില്‍ കിടക്കുന്ന ഈ കാര്യങ്ങള്‍ സ്വന്തം ശരീരത്തെ കുറിച്ച് വെറുപ്പും സൃഷ്ടിക്കും. ഒരു കുഞ്ഞ് ജനിച്ചുകഴിഞ്ഞാല്‍ കുട്ടി വെളുത്തതോ കറുത്തതോ എന്ന് ചോദിക്കുന്നവരും കുറവല്ല. കറുത്ത കുട്ടിയാണെങ്കില്‍ അവന്‍റെ അല്ലെങ്കില്‍ അവളുടെ ജീവിതം കാലയളവ് വരെ കറുപ്പിന്‍റെ പേരില്‍ സമൂഹം വേട്ടയാടികൊണ്ടിരിക്കും.
സൌന്ദര്യത്തെകുറിച്ച് സമൂഹത്തിനുളള പൊതുബോധമാണ് ഈ കളിയാക്കലുകള്‍ക്ക് അടിസ്ഥാനം. ഒരാളുടെ ജന്മാനായുള്ള വൈരൂപ്യംവരെ കളിയാക്കലുകള്‍ക്ക് കാരണമാകാറുണ്ട്. ഒരാളുടെ ജനിതകഘടകങ്ങള്‍ മുതല്‍ പാരമ്പര്യം വരെ ശരീരആകൃതി നിയന്ത്രിക്കുന്ന ഘടകങ്ങളാണ്. വയര്‍ അല്‍പം ചാടിയാല്‍, മുടി നരച്ചാല്‍ വരെ പറയുന്ന കമന്‍റുകള്‍വരെ ബോഡിഷെയിംമിഗിന്‍റെ ഭാഗമാണ്.


കളിയാക്കി പറയുന്ന ഓരോവാക്കും ആ വ്യക്തിയില്‍ കൂരമ്പുപോലെ തറയ്ക്കും. ആ മുറിവ് അയാളില്‍ മായതെ അവശേഷിക്കും. സമൂഹം എപ്പോഴും തന്നെ പരിഹസിക്കും എന്ന ഭയം അയാളില്‍ ഉറഞ്ഞുകൂടുകയും പയ്യെ പയ്യെ അപകര്‍താബോധം തലപൊക്കി കടുത്ത വിഷാദരോഗത്തിന് അടിമയായിതീരുകയും ചെയ്യും.

ചിലരാകട്ടെ ആത്മഹത്യ ചെയ്ത് ജീവിതം അവസാനിപ്പിക്കും.
സമൂഹത്തിന്‍റെ കാഴ്ചപ്പാടുകളാണ് മാറേണ്ടത്. വെളുപ്പും തടിച്ചിരിക്കുന്നതും മെലിഞ്ഞിരിക്കുന്നതും അയാളുടെ ഇഷ്ടമാണ്. കാലഹരണപ്പെട്ട സൌന്ദര്യ സങ്കല്‍പ്പങ്ങളെ മാറ്റിവച്ച് പുതിയമാറ്റങ്ങളെ ഉള്‍കൊള്ളാന്‍ ശീലിക്കുകയാണ് നാം ഓരോരുത്തരും ചെയ്യേണ്ടത്. ശരീര സൌന്ദര്യ സങ്കല്‍പ്പങ്ങളെ അബദ്ധ ധാരണകള്‍ കുട്ടികളുടെ മനസ്സില്‍ കുത്തിനിറയ്ക്കാതെ ആത്മവിശ്വാസമുള്ള പൌരന്മാരായി അവരെ വളര്‍ത്തിക്കൊണ്ടുവരുക.

Leave a Reply

Your email address will not be published. Required fields are marked *