ആദ്യ ആര്‍ത്തവം; മകളോട് പറഞ്ഞുകൊടുക്കേണ്ട കാര്യങ്ങള്‍
ബാല്യത്തില്‍ നിന്ന് കൌമാരത്തിലേക്ക് പ്രവേശിക്കുന്ന സമയം പെണ്‍കുട്ടികള്‍ക്കും ആണ്‍ കുട്ടികള്‍ക്കും ശാരീരികമാറ്റത്തോടൊപ്പം മനസ്സും വളര്‍ച്ച പ്രാപിക്കുന്ന സമയം. ടീനേജ് കാലഘട്ടത്തില്‍ പെണ്‍കുട്ടിക്ക് അമ്മ പറഞ്ഞുകൊടുക്കേണ്ട കാര്യങ്ങളാണ് ഇന്നത്തെ ഫാമിലികൌണ്‍സിലിംഗില്‍ പ്രതിപാദിക്കുന്നത്.
പണ്ട് നമ്മുടെ നാട്ടില്‍ കൂട്ടുകുടുംബ സംബ്രദായം നിലനിന്നിരുന്നു ഇന്നാണെങ്കില്‍ അണുകുടുംബത്തിലേക്ക് നമ്മുടെ കുടുംബങ്ങള്‍ ഒതുങ്ങിപ്പോയി. അന്നക്കെ മുത്തശ്ശി കൊച്ചുമക്കള്‍ക്ക് അനുഭവസമ്പത്ത് കൈമാറിയിരുന്നു. ഇന്ന് അത് സാധ്യമല്ല.
അച്ഛനും അമ്മയും ജോലി ചെയ്താല്‍ മാത്രമേ ഒരു കുടുംബം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കു. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന സമയത്ത് കുട്ടികളുടെ അടുത്ത് സമയം ചെലവഴിക്കാന്‍ കിട്ടുന്ന സമയം കുറച്ചുമാത്രമായിരിക്കും.
ആർത്തവത്തെ കുറിച്ചുള്ള കാര്യങ്ങൾ വിശദീകരിക്കുക എന്നത് അമ്മമാരെ സംബന്ധിച്ചിടത്തോളം അവതരിപ്പിക്കാൻ ഏറ്റവും വിഷമകരമായ ഒരു വിഷയമാണ്. തങ്ങളുടെ കുട്ടിയുടെ ആദ്യ ആർത്തവത്തെ ധൈര്യപൂർവ്വം നേരിടുന്നതിന് അവരെ തയ്യാറെടുപ്പിക്കാനായി നിങ്ങൾക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് കണ്ടെത്താം.
ആർത്തവത്തെ കുറിച്ചുള്ള വസ്തുതകളും നിർദ്ദേശങ്ങളുമെല്ലാം ഒറ്റയടിക്ക് അവരെ പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ട ഒന്നല്ല. പകരം, സംഭാഷണങ്ങളുടെ പരമ്പര തയ്യാറാക്കുക. നിങ്ങളുടെ കുട്ടി ആർത്തവത്തെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുമ്പോഴും സംശയങ്ങളും ഉന്നയിക്കുമ്പോഴും യാതൊരു മടിയും കൂടാതെ തുറന്നും സത്യസന്ധമായും ഉത്തരം നൽകുക. ഇക്കാര്യങ്ങൾ തിരിച്ചറിയേണ്ട പ്രായമായിട്ടും കുട്ടി നിങ്ങളോട് ഇതേപ്പറ്റി ചോദ്യങ്ങൾ ചോദിക്കാൻ മുതിരുന്നില്ലെങ്കിൽ, ആർത്തവത്തെക്കുറിച്ചുള്ള കാര്യങ്ങളെപ്പറ്റി സംസാരിച്ചു തുടങ്ങേണ്ടത് നിങ്ങളാണ്.
പെൺകുട്ടിയുടെയും ജീവിതത്തിൽ ആർത്തവം ഏതാണ്ട് 12-13 വയസ്സിൽ ആരംഭിക്കുന്നു. എന്നാൽ ചിലരിൽ 8 വയസ്സ് പ്രായമുള്ളപ്പോൾ തുടങ്ങി ആർത്തവം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഈ ചെറിയ പ്രായത്തിൽ നമ്മുടെ കുട്ടികൾക്ക് ഇതിനെപ്പറ്റി യാതൊരു ധാരണയും ഉണ്ടാകാൻ സാധ്യതയില്ലാത്തതിനാൽ ഈ വിഷയം അവരുമായി നേരത്തെ തന്നെ ചർച്ച ചെയ്യേണ്ടതും അവരെ അതിനായി ഒരുക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
ആദ്യ ആർത്തവം എപ്പോൾ സംഭവിക്കുമെന്ന് ആർക്കും കൃത്യമായി പറയാൻ കഴിയില്ല. എന്നിരുന്നാലും, സാധാരണ ഗതിയിൽ സ്തനങ്ങൾ വികസിക്കാൻ തുടങ്ങി ഏകദേശം രണ്ട് വർഷത്തിനുള്ളിൽ ആർത്തവം ആരംഭിക്കുന്നു.
പൊതുവേ ആദ്യത്തെ ആർത്തവങ്ങൾ അനായാസമായ ഒന്നായിരിക്കും. ഇത് രക്തത്തിന്‍റെ ഏതാനും പാടുകൾ മാത്രമേ അവശേഷിപ്പിക്കുകയുള്ളൂ. അതുകഴിഞ്ഞുള്ള ആർത്തവം സാധാരണഗതിയിൽ മൂന്ന് മുതൽ അഞ്ച് ദിവസം വരെ നീണ്ടുനിൽക്കും പല സാഹചര്യങ്ങളിലും രണ്ട് മുതൽ ഏഴ് ദിവസം വരെ നീണ്ടു നിൽക്കാനും സാധ്യതയുണ്ട്.
ഋതുമതിയായി മാറുന്നതുമായി ബന്ധപ്പെട്ട് ഒരു പെൺകുട്ടിയുടെ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ ചിലപ്പോൾ പലപ്പോഴും അവരെ അല്പം ഭയപ്പെടുത്തുന്നതായിരിക്കാം. കുട്ടികള്‍ക്ക് ഉണ്ടാകുന്ന ശാരിരീകമാറ്റം അവളെ പറഞ്ഞ് മനസ്സിലാക്കികൊടുക്കേണ്ടത് അമ്മയുടെ കടമയാണ്. കഴിഞ്ഞ ദിവസം വരെ അള്‍ കുഞ്ഞു കുട്ടിയായിരുന്നെങ്കില്‍ ഇന്ന് അവള്‍ മുതിര്‍ന്ന കുട്ടിയായി മാറാന്‍ തുടങ്ങിയിരിക്കുന്നു. ആർത്തവത്തെക്കുറിച്ച് ആശങ്ക തോന്നുന്നത് സാധാരണമാണെന്നും അതിൽ പേടിക്കേണ്ട കാര്യമൊന്നുമില്ലെന്നും കുട്ടിയെ ഓർമിപ്പിക്കുക. ധൈര്യപൂർവ്വമായും സന്തോഷം നിറഞ്ഞ മനസ്സോടെയും ഓരോ ആർത്തവത്തെയും സ്വാഗതമരുളാന്‍ നിങ്ങളുടെ കുട്ടിയെ പരിശീലിപ്പിക്കുക
ആര്‍ത്തവത്തെ കുറിച്ച് മനസ്സിലാക്കുന്നതോടൊപ്പം പാഡ് യൂസ് ചെയ്യാനും കുട്ടിയെ പറഞ്ഞു മനസ്സിലാക്കുക. ഒരോ നാല് മണിക്കൂര്‍ കൂടുമ്പോഴും പാഡ് മാറ്റാന്‍ കുട്ടിയെ ശീലിപ്പിക്കുക. സ്കൂളില്‍ പോകുമ്പോള്‍ പീരിഡ്സ് ആകുന്ന ഡേറ്റ് ഓര്‍മയില്‍വെച്ച് പാഡ് ബാഗില്‍ കരുതുവാന്‍ കുട്ടിയെ ഓര്‍മ്മിപ്പിക്കേണ്ടത് നിങ്ങളുടെ കടമായാണ്
കലണ്ടറിലോ അല്ലെങ്കിൽ സ്മാർട്ട്ഫോൺ അപ്ലിക്കേഷൻ ഉപയോഗിച്ചുകൊണ്ടോ അവളുടെ പിരീഡുകൾ എങ്ങനെ ട്രാക്കു ചെയ്യാമെന്ന് നിങ്ങളുടെ കുട്ടിയെ പഠിപ്പിക്കുക. അങ്ങനെയെങ്കിൽ തന്‍റെ അടുത്ത ആർത്തവം എപ്പോൾ ആരംഭിക്കുമെന്ന് നിങ്ങളുടെ കുട്ടിക്ക് നേരത്തേ മനസ്സിലാക്കാന്‍ സാധിക്കും.
ശരീരഭാഗങ്ങളില്‍ ഉണ്ടാകുന്ന രോമവളര്‍ച്ചയും അവയവ വളര്‍ച്ചയും പറഞ്ഞു മനസ്സിലാക്കുക. സമയം കിട്ടുമ്പോഴൊക്കെ കുട്ടിയുമായി ആശയവിനിമയം നടത്തുക. ഈസ്ട്രജന്‍ ഹോര്‍മോണ്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത് കൌമാരകാലഘട്ടത്തിലാണ്. കുട്ടിയുടെ അടുത്ത് സമയം ചെലവഴിക്കേണ്ടത് അത്യാവശ്യമാണ്. ഈ സമയത്ത് ചിലപ്പോള്‍ കുട്ടി ഗ്ലൂമിയാകാനും റിബല്‍ ചിന്താഗതിയും ഉണ്ടാകാനും സാധ്യതയുണ്ട്. എന്തിനും ഏതിനും അമ്മ കൂടെയുണ്ട് എന്ന മനോധൈര്യം കുട്ടിയില്‍ ഉണ്ടാക്കികൊണ്ടുവരണം. കുട്ടിക്ക് ഏതുകാര്യവും മടുകൂടാതെ തുറന്നുപറയാനുള്ള അവസരം ഇതു വഴി ഉണ്ടാകുന്നു.
നിങ്ങളുടെ കുട്ടിയുടെ സുഹൃത്തുക്കൾ ആർത്തവമുണ്ടാകുമ്പോൾ അല്ലെങ്കിൽ അവരുടെ കാലഘട്ടങ്ങൾ തന്‍റേതില്‍ നിന്ന് വ്യത്യസ്തമാണെന്ന തോന്നൽ അവൾക്ക് ഉണ്ടാകുമ്പോൾ അതോർത്ത് വിഷമിക്കേണ്ടതില്ലെന്ന് നിങ്ങളുടെ കുട്ടിയെ ഓർമ്മിപ്പിക്കുക. ആർത്തവവും, അതിന്‍റെ കാലചക്രവും മാറ്റങ്ങളുമെല്ലാം ഉൾപ്പടെ ഓരോ വ്യക്തിക്കും ഓരോ മാസത്തിനും വ്യത്യാസമുണ്ടാകുമെന്ന് വിശദീകരിക്കുക.
നിങ്ങളുടെ കുട്ടിക്ക് സ്കൂളിൽ നിന്നും ലഭിക്കുന്ന പാഠങ്ങളോടൊപ്പം ആരോഗ്യ കാര്യങ്ങളും ലൈംഗിക വിദ്യാഭ്യാസവും വേണ്ട രീതിയിൽ പകർന്നു കൊടുക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങൾ ഇക്കാര്യങ്ങൾ സംസാരിച്ചു തുടങ്ങുമ്പോൾ കുട്ടി പ്രതിരോധിക്കുവാനും പിന്തിരിയാനും ശ്രമിക്കുന്നുവെങ്കിൽ കൂടി നിങ്ങളുടെ ശ്രമങ്ങൾ ഉപേക്ഷിക്കരുത്.