ഐ പി എൽ: ഹൈദരാബാദിന് ആദ്യ ജയം
ഐ പി എല്ലിൽ തുടർച്ചയായ രണ്ട് തോൽവിക്ക് ശേഷം സൺറൈസേഴ്സ് ഹൈദരാബാദിന് ആദ്യ ജയം. തുടർച്ചയായ മൂന്നാം ജയം തേടിയിറങ്ങിയ ഡൽഹി ക്യാപ്പിറ്റൽസിനെ 15 റൺസിനാണ് ഡേവിഡ് വാർനറും സംഘവും പരാജയപ്പെടുത്തിയത്. ഡൽഹിയുടെ ആദ്യ തോൽവിയുമാണിത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് പതുക്കെയാണ് ഇന്നിംഗ്സ് മുന്നോട്ട് നീക്കിയത്. വിക്കറ്റ് നഷ്ടപ്പെടുത്താതെ ഡേവിഡ് വാർനറും ജോണി ബെയർസ്റ്റോയും സ്കോർബോർഡ് ചലിപ്പിച്ചു. സ്കോർ 77 ൽ നിൽക്കെ വാർനറെ(45) നഷ്ടപ്പെട്ടു. എന്നാൽ ബെയർസ്റ്റോയും(53) കെയ്ൻ വില്യംസണും(41)ചേർന്ന് ഹൈദരാബാദിനെ ഭേദപ്പെട്ട ടോട്ടലിൽ എത്തിച്ചു. 162/4.
മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് ആദ്യ ഓവറിൽ തന്നെ പൃഥ്വി ഷായെ നഷ്ടമായി. ശിഖാർ ധവാൻ, ഋഷഭ് പന്ത്, ഷിമ്രോൺ ഹെറ്റ്മേയർ എന്നിവർക്ക് മാത്രമാണ് ഡൽഹി നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഹൈദരാബാദ് ഡൽഹിയെ സമ്മർദ്ദത്തിലാക്കി. ഒടുവിൽ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എടുക്കാനേ ഡൽഹിക്ക് സാധിച്ചുള്ളൂ. മൂന്ന് വിക്കറ്റ് വീഴ്ത്തിയ റഷീദ് ഖാനാണ് ഹൈദരാബാദിൻ്റെ ബൗളിംഗ് നിരയിൽ തിളങ്ങിയത്