ഒരാളെ പേടിയിൽ ജീവിക്കാൻ തള്ളി വിടുമ്പോൾ ലഭിക്കുന്നത് ഏത് തരം സന്തോഷമാണെന്ന് പാർവ്വതി തിരുവോത്ത്

മലയാള സിനിമയിൽ തന്റെ നിലപാടുകൾ ഉറക്കെ പറഞ്ഞതിന്റേയും പങ്കുവെച്ചതിന്റേയും പേരിൽ ഏറ്റവും കൂടുതൽ സൈബർ അതിക്രമണം നേരിടേണ്ടി വന്ന താരമാണ് നടി പാർവ്വതി തിരുവോത്ത്. നടിയുടെ ചിത്രങ്ങൾക്കെതിരെ പോലും ഹെയ്റ്റ് ക്യാമ്പെയ്നുകൾ ഒരുകാലത്ത് ശക്തമായിരുന്നു.ഇപ്പോഴിതാ ഇത്തരത്തിൽ സൈബർ ഇടങ്ങളിൽ നേരിടേണ്ടി വന്ന അതിക്രമങ്ങൾക്കെതിരെ തുറന്ന് സംസാരിക്കുകയാണ് പാർവ്വതി. സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യു സി സി ‘റെഫ്യൂസ് ദ അബ്യൂസ്’ ക്യാമ്പെയ്ന്റെ ഭാഗമായാണ് നടി പ്രതികരിച്ചത്. സൈബർ അബ്യുസിനെക്കുറിച്ചുള്ള പൊതുബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഡബ്ല്യുസിസി റഫ്യൂസ് ദ അഭ്യൂസ് ക്യാമ്പെയ്ന് തുടക്കം കുറിച്ചത്. ക്യാമ്പെയ്ന്റെ ഭാഗമായി നിരവധി താരങ്ങൾ തങ്ങളുടെ നിലപാട് വ്യക്തമാക്കി ഡബ്ല്യുസിസിയുടെ പേജിൽ പങ്കുവെച്ചിരുന്നു.

വീഡിയോയിൽ പാർവതി പറയുന്നത് ഇങ്ങനെ,

‘എല്ലാവർക്കും നമസ്കാരം, എന്റെ പേര് പാർവതി തിരുവോത്ത്. ഞാൻ സിനിമയിൽ വന്ന് 15 വർഷമാകുന്നു. സോഷ്യൽ മീഡിയയിൽ ജോയിൻ ചെയ്ത് ഏറെക്കുറെ 10 വർഷമാകുന്നു. എന്റെ സിനിമകൾക്ക് എത്രത്തോളം അംഗീകാരങ്ങൾ കിട്ടിക്കൊണ്ടിരുന്നോ അതേ അളവിൽ തന്നെ സോഷ്യൽ മീഡിയയിൽ എല്ലാവരും പ്രേക്ഷകരുമായിട്ടുള്ള എൻഗേജ്മെന്റ് കൂടിക്കൊണ്ട് തന്നെയിരുന്നു. അതിൽ വളരെ പോസിറ്റീവ് ആയിട്ടുള്ള എല്ലാ കമന്റ്സിനും മെസേജിനും ഒക്കെ റെസ്പോൺസ് ചെയ്യാൻ ഒരുപാട് ആഗ്രഹിക്കാറുണ്ട്. അത് എൻജോയ് ചെയ്യാറുണ്ട്. പക്ഷേ, അത് പോലെ തന്നെ എന്റെ വ്യക്തിപരമായിട്ടുള്ള രാഷ്ട്രീയപരമായിട്ടുള്ള നിലപാടുകൾ ഞാൻ പങ്കു വയ്ക്കുമ്പോൾ ട്രോളിംഗും സൈബർ അബ്യൂസും സൈബർ ബുള്ളിയിംഗും ഞാൻ നേരിടാറുണ്ട്. ഈ അനുഭവത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയത് അല്ലെങ്കിൽ മനസ്സിലാക്കി കൊണ്ടിരിക്കുന്നത്

ഒരു ഫിസിക്കൽ അറ്റാക്ക് ആകുമ്പോൾ ആ മുറിവുകൾ നമ്മുടെ ദേഹത്ത് കാണാൻ കഴിയുമെന്നതാണ്. പക്ഷേ, സൈബർ ബുള്ളിയിംഗിന്റെ മുറിവുകൾ നമുക്ക് വ്യക്തമായി പുറത്ത് കാണാൻ കഴിയാത്തതാണ്. അതുകൊണ്ടു തന്നെ അതിനെപ്പറ്റി നമ്മൾ കൂടുതൽ ബോധവാൻമാർ ആകേണ്ടതാണ്. കാര്യം ഒരു വ്യക്തിയെ ഭീതിയിൽ അല്ലെങ്കിൽ ഭയത്തിൽ ജീവിക്കാൻ പുഷ് ചെയ്യുന്ന തരത്തിലുള്ള നമ്മുടെ ബിഹേവിയർ എന്താണെന്നുള്ളത് അത് ചെയ്യേണ്ട ആവശ്യമുണ്ടോ അതിൽ നിന്ന് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്നത് സ്വയം ചോദിച്ചു മനസ്സിലാക്കേണ്ട ഒരു കാര്യമാണ്.

ഞാൻ നിങ്ങൾ എല്ലാവരോടും അത് ആരു തന്നെയായാലും അത് പുരുഷൻമാർ എന്ന് മാത്രമല്ല, ആരു തന്നെയായാലും നിങ്ങൾ അങ്ങനെ ചെയ്യുന്നുണ്ടോ അറിഞ്ഞും അറിയാതെയും. നിങ്ങൾ അതിനെപ്പറ്റി ചിന്തിക്കണം എന്ന് ഞാൻ റിക്വസ്റ്റ് ചെയ്യുകയാണ്. അതുപോലെ തന്നെ നിങ്ങളിത് നേരിടുകയാണെങ്കിൽ നിങ്ങൾക്ക് അവകാശങ്ങളുണ്ട്. അവകാശങ്ങൾ നിയമപരമായി പൂർണമായ തരത്തിൽ നമ്മളെ സംരക്ഷിക്കുന്നത് അല്ലെങ്കിലും, അതിലേക്ക് എത്തിക്കാനുള്ള പ്രാപ്തിയും അവകാശവും നമ്മൾക്കുണ്ട്. അതിലുപരി പൗരൻമാരെന്ന നിലയിൽ ഒരു കടമയാണ് നമ്മളുടെ. അതുപോലെ തന്നെ അതിലേക്ക് ചേർന്നു തന്നെ ഇത്തരം സൈബർ ബുള്ളിയിംഗുകളെ റെഫ്യൂസ് ചെയ്യണം.

നമുക്ക് പുറമേ കാണാൻ കഴിയാത്ത മുറിവുകൾ മനസിന്റെ ഘടനയെ തന്നെ മാറ്റിമറിക്കുന്നതാണ്. നമുക്ക് കാണാൻ പറ്റുന്ന ഫിസിക്കലായ മുറിവുകളെ പോലെ തന്നെ കാണേണ്ടതാണ്. അതുകൊണ്ട് റെഫ്യൂസ് ദ അബ്യൂസ്. ഇത് നിങ്ങളുടെ കൈകളിലാണ്. സൈബർ ബുള്ളിയിംഗുകളോട് നോ പറയുക.’

Leave a Reply

Your email address will not be published. Required fields are marked *