ഓണാട്ടുകര മീന്‍ മുളക് കറി

സലീന ഹരിപ്പാട്

തേങ്ങ അരക്കാതെ പൊടികള്‍മാത്രം വഴറ്റി ഉണ്ടാക്കുന്ന മീന്‍ കറി ഓണുകരക്കാരുടെ മാത്രം പ്രത്യേകതയാണ്. അത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്ക് നോക്കാം.

ദശകട്ടിയുള്ള മീന്‍ ഒരു കിലോ
ചെറിയ ഉള്ളി- ആറെണ്ണം
വെളുത്തുള്ളി അഞ്ച് അല്ലി
ഇഞ്ചി ചെറിയ പീസ്
പച്ചമുളക് 3 എണ്ണം
കറിവേപ്പില ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി അര ടിസ്പൂണ്‍
മല്ലിപ്പൊടി 2 ടേബിള്‍ സ്പൂണ്‍
കാശ്മീരി മുളക്പൊടി 4 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി 1 ടിസ്പൂണ്‍
ഉലുവപൊടി കാല്‍ ടി സ്പൂണ്‍
കായം ആവശ്യത്തിന്
കുടംപുളി ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം


മീന്‍ കറി വെയ്ക്കുന്ന ചട്ടി സ്റ്റൌവില്‍ വയ്ക്കുക. ചട്ടി ചൂടാകുമ്പോള്‍ മഞ്ഞള്‍പ്പൊടി ചൂടാക്കുക. ചെറിയ തീയില്‍ ചൂടാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പൊടികള്‍ കരിഞ്ഞുപോയാല്‍ കറിക്ക് ടേസ്റ്റ് ഉണ്ടാകില്ല. മഞ്ഞള്‍പൊടി മറ്റ് പൊടിയേക്കാളും മൂത്തുവരാന്‍ താമസമാണ് അതുകൊണ്ടാണ് നമ്മള്‍ മഞ്ഞള്‍ ആദ്യം ചൂടാക്കാന്‍ ഇട്ടത്. മഞ്ഞള്‍ ഒന്നു മൂത്തു എന്ന് തോന്നിയാല്‍ കായം ഒഴികെയുള്ള മറ്റ് പൊടികളെല്ലാം ഇട്ട് ഇളക്കികൊണ്ടിരിക്കുക. പൊടികളുടെ പച്ചമണം മാറുന്നതുവരെ വഴറ്റിക്കൊണ്ടിരിക്കുക.പൊടികള്‍ നന്നായി മൂത്തെന്നു തോന്നുമ്പോള്‍ നന്നായി ഉണങ്ങിയ പാത്രത്തിലേക്ക് മാറ്റുക.

ചട്ടിയില്‍ അല്‍പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടായതിന് ശേഷം അല്‍പം കടുകിട്ട് പൊട്ടിക്കുക. ചതച്ചുവെച്ച് ഇഞ്ചി വെളുത്തുള്ളി എന്നിവ എണ്ണയിലേക്ക് ഇട്ടുകൊടുക്കാം. പച്ചമണം മാറുമ്പോള്‍ ഉള്ളി ചതച്ചത് പച്ചമുളക് എന്നിവ എണ്ണയിലേക്ക് ഇട്ട് വഴറ്റുക

അതൊന്നു വഴന്ന് വരുമ്പോള്‍ നമ്മള്‍ നേരത്തെ തയ്യാറാക്കിവച്ച പൊടികളും ഇട്ട് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വഴറ്റുക. ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം ചെറിയ തീയില്‍ മാത്രമേ പാചകം ചെയ്യാവൂ. മസാല തയ്യാറായതിന് ശേഷം ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് തീ അല്‍പം കൂട്ടി വയ്ക്കുക.

ചാറ് തിളച്ചുവരുമ്പോള്‍‌ വൃത്തിയാക്കിയ മീന്‍ കഷ്ണങ്ങള്‍ ഇട്ടുകൊടുക്കാം.ഒന്ന് ഇളക്കികൊടുത്തതിന് ശേഷം ചെറിയ തീയില്‍ വേവിക്കുക. വേപ്പില ഇട്ടതിന് ശേഷം അടച്ചുവെയ്ക്കുക.20 മിനിറ്റുള്ളില്‍ കറി റെഡി. കറി റെഡിയാകുമ്പോള്‍ അല്‍പം കായപ്പൊടി ചേര്‍ത്ത് ഇറക്കിവയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *