കണ്ണിന് കൊടുക്കല്ലേ എട്ടിന്‍റെ പണി…
വിവരങ്ങള്‍ക്ക് കടപ്പാട് : ഡോ. ആര്‍ഷ മഹേഷ്
ലോക്ഡൗണ്‍ തുടങ്ങിയതോടെ വിശ്രമമില്ലെന്ന പരാതി ആര്‍ക്കും അധികമുണ്ടാകാന്‍ വഴിയില്ല. എന്നാല്‍ ഒന്നു ചിന്തിച്ചുനോക്കൂ ഈയ്യിടെയായി ശരിക്കും വിശ്രമമില്ലാതായത് നമ്മുടെ കണ്ണുകള്‍ക്കല്ലേ. പലരും കിട്ടുന്ന സമയത്തിന്‍റെ ഭൂരിഭാഗവും ഫോണിലും കമ്പ്യൂട്ടറിലും ടിവിയിലും കണ്ണുംനട്ടിരിപ്പാണ്. കണ്ണില്ലാതായാലേ കണ്ണിന്‍റെ വിലയറിയൂവെന്ന് പഴമക്കാര്‍ പറയുന്നത് എത്ര ശരിയാണെന്നോ. അതുകൊണ്ട് കണ്ണിന് പണി കൊടുക്കാതെ ഈ കാര്യങ്ങള്‍ അല്പം ശ്രദ്ധിച്ചോളൂ…
മൊബൈല്‍ഫോണിന്‍റെ അമിതമായ ഉപയോഗം കണ്ണിനെ മാത്രമല്ല ബുദ്ധിവികാസത്തെപ്പോലും സാരമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ സമയം ഒരു സ്‌ക്രീനിലേക്ക് നോക്കുന്നത് കണ്ണിന്റെ പേശികള്‍ക്ക് ഒട്ടും നല്ലതല്ല. ഇമ വെട്ടാതെയുളള ഇത്തരം നോട്ടങ്ങള്‍ കണ്ണിന് ക്ഷീണമുണ്ടാക്കും. മാത്രമല്ല ഇത് കണ്ണുവേദന, കണ്ണ് ചൊറിച്ചില്‍, കാഴ്ച മങ്ങല്‍, തലവേദന, തലകറക്കം എന്നീ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. കഴിയുന്നതും 25 സെന്റീമീറ്ററില്‍ കൂടുതല്‍ അകലത്തില്‍ മൊബൈല്‍ ഫോണ്‍ പിടിക്കാന്‍ ശ്രദ്ധിക്കുക.
കമ്പ്യൂട്ടറും ലാപ്‌ടോപ്പുമെല്ലാം ഉപയോഗിക്കുമ്പോള്‍ പ്രകാശം തീരെ കുറയാതെയും വല്ലാതെ കൂടാതെയും സെറ്റ് ചെയ്യാന്‍ ശ്രദ്ധിക്കണം. ഒരു കൈ നീളത്തിലെങ്കിലും സ്‌ക്രീനുമായി അകലം പാലിക്കാം. പറ്റുമെങ്കില്‍ ഫില്‍ട്ടര്‍ ഗ്ലാസ് ഉപയോഗിക്കുക. ഡോക്യുമെന്റുകള്‍ കണ്ണിന് നേരെ മുമ്പില്‍ വയ്ക്കാതിരിക്കുക.
കണ്ണുകള്‍ ഇടയ്ക്കിടെ ചിമ്മുന്നത് ശീലമാക്കാവുന്നതാണ്. ഇത് കണ്ണിന് വിശ്രമം കൂടി നല്‍കും. സാധാരണ വായന 16 ഇഞ്ചും കമ്പ്യൂട്ടര്‍ നോക്കുമ്പോള്‍ 20-26 ഇഞ്ചും ദൂരത്തില്‍ ആയിരിക്കണം. തുടര്‍ച്ചയായി സ്‌ക്രീനില്‍ നോക്കിയിരിക്കാതെ ഇടയ്ക്കിടെ കണ്ണടച്ച് കണ്ണിലെ ഈര്‍പ്പം നിലനിര്‍ത്തണം. കമ്പ്യൂട്ടര്‍ മുറികളില്‍ സ്വാഭാവിക വെളിച്ചം ഉണ്ടായിരിക്കണം. കൈകള്‍ കൂട്ടിത്തിരുമ്മി കണ്ണിന് ഇളം ചൂട് നല്‍കാം. മോണിറ്റര്‍ അല്പം ചരിച്ച് പുസ്തകം വായിക്കുമ്പോളുളളതുപോലെ വയ്ക്കാം.
സാധാരണയായി കണ്ണുകള്‍ മിനിറ്റില്‍ 15 പ്രാവശ്യം തുറന്നടയേണ്ടതാണ്. എന്നാല്‍ കമ്പ്യൂട്ടറില്‍ മുഴുകിയിരിക്കുമ്പോള്‍ ഇതിന്‍റെ തോത് കുറയുകയും കണ്ണില്‍ ശരിയായ രീതിയില്‍ കണ്ണുനീര്‍ വ്യാപിക്കാതിരിക്കുകയും കണ്ണില്‍ വരള്‍ച്ച, തലവേദന, കണ്ണുവേദന തുടങ്ങിയവ ഉണ്ടാവും.
ത്രിഫല ഇട്ട് തിളപ്പിച്ച വെളളം കൊണ്ട് കണ്ണ് കഴുകുന്നത് ഏറെ നല്ലതാണ്. ത്രിഫല ഒരു ടീസ്പൂണ്‍, അര ടീസ്പൂണ്‍ നെയ്യ്, കാല്‍ ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് രാത്രി കിടക്കാന്‍ നേരം കഴിക്കുന്നത് കണ്ണിന് നല്ലതാണ്. കണ്ണുകള്‍ക്കുണ്ടാകുന്ന ആയാസവും തളര്‍ച്ചയും മാറ്റാവുന്ന പ്രത്യേക വ്യായാമങ്ങളും ചെയ്യാവുന്നതാണ്.
തയ്യാറാക്കിയത് സൂര്യ സുരേഷ്