കുടംപുളിയുടെ ഔഷധഗുണങ്ങൾ
കുടംപുളി, പിണം പുളി, തോട്ടു പുളി എന്നെല്ലാം പേരുള്ള ഈ പുളിയുടെ ഉപയോഗങ്ങൾ ഏറെയാണ്.മീൻ കറിയിലെ താരമായ ഇതിന് ഒരുപാട് ഔഷധഗുണങ്ങൾ ഉണ്ട്.കുടംപുളി കഷായം വാതത്തിനും, ഗർഭാശയരോഗങ്ങൾക്കുമുള്ള ഔഷധമാണ്. കഫം, അതിസാരം എന്നിവയ്ക്കുള്ള ഔഷധമായും കുടംപുളി ഉപയോഗിക്കുന്നു. ദഹനപ്രകൃയ ത്വരിതപ്പെടുത്തുന്നതിലും ഇതിന് പങ്കുണ്ട്. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനും കുടംപുളി നല്ലതാണ്. പുളിലേഹ്യത്തിലെ ഒരു ഘടകമാണ് കുടംപുളി.
തൈകൾ പറിച്ചെടുത്തു വളർത്തിയോ, വിത്തുപാകിയോ കുടംപുളി വളർത്തിയെടുക്കാം. തൈകൾ വളർന്നു കായ്ച്ചു മരമാകാൻ 8 – 10 വർഷമെങ്കിലും എടുക്കും. 10% മരങ്ങൾ ആൺ മരങ്ങളായിരിക്കും. കുടംപുളിയുടെ കായകൾ പഴുത്ത് കഴിയുമ്പോൾ പിളർത്തി അതിലെ വിത്തിനെ പൊതിഞ്ഞിരിക്കുന്ന മാംസള ഭാഗവും, വിത്തും മാറ്റി തോട് ഉണക്കിയെടുത്തും, അല്ലാതെയും കറികളിൽ ഉപയോഗിക്കുന്നു.
പൊതുവേ ആഗസ്റ്റ് മാസങ്ങളിലാണ് ഇത് കായ്ച്ചു കാണാറുള്ളത്. കുടംപുളിയുടെ അകത്തുള്ള വിത്തിനെ പൊതിഞ്ഞിരിക്കുന്ന മാംസള ഭാഗം ഭക്ഷ്യയോഗ്യമാണ്. ഇത് കഴിക്കുന്നത് ഉദര ശുദ്ധിക്ക് നല്ലതാണ്.